വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനെ തോല്‍പിച്ച ആളെ അച്ഛന്റെ നിര്യാണത്തിന് ശേഷം മകന്‍ തോല്‍പിച്ച് പകരം വീട്ടുന്നു. ഒരു സിനിമാക്കഥയെ പോലും വെല്ലുന്ന യാഥാര്‍ത്ഥ്യം.
വര്‍ഷം 1987. എട്ടാം നിയമസഭ തിരഞ്ഞെടുപ്പാണ്. തിരുവനന്തപുരം നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യുവനേതാക്കളില്‍ പ്രധാനിയും കെ.കരുണാകരന്റെ കണ്ണിലുണ്ണിയുമായ ജി.കെ എന്ന ജി. കാര്‍ത്തികേയന്‍. സിപിഎം നിര്‍ത്തിയത് എം.വിജയകുമാറിനെ. കഴിഞ്ഞില്ല, ബി.ജെ.പി നിര്‍ത്തിയത് അതിശക്തനായ സ്ഥാനാര്‍ത്ഥി കെ.ജി മാരാരെ. മത്സരം കടുക്കുമെന്ന് ഉറപ്പ്. മണ്ഡലത്തില്‍ കാര്‍ത്തികേയന് മുന്‍തൂക്കമുണ്ടെന്ന് വിദഗ്ധര്‍ വിധിയെഴുതുകയും ചെയ്തു.
എന്നാല്‍ തീപാറിയ മത്സരത്തില്‍ എം. വിജയകുമാര്‍ 15165 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജി.കെയെ തോല്‍പിച്ചു. വിജയകുമാറിന് കിട്ടിയ വോട്ട് 53167. ജി.കെയ്ക്ക് 38002. മാരാര്‍ക്കും കിട്ടി 13398 വോട്ടുകള്‍. മാത്രമോ, ഇടതുതരംഗം കരുണാകരന്‍ മന്ത്രിസഭയെ നിലംപരിശാക്കി പ്രതിപക്ഷനേതാവായിരുന്ന ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കി.
അത്തവണ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ ജി.കെയും ഉള്‍പ്പെട്ടു. അതിനൊരു പകരംവീട്ടലാണ് ഇന്ന് ഉണ്ടായത്. ജി.കെയുടെ മരണശേഷം അരുവിക്കരയില്‍ മകന്‍ ശബരീനാഥന്‍ അച്ഛന്റെ പഴയപ്രതിയോഗി എം.വിജയകുമാറിനെ 10128 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിലംപരിശാക്കി.
പലവിധം കോഴയാരോപണങ്ങളില്‍ പെട്ട് വിളറിവെളുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും വിജയം ആശ്വാസമായി. അതേസമയം കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം നടന്ന ആദ്യമത്സരത്തിലെ പരാജയം സിപിഎമ്മിന് കനത്ത ആഘാതമായി. ഭരണവിരുദ്ധ വികാരം നിലനില്‍ക്കെയാണ് പ്രതിപക്ഷത്തിന് ഈ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.
ആ അര്‍ത്ഥത്തില്‍ 1987 ലെ കാര്‍ത്തികേയന്റെ പരാജയം സിപിഎമ്മിന് നല്‍കിയ സന്തോഷത്തേക്കാള്‍ നൂറിരട്ടി സന്തോഷമാണ് മകന്‍ ശബരീനാഥന്റെ വിജയം കോണ്‍ഗ്രസ്സിന് ഇത്തവണ സമ്മാനിച്ചത്.