സി.പി.എമ്മിനെ ബംഗാള്‍ തുറിച്ചുനോക്കുന്നു

ആര്‍. ഹരികുമാര്‍ Posted on: 01 Jul 2015

ഫലം ദിശാസൂചിക


തിരുവനന്തപുരം: ഭാവികാല കേരളരാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫ്., എല്‍.ഡി.എഫ്. എന്നീ രണ്ടു മുന്നണികളിലായി ധ്രുവീകരിച്ചിരുന്ന കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള ബി.ജെ.പി.യുടെ കടന്നുവരവിന്റെ പ്രഖ്യാപനമാണ് സംഭവിച്ചിരിക്കുന്നത്. ഒപ്പം കേരളത്തിലെ സി.പി.എമ്മും പശ്ചിമബംഗാളിലെ പാര്‍ട്ടിയുടെ വഴിയിലേക്കുതന്നെയെന്ന സംശയവും ഈ തിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തുന്നു.

സമീപകാല കേരള രാഷ്ട്രീയം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ ഉരുത്തിരിയുന്നത്. ഇടതുപക്ഷം രാഷ്ട്രീയമായി പുറന്തള്ളപ്പെടുന്ന സ്ഥിതി കേരളത്തിന് ഇതുവരെ അപരിചിതമായിരുന്നു. എന്നാല്‍ കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയരംഗങ്ങളില്‍ ദൂരവ്യാപകമായ ഫലങ്ങളുളവാക്കത്തക്കവിധത്തില്‍ സാമുദായികരാഷ്ട്രീയം പുതിയതലങ്ങളിലേക്കു പ്രവേശിക്കുന്നതിന്റെ സൂചനകളാണ് തിരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നത്.

ഈ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് മൊത്തത്തില്‍ തിരിച്ചടിയാണെങ്കിലും സി.പി.എമ്മിനെയാണ് അത് അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലാക്കുന്നത്. സംസ്ഥാന സര്‍ക്കാറും യു.ഡി.എഫും കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍പ്പോലും വിജയിക്കാനാകാത്തത് പാര്‍ട്ടിയണികള്‍ക്കുമുന്നില്‍ വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം വല്ലാതെ വിയര്‍ക്കേണ്ടിവരും.

ബി.ജെ.പി.യുടെ ശക്തമായ സാന്നിദ്ധ്യംമൂലം യു.ഡി.എഫ്. സര്‍ക്കാറിനെതിരായ ഭരണവിരുദ്ധവികാരം വിഭജിക്കപ്പെട്ടുവെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ തകര്‍ച്ചയുടെ കരണം വ്യക്തമാക്കാന്‍ ഈ വിശദീകരണം പര്യാപ്തമല്ലെന്നാണ് വസ്തുത. മുന്‍കാലങ്ങളിലും ബി.ജെ.പി. ഇവിടെ മത്സരിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ഇത്തരമൊരു സ്ഥിതി സി.പി.എമ്മിന് നേരിടേണ്ടി വന്നിട്ടില്ല. മുമ്പ് യു.ഡി.എഫിന്റെ ബദലായി എല്‍.ഡി.എഫിനെയാണ് ജനങ്ങള്‍ കണ്ടിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അത്തരെമാരു ബദലായി എല്‍.ഡി.എഫിനെ ജനങ്ങള്‍ കാണുന്നില്ല. അല്ലെങ്കില്‍ അത്തരമാരു ബദലായി സ്വയം പ്രതിഷ്ഠിക്കുന്നതിനുള്ള ശേഷി സി.പി.എമ്മിനും എല്‍.ഡി.എഫിനും ഇന്നു കൈമോശം വരുന്നുവെന്നുതന്നെ കരുതണം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാതിരഞ്ഞെടുപ്പും ആസന്നമായ ഘട്ടത്തിലാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. സംസ്ഥാനഭരണം കൈയിലില്ലെങ്കിലും കേരളത്തിലെ പകുതിയോളം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഇപ്പോഴും എല്‍.ഡി.എഫ്. ഭരണത്തിലാണ്. ആ നിലയ്ക്ക് കേരളത്തില്‍ പ്രാദേശിക തലത്തില്‍ സി.പി.എം എപ്പോഴും ഭരണത്തിലാണെന്നു തന്നെ പറയണം. പാര്‍ട്ടിസംഘടനയെ രാഷ്ട്രീയത്തിനു മുകളില്‍ പ്രതിഷ്ഠിച്ചതാണ് ഇപ്പോഴത്തെ പിന്നോട്ടടിക്കുകാരണമെന്ന വാദം ഇപ്പോള്‍ത്തന്നെ ഒരുവിഭാഗം പാര്‍ട്ടിനേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

പൊതു രാഷ്ട്രീയ രംഗത്തുമാത്രമല്ല സി.പി.എമ്മിന്റെ അഭ്യന്തര രാഷ്ട്രീയത്തിലും ഈ തിരിച്ചടി അനുരണനങ്ങള്‍ സൃഷ്ടിക്കും. വിരാമമിട്ടുവെന്ന് ഓരോ പാര്‍ട്ടി സംസ്ഥാനസമ്മേളനങ്ങള്‍ക്കുശേഷവും പാര്‍ട്ടിനേതൃത്വവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചെങ്കിലും ഇടയ്ക്കിടെ തലപൊക്കുന്ന 'വിഭാഗീയത' വീണ്ടും രൂക്ഷമാകാനാണ് സാദ്ധ്യത.അരുവിക്കരയില്‍ പാര്‍ട്ടിയുടെ മുഖ്യപ്രചാരകനായിരുന്നതിനാല്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെങ്കിലും പാര്‍ട്ടി സംസ്ഥാനനേതൃത്വമായിരിക്കും മുഖ്യമായും വിചാരണ ചെയ്യപ്പെടുക.

ഇതിനു പുറമേ പാര്‍ട്ടിയുടെ സംഘടനാസംവിധാനത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നേതൃത്വത്തിന്റെ അപ്രമാദിത്വം അസ്തമിയ്ക്കാനും പാര്‍ട്ടി അച്ചടക്കമെന്ന ഖഡ്ഗത്തിന്റെ ഭീതിയില്ലാതെ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പാര്‍ട്ടിസമിതികളില്‍ അരങ്ങൊരുങ്ങാനും ഈ തിരിച്ചടി വഴിയൊരുക്കുമെന്നാണ് സൂചനകള്‍.



 

ga