ഉയര്‍ത്തെഴുന്നേറ്റ് വസുന്ധര

Posted on: 09 Dec 2013

ജയ്പുര്‍ : അഞ്ചുവര്‍ഷം മുമ്പത്തെ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയിലെ ഉള്‍പ്പോരുമൂലം തോല്‍ക്കേണ്ടിവന്ന വസുന്ധര രാജെയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് രാജസ്ഥാനിലെ വിജയം.

ഗ്വാളിയോറിലെ സിന്ധ്യരാജകുടുംബത്തില്‍ നിന്ന് രാജസ്ഥാന്റെ മരുമകളായെത്തിയ വസുന്ധര ഒരുഘട്ടത്തില്‍ പാര്‍ട്ടി വിടുമെന്നുവരെ ഭീഷണിമുഴക്കിയിരുന്നു. എന്നാല്‍, നരേന്ദ്രമോദിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള വരവും വസുന്ധരയ്ക്കുവേണ്ടി അദ്ദേഹം നിലകൊണ്ടതും കാര്യങ്ങള്‍ അവര്‍ക്കനുകൂലമാക്കി. മോദിയാണ് രാജസ്ഥാനിലെ വിജയത്തിന് പിന്നിലെ മുഖ്യഘടകമെന്നാണ് വിജയശേഷം വസുന്ധര പ്രതികരിച്ചത്. കോണ്‍ഗ്രസ്സിന്റെ ഭരണമില്ലായ്മയില്‍ മടുത്തിരുന്ന രാജസ്ഥാനിലെ ജനം, മോദി ഗുജറാത്തില്‍ നടത്തിയ വികസനം കണ്ടാണ് ബി.ജെ.പി.ക്ക് വോട്ടുചെയ്തതെന്ന് വസുന്ധര പറഞ്ഞു.

മുപ്പതുകൊല്ലമായി രാഷ്ട്രീയത്തില്‍ സജീവമാണ് ഈ അറുപതുകാരി. സ്വന്തം വ്യക്തിത്വവും ഇച്ഛാശക്തിയും കൊണ്ട് രാജസ്ഥാനിലെ ശക്തരായ നേതാക്കളില്‍ ഒരാളും പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി അംഗവുമായി വളര്‍ന്നു.

ബി.ജെ.പി.യുടെ സ്ഥാപക നേതാക്കളിലൊരാളായ വിജയരാജെ സിന്ധ്യയുടെ മകളും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മാധവ്‌റാവു സിന്ധ്യയുടെ സഹോദരിയുമാണ് വസുന്ധര. മുംബൈ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദം നേടി.

1984-ല്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗമായി. പിറ്റേവര്‍ഷം രാജസ്ഥാനിലെ യുവമോര്‍ച്ച വൈസ് പ്രസിഡന്‍റും നിയമസഭാംഗവുമായി. അവിടെനിന്ന് രാജസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന പദംവരെയെത്തി. 2003-ലായിരുന്നു അത്. 200 അംഗ നിയമസഭയില്‍ 120 സീറ്റെന്ന തിളങ്ങുന്ന വിജയമാണ് വസുന്ധരയുടെ നേതൃത്വത്തില്‍ അന്ന് പാര്‍ട്ടി നേടിയത്. ഗുജ്ജറുകളെയും മീണകളെയും തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ 2008-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തോറ്റു. പ്രതിപക്ഷനേതാവായിരുന്ന വസുന്ധരയ്ക്ക് 2010-ല്‍ ആ പദവി ഒഴിയേണ്ടിവന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കേറ്റ കനത്ത തോല്‍വിയായിരുന്നു കാരണം.

അമ്മയെപ്പോലെ ഹിന്ദുത്വത്തിന്റെ വക്താവാണെങ്കിലും സര്‍ക്കാര്‍ കാര്യങ്ങളില്‍ ആര്‍.എസ്.എസ്സിനെ ഒരുകൈയകലത്തില്‍ നിര്‍ത്തുന്ന സ്വഭാവമാണ് വസുന്ധരയ്ക്ക്. പാര്‍ട്ടിയുടെ അവഗണന നേരിട്ട് കാര്യമായ ചുമതലകളില്ലാതെ മാറിനിന്നിരുന്ന അവര്‍ കഴിഞ്ഞവര്‍ഷമാണ് ശക്തമായി തിരിച്ചുവന്നത്. ആര്‍.എസ്.എസ്സിന്റെ ഇഷ്ടക്കാരനായിരുന്ന ഗുലാബ് ചന്ദ് കടാരിയയെ മൂലയ്ക്കിരുത്തുന്നതില്‍ അവര്‍ വിജയിച്ചു. കടാരിയയെക്കാള്‍ വ്യക്തിപ്രഭാവമുള്ളത് വസുന്ധരയ്ക്കാണെന്ന് മനസ്സിലാക്കി പാര്‍ട്ടി എം.എല്‍.എ.മാരില്‍ ഭൂരിഭാഗവും അവര്‍ക്കൊപ്പം കൂടി. രാജസ്ഥാനിലെ പാര്‍ട്ടിയുടെ മുഖമായി വീണ്ടും അവര്‍ അവരോധിക്കപ്പെട്ടു.




 

ga