കെ.എസ്. ശബരിനാഥന്‍ അച്ഛന്റെ ശൂന്യത സൃഷ്ടിച്ച രാഷ്ട്രീയപാതയിലേക്കിറങ്ങിയത് ഉയര്‍ന്ന ജോലി രാജിവെച്ചാണ്. ഇറക്കം വിഫലമായില്ല. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ചരിത്രവിജയം. ജി.കെയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അരുവിക്കരയിലെ ജനങ്ങള്‍ നല്‍കിയ സമ്മാനം. അമ്മ സുലേഖയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ശ്രമം വളരെ തന്ത്രപരമായ നീക്കത്തിലൂടെയാണ് സുലേഖ തന്നെ മറികടന്ന് മകന് സമ്മാനിച്ചത്. അവരുടെ ഊഹം തെറ്റിയില്ല. ശബരിക്ക് അത് ഒരു പൊളിറ്റിക്കല്‍ കരിയറായി ഭവിച്ചു.
ടാറ്റാ കമ്പനിയിലെ സാമൂഹ്യസേവന മേഖലയായ ടാറ്റാ ട്രസ്റ്റില്‍ സീനിയര്‍ മാനേജരായിരുന്നു ശബരീനാഥന്‍. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ എത്തിയപ്പോഴും ആകര്‍ഷകമായ പദവി വേണ്ടെന്നുവെച്ചാണ് അദ്ദേഹം സാമൂഹ്യസേവന വിഭാഗം തിരഞ്ഞെടുത്തത്. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങളുടെയിടയിലാണ് ടാറ്റാ ട്രസ്റ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ടാറ്റ നടപ്പാക്കുന്ന പല പദ്ധതികളുടെയും സമിതികളില്‍ സ്ഥാപനത്തെ പ്രതിനിധീകരിച്ചിരുന്നത് ശബരീനാഥനാണ്.
എന്‍ജിനിയറിങ്ങും എം.ബി.എ.യും മറ്റും നേടി ഉയര്‍ന്ന ജോലിയിലേക്ക് പോകുമ്പോഴും അച്ഛന്റെ പൊതുപ്രവര്‍ത്തനമെന്ന പാത ശബരീനാഥന്റെ ഉള്ളിലുമുണ്ടായിരുന്നു. ഇക്കാര്യം അച്ഛന്‍ ജി.കാര്‍ത്തികേയന്‍ തന്നെയാണ് ആദ്യം രാഹുല്‍ ഗാന്ധിയോട് സൂചിപ്പിച്ചത്.
അക്കാര്യം ഡോ. സുലേഖ ഓര്‍മിച്ചത് ഇങ്ങനെ: 'ജി.കാര്‍ത്തികേയന്‍ അസുഖമായി ഇരിക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ കാണാന്‍ സ്പീക്കറുടെ വീട്ടില്‍ വന്നു. അപ്പോള്‍ മകന് പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുണ്ടെന്നും രാഹുലിനൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ജി.കെ. പറഞ്ഞു. ശബരീനാഥനോട് തന്നെ വന്ന് കാണാന്‍ നിര്‍ദേശിച്ചാണ് രാഹുല്‍ പോയത്. എന്നാല്‍ പിന്നീട് കാര്‍ത്തികേയന് അസുഖം കൂടുതല്‍ ഗുരുതരമാകുകയും ചികിത്സാകാര്യങ്ങളില്‍ മുഴുകുകയും ചെയ്തതിനാല്‍ ആ കൂടിക്കാഴ്ച നടന്നില്ല.
ലയോള സ്‌കൂളിലായിരുന്നു ശബരിനാഥന്റെ പഠനം. തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം. സി.ഇ.ടി. അന്ന് എസ്.എഫ്.ഐ.യുടെ കോട്ടയാണ്. മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ട്. ശബരീനാഥന്റെ നേതൃത്വത്തില്‍ അന്ന് കോണ്‍ഗ്രസ് അനുഭാവികളായ കുട്ടികള്‍ ചേര്‍ന്ന് വോയ്‌സ് ഓഫ് സി.ഇ.ടി. എന്ന സംഘടനയുണ്ടാക്കി. തിരഞ്ഞെടുപ്പില്‍ ശബരീനാഥനും മത്സരിച്ചു. ഈ ചെറുത്തുനില്പിന് ഫലമുണ്ടായി. അടുത്ത വര്‍ഷം കോളേജ് യൂണിയന്‍ കെ.എസ്.യു. പിടിച്ചു. പിന്നീട് എ.കെ.ആന്റണിയുടെ മകന്‍ അടക്കം ഇതിന്റെ പിന്തുടര്‍ച്ചക്കാരായി വന്നു' സുലേഖ ടീച്ചര്‍ പറഞ്ഞു.
എന്‍ജിനിയറിങ് കഴിഞ്ഞ് ക്യാറ്റ് പരീക്ഷയില്‍ 98 ശതമാനത്തിലധികം മാര്‍ക്ക് നേടിയതിനാല്‍ മുന്‍നിര മാനേജ്‌മെന്റ് സ്ഥാപനമായ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം ലഭിച്ചു. എം.ബി.എ. കഴിഞ്ഞ് ടാറ്റയില്‍ ജോലി ലഭിച്ചു. അവിടെ നിന്നാണ് വന്‍വിജയത്തോടെ രാഷ്ട്രീയ രാജപാതയിലേക്ക് കടന്നത്.