ഉമ്മന്‍ ചാണ്ടിയുടെ കാലം, ഭരണത്തുടര്‍ച്ച ലക്ഷ്യം

അനീഷ് ജേക്കബ്ബ്‌ Posted on: 01 Jul 2015



തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട് കൈയെത്തിപ്പിടിച്ച വിജയം ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ ശക്തനാക്കുന്നു. യു.ഡി.എഫിന് ആത്മവിശ്വാസത്തോടെ വരുംതിരഞ്ഞെടുപ്പുകളെ നേരിടാം. സംസ്ഥാനത്ത് അസാധാരണമായ ഭരണത്തുടര്‍ച്ചയെന്ന മുദ്രാവാക്യം ശക്തമായി മുന്നോട്ടുവെയ്ക്കാന്‍ ഈ വിജയം നല്‍കുന്ന ബലം ചെറുതല്ല. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തടയണയായി ഉപതിരഞ്ഞെടുപ്പ് ഫലം മാറിയെന്നതാണ് മറ്റൊരു സവിശേഷത.

അഴിമതിയാരോപണങ്ങളും മറ്റുപ്രശ്‌നങ്ങളും ഖദറുടുപ്പുകള്‍ക്കുമേല്‍ ചെളിതെറിപ്പിച്ച സമയത്താണ് അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് എത്തിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെക്കാള്‍ മോശമായ സാഹചര്യമെന്ന് നിരീക്ഷകര്‍ മാത്രമല്ല, ഭരണമുന്നണിക്കാര്‍ പോലും വിലയിരുത്തി. സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമര്‍ശമുയര്‍ന്നു. നേതൃമാറ്റം വേണമെന്ന് പ്രത്യക്ഷമായല്ലെങ്കിലും ഐ ഗ്രൂപ്പ് പരോക്ഷമായി ഉയര്‍ത്തിത്തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ സീറൊ ആങ്കിളില്‍ നിന്നായിരുന്നു യു.ഡി. എഫിന്റെ ആരംഭം.

തിരഞ്ഞെടുപ്പ് സര്‍ക്കാറിനുള്ള വിലയിരുത്തലാകുമെന്ന് പറഞ്ഞ് ആദ്യം തന്നെ ഉമ്മന്‍ ചാണ്ടി വെല്ലുവിളി ഏറ്റെടുത്തു. ഇത് അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. പ്രചാരണത്തിന്റെ ചുക്കാന്‍ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. ഒപ്പം ചെറുപ്പം യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് തുണയായി. ആദിവാസി ഊരുകളില്‍ തുടങ്ങിയ മുഖ്യമന്ത്രിയുടെ കുടുംബസംഗമങ്ങള്‍ വന്‍വിജയമായി. ഇതിനിടെ വി.എസ്. യു.ഡി.എഫിനെതിരെ ആക്രമണം അഴിച്ചുവിട്ടു. വി.എസ്സിനെ അതിരൂക്ഷമായി വിമര്‍ശിച്ച് യു.ഡി.എഫും രംഗത്തെത്തി. വി.എസ്സിന്റെ അഴിമതി വിരുദ്ധ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്നായിരുന്നു വിമര്‍ശത്തിന്റെ കാതല്‍. വി. എസ്. ആന്റണിയെയും സുധീരനെയും തിരിച്ചാക്രമിച്ചു. പദപ്രയോഗങ്ങള്‍ അതിരുവിട്ടു. പിന്നീട് അതിന്റെ പേരിലായി ബഹളം. ഒ.രാജഗോപാലിലൂടെ ബി.ജെ.പി. ശക്തമായ മത്സരത്തിലേക്ക് വന്നപ്പോള്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായാലും അദ്ഭുതപ്പെടേണ്ടെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനത്തിനും നല്ല പ്രഹരശേഷിയുണ്ടായിരുന്നു.

രണ്ടുമാസം കഴിഞ്ഞ് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം കോണ്‍ഗ്രസിലും മുന്നണിയിലും ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. നേതൃമാറ്റം തത്കാലം അസാധ്യമായി. ഘടകകക്ഷികള്‍ക്ക് തങ്ങളുടെ കൂറ് ആവര്‍ത്തിച്ച പ്രഖ്യാപിച്ച് മുന്നണിയില്‍ ഉറച്ചുനില്‍ക്കേണ്ടിവരും. യു.ഡി.എഫില്‍ നിന്നുകൊണ്ട് ആരും യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ടെന്ന് സുധീരന്‍ ഫലം വന്നപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കി.

മുന്നണിവിട്ട ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും പി. സി. ജോര്‍ജും പ്രതിസന്ധിയിലായി. 'നോട്ട'ക്ക് കിട്ടിയ വോട്ടിന്റെ കാര്യം പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജോര്‍ജിനുള്ള പരോക്ഷ മറുപടിയാണ്. നോട്ടക്ക് ലഭിച്ചതിനെക്കാള്‍ കുറവ് വോട്ടാണ് ജോര്‍ജിന്റെ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ഇതിനിടയിലും ബി.ജെ.പി.യുടെ വോട്ടുകള്‍ കൂടുന്നത് യു. ഡി.എഫിന് ഭീഷണിയാണ്. യു.ഡി.എഫിന്റെയും ബി.ജെ. പി.യുടെയും വോട്ടര്‍മാര്‍ തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുവരുന്നു. ഇതായിരിക്കും യു.ഡി.എഫിന് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കുക.





 

ga