മത്സരിച്ചത് ശബരി, ജയിച്ചത് ഉമ്മന്‍ചാണ്ടി

ടി. അരുണ്‍ കുമാര്‍ Posted on: 01 Jul 2015

വികസനരംഗത്തെ കെങ്കേമമായ മുന്നേറ്റങ്ങളും ജി. കാര്‍ത്തികേയനോടുള്ള സ്‌നേഹവും ബഹുമാനവുമാണ് ശബരീനാഥനു തുണയായത്. എന്നാല്‍, കെടുകാര്യസ്ഥതകളും അഴിമതിയും വെച്ചുപൊറുപ്പിക്കാന്‍ ജനങ്ങള്‍ എപ്പോഴും തയ്യാറാവില്ല. എല്ലാം നേര്‍വഴിക്കാണെന്ന് ആണയിട്ട് വിളിച്ചുപറഞ്ഞതുകൊണ്ടായില്ല, അത് ജനങ്ങള്‍ക്കു ബോധ്യമാവുകയും വേണം



അരുവിക്കരക്കാര്‍ മനസ്സുതുറന്നപ്പോള്‍ തെളിയുന്നത് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം. കെ.എസ്. ശബരീനാഥന്റെ വിജയത്തോടെ ഉമ്മന്‍ചാണ്ടിയുടെ രാജയോഗപരമ്പരയില്‍ ഒരുദശകൂടി പിറക്കുന്നു. കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും അവര്‍ നയിക്കുന്ന മുന്നണികളുടെയും മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയജാതകംപോലും തിരുത്തുന്നതാണ് അരുവിക്കരയിലെ ജനഹിതതീര്‍പ്പ്.
ഭരണവിരുദ്ധവികാരം കടുത്ത തീവ്രതയോടെ ആഞ്ഞടിച്ചിട്ടും ഇടതുമുന്നണിയെ മുന്നിലെത്തിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞില്ല. പൊതുവേദികളില്‍നിന്നു വിട്ടുനിന്ന് ബൂത്തുതലങ്ങളിലെ വോട്ടുകള്‍ സൂക്ഷ്മമായി പെറുക്കിയെടുക്കുകയായിരുന്നുവത്രെ തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ചുക്കാന്‍പിടിച്ച പിണറായി വിജയന്‍.

സി.പി.എമ്മിന്റെ ജനകീയമുഖമായ വി.എസ്. അച്യുതാനന്ദനാകട്ടെ, പൊതുയോഗങ്ങളില്‍ ജനങ്ങളെ ഇളക്കിമറിക്കുന്ന സിദ്ധി തനിക്കിപ്പോഴും കൈവശമുണ്ടെന്നു തെളിയിക്കുകയുംചെയ്തു. എന്നാല്‍, ഇരുവര്‍ക്കും ഒരു രാഷ്ട്രീയ അട്ടിമറിക്ക് അരുവിക്കരയെ ഒരുക്കിയെടുക്കാനായില്ല. സി.പി.എമ്മിന്റെ അപ്രഖ്യാപിത മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായ പിണറായിക്ക് അരുവിക്കരയിലെ തോല്‍വി വെറും തിരിച്ചടിയല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയില്‍ കരിനിഴല്‍വീഴ്ത്തുന്ന ദുരന്തമാണിത്. 'പാര്‍ട്ടിവിരുദ്ധന്‍' എന്ന് സംസ്ഥാനകമ്മിറ്റിയും പിണറായിയും കോടിയേരി ബാലകൃഷ്ണനുംമറ്റും ചാപ്പകുത്തിനിര്‍ത്തിയിരിക്കുന്ന അച്യുതാനന്ദന്‍കൂടി ഇല്ലായിരുന്നെങ്കില്‍ ഇടതുമുന്നണിസ്ഥാനാര്‍ഥി എം. വിജയകുമാറിന്റെ പതനം ഇതിലും ദയനീയമാവുമായിരുന്നു.

ഭരണവിരുദ്ധവികാരം ബി.ജെ.പി.ക്കുകൂടി വീതംവെച്ചുപോയതുകൊണ്ടാണ് ഇടതുമുന്നണിക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നതെന്ന സി.പി.എമ്മിന്റെ ന്യായത്തില്‍ കാമ്പും രാഷ്ട്രീയപ്രസക്തിയുമില്ല. സി.പി.എമ്മിനു കിട്ടേണ്ട വോട്ടുകള്‍, എതിരാളികള്‍ക്കനുകൂലമായ കുത്തൊഴുക്കായിമാറിയതിന്റെ യഥാര്‍ഥകാരണങ്ങള്‍ കണ്ടെത്താനുള്ള അതിസൂക്ഷ്മപഠനങ്ങളും നിരീക്ഷണങ്ങളും നടത്താന്‍ അവര്‍ തയ്യാറായേപറ്റൂ. ജാതിമതശക്തികളുടെ ദുഃസ്വാധീനവും ഭരണയന്ത്രത്തിന്റെ ദുര്‍വിനിയോഗവുമാണ് വീഴ്ചയ്ക്കുപിന്നിലെന്ന പതിവു ന്യായവാദങ്ങള്‍ നിലവിലുള്ള രാഷ്ട്രീയകാലാവസ്ഥയില്‍ വിലപ്പോവില്ല.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഭരണ, രാഷ്ട്രീയ പ്രതിസന്ധികളിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പോയ നാലുവര്‍ഷത്തെ യാത്ര. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ സി.ബി.ഐ. കേസുകളില്‍ കുടുങ്ങുന്നു. മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമെതിരെ സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങള്‍. ബാറുകള്‍ പൂട്ടാനും തുറക്കാനും മന്ത്രിമാര്‍ കോടിക്കണക്കിനു രൂപ കോഴവാങ്ങിയെന്ന പരാതിപ്രവാഹം. ധനമന്ത്രി ബജറ്റ് വിറ്റ് കാശാക്കിയെന്ന വിവാദത്തെച്ചൊല്ലി തീരാത്ത ഒച്ചപ്പാടുകള്‍. ഇതിന്റെയെല്ലാംപേരില്‍ നിര്‍ദയമായ മാധ്യമവിചാരണകള്‍. സെക്രട്ടേറിയറ്റിനു മുന്നില്‍വരെനീണ്ട പ്രക്ഷോഭങ്ങള്‍... കാറ്റും കോളും കൊടുങ്കാറ്റിനു വഴിമാറിയ കാലഘട്ടത്തിലാണ് അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പ് പൊട്ടിവീണത്.

ജി. കാര്‍ത്തികേയന്‍ 24വര്‍ഷം തുടര്‍ച്ചയായി കൈവശംവെച്ചിരുന്ന പ്രദേശമടങ്ങുന്ന അരുവിക്കര നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസ്സിന്റെമാത്രമല്ല ഉമ്മന്‍ചാണ്ടിസര്‍ക്കാറിന്റെതന്നെ അഭിമാനത്തിന്റെ പ്രശ്‌നമായിരുന്നു. തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍ അവിടെ പിടിച്ചുനില്‍ക്കാന്‍മാത്രമല്ല, അന്തസ്സോടെ തലയുയര്‍ത്തിപ്പിടിക്കാന്‍ യു.ഡി.എഫിനു സാധിച്ചതിനുപിന്നില്‍ ഒരേയൊരാളുടെ നിശ്ചയദാര്‍ഢ്യമുണ്ട്, നേതൃപാടവമുണ്ട്, സംഘടനാമികവുണ്ട്. ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരിയും നേതാവുമില്ലായിരുന്നെങ്കില്‍ അരുവിക്കരകടക്കാന്‍ യു.ഡി.എഫിനാവുമായിരുന്നില്ല. തന്റെ നാലുവര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാവും ഈ തിരഞ്ഞെടുപ്പെന്ന് പരസ്യമായി വെല്ലുവിളിയുയര്‍ത്തിയനാള്‍മുതല്‍ തുടങ്ങിയിരുന്നു ഉമ്മന്‍ചാണ്ടിയുടെ ചാണക്യതന്ത്രങ്ങള്‍. പിറവം, നെയ്യാറ്റിന്‍കര എന്നീ ഉപതിരഞ്ഞെടുപ്പുകളില്‍ കൈക്കൊണ്ട മുന്നൊരുക്കങ്ങളില്ലാതെയായിരുന്നു അരുവിക്കരയിലേക്ക് കോണ്‍ഗ്രസ് നീങ്ങിയത്. അതുകൊണ്ട്, ആദ്യഘട്ടത്തില്‍ ഇടതുമുന്നണിക്കു പിന്നിലായി യു.ഡി.എഫ്. കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം.ടി. സുലേഖ വിസമ്മതിച്ചപ്പോള്‍ മകന്‍ ശബരീനാഥനെ ഇറക്കി ഭാഗ്യം പരീക്ഷിക്കുകയായിരുന്നു കോണ്‍ഗ്രസ്. അവസാനഘട്ടമായപ്പോള്‍, സുലേഖയെക്കാള്‍ അപകടകാരിയാണ് ശബരീനാഥന്‍ എന്ന ഇടതുമുന്നണിയുടെ വിലയിരുത്തല്‍ യാഥാര്‍ഥ്യമാവുകയുംചെയ്തു. ശബരീനാഥന്റെ വരവ് പൂര്‍ണമായി അംഗീകരിക്കാത്ത കോണ്‍ഗ്രസ്സുകാര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലോടെ മാറിനില്‍ക്കാനാവാത്ത സ്ഥിതിവന്നു. എ.കെ. ആന്റണിയും വി.എം. സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ പൊതുയോഗങ്ങളില്‍ മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി കുടുംബയോഗങ്ങളില്‍ പോകാനാണ് കൂടുതല്‍സമയവും നീക്കിവെച്ചത്. പരമാവധി യോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹംതന്നെയായിരുന്നു പ്രചാരണരംഗത്തെ മുഖ്യതാരം. ഒരര്‍ഥത്തില്‍ ശബരീനാഥനായിരുന്നില്ല, ഉമ്മന്‍ചാണ്ടിയായിരുന്നു അരുവിക്കരയിലെ അദൃശ്യനായ സ്ഥാനാര്‍ഥി.

വിജയശ്രീലാളിതനായ ഉമ്മന്‍ചാണ്ടിയായിരിക്കും ഇനിയുള്ളനാളുകളില്‍ കോണ്‍ഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അവസാനവാക്ക്. അരുവിക്കരയില്‍ അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ നേതൃമാറ്റമെന്ന പഴയ ആവശ്യം പുറത്തെടുക്കാന്‍ കാത്തിരുന്ന 'വിശാല ഐ' ഗ്രൂപ്പിന് തത്കാലം പത്തിയൊതുക്കി കഴിയേണ്ടിവരും. അടുത്ത നിയമസഭാതിരഞ്ഞെടുപ്പുവരെ ഒളിഞ്ഞിരുന്നു പ്രവര്‍ത്തിക്കാനേ അവര്‍ക്കാവൂ. ഗ്രൂപ്പുപോരിന് നിയന്ത്രണരേഖ വരച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതിശ്രദ്ധയോടെ കേരളത്തിലെ കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നകാര്യം തീര്‍ച്ച. ദക്ഷിണേന്ത്യയിലെ അവശേഷിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ അച്ചടക്കത്തിന്റെ വാള്‍ ഹൈക്കമാന്‍ഡ് എപ്പോഴും ഒരുക്കിവെച്ചിരിക്കും. ഒപ്പം എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും വി.എം. സുധീരനും രമേശ് ചെന്നിത്തലയും ചേര്‍ന്നുള്ള ഒരു കൂട്ടുനേതൃത്വത്തിനെ പിന്തുണയ്ക്കുകയെന്നതായിരിക്കും അവരുടെ തന്ത്രം.

യു.ഡി.എഫിന്റെ വിജയപരമ്പരയിലെ ഏറ്റവും അവസാനത്തെ കണ്ണിയായ അരുവിക്കരഫലത്തില്‍ കോണ്‍ഗ്രസ് ഒരു ഭരണത്തുടര്‍ച്ച സ്വപ്നംകാണുണ്ട്. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്, ഈ മന്ത്രിസഭയുടെകാലത്തെ നെയ്യാറ്റിന്‍കര, പിറവം ഉപതിരഞ്ഞെടുപ്പുകള്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയിലെല്ലാം യു.ഡി.എഫായിരുന്നു മുന്നില്‍. ഈ തിരഞ്ഞെടുപ്പുഫലം ഏറെ അകലെയല്ലാതെ നില്‍ക്കുന്ന തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന നിയമസഭാതിരഞ്ഞെടുപ്പിലും നിര്‍ണായകസ്വാധീനം ചെലുത്താം. എന്നാല്‍, പ്രതിസന്ധികളിലും പ്രതികൂലകാലാവസ്ഥയിലും തുണച്ച ജനങ്ങളെ മറക്കാതിരിക്കാനും ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്തപിക്കാനും അത് ആവര്‍ത്തിക്കില്ലെന്നുറപ്പാക്കാനും സര്‍ക്കാറിനു കഴിയണം. ഒരു ആത്മപരിശോധനയ്ക്കുള്ള അവസരമായി ഇതിനെ മാറ്റാന്‍കഴിഞ്ഞാലേ കോണ്‍ഗ്രസ്സിന്റെ ഭാവിവളര്‍ച്ച ശോഭനമാവൂ. വികസനരംഗത്തെ കെങ്കേമമായ മുന്നേറ്റങ്ങളും ജി. കാര്‍ത്തികേയനോടുള്ള സ്‌നേഹവും ബഹുമാനവുമാണ് ശബരീനാഥനു തുണയായത്. എന്നാല്‍, കെടുകാര്യസ്ഥതകളും അഴിമതിയും വെച്ചുപൊറുപ്പിക്കാന്‍ ജനങ്ങള്‍ എപ്പോഴും തയ്യാറാവില്ല. എല്ലാം നേര്‍വഴിക്കാണെന്ന് ആണയിട്ട് വിളിച്ചുപറഞ്ഞതുകൊണ്ടായില്ല, അതു ജനങ്ങള്‍ക്കു ബോധ്യമാവുകയുംവേണം.

ഭരണത്തുടര്‍ച്ച മോഹിക്കുന്ന ഉമ്മന്‍ചാണ്ടിയെ പരിഹസിക്കുന്ന സി.പി.എം. നേതൃത്വം പുറത്തെന്തുപറഞ്ഞാലും കാര്യമായ ഗൃഹപാഠം ചെയ്‌തേപറ്റൂ. അരുവിക്കര തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനെന്നനിലയില്‍ പാര്‍ട്ടി നിയോഗിച്ച പിണറായി വിജയനും പാര്‍ട്ടിയുടെ പുതിയ നേതൃത്വവും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു നീങ്ങുമ്പോള്‍ ഒട്ടേറെ പ്രതിസന്ധികളെ മുറിച്ചുകടക്കേണ്ടിവരും. പ്രധാനമായും മൂന്നു വെല്ലുവിളികളാണ് അവര്‍ അഭിമുഖീകരിക്കുക. ഒന്ന്: പ്രത്യയശാസ്ത്രപ്രതിസന്ധിയും ആദര്‍ശരാഷ്ട്രീയത്തില്‍നിന്നുള്ള അകല്‍ച്ചയും. രണ്ട്: ജനപ്രിയനേതൃത്വത്തിന്റെ അഭാവം. മൂന്ന്: നേതൃത്വത്തിലുള്ള വിശ്വാസരാഹിത്യം. വി.എസ്. ഇല്ലാത്ത അരുവിക്കര തിരഞ്ഞെടുപ്പിനെക്കുറിച്ച് അവര്‍ക്കു ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. നേതാക്കളെ നിര്‍മിച്ചെടുക്കാനാവില്ല, അവര്‍ ജന്മനാ ഉണ്ടാവുന്നതാണ് എന്ന ചൊല്ല് ഇവിടെയാണു പ്രസക്തം. അടിയന്തരമായി പുതിയ ഒരു നേതൃനിരയെ കണ്ടെത്തുകയെന്നതാണ് സി.പി.എമ്മിന്റെ മുന്നിലുള്ള പോംവഴികളില്‍ പ്രധാനം.

സി.പി.എമ്മിനു ലഭിക്കേണ്ട ഭരണവിരുദ്ധവോട്ടുകള്‍ ബി.ജെ.പി.യിലേക്കു കുത്തിയൊഴുകിപ്പോയെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങളുണ്ടായിരിക്കണം. പ്രതിപക്ഷത്തിന്റെ ജോലി വേണ്ടവിധത്തില്‍ ചെയ്യാത്തവരെ ജനങ്ങള്‍ പ്രതിപക്ഷമായി അംഗീകരിക്കണമെന്നു ശഠിക്കുന്നതില്‍ കാര്യമില്ല. ജനങ്ങളുടെ പരാതികളും പരിഭവങ്ങളും കാണാതെ ചട്ടപ്പടിസമരങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന സി.പി.എം., തങ്ങള്‍ ജനങ്ങളില്‍നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഇനിയും മനസ്സിലാക്കുന്നില്ല. തെറ്റുകള്‍ തിരുത്തണമെന്ന് പ്രമേയങ്ങള്‍ പാസ്സാക്കുകയല്ലാതെ ഒന്നും തിരുത്താന്‍ തയ്യാറാവാത്തതാണ് പാര്‍ട്ടിയെ പിന്നോട്ടടിക്കുന്നതെന്ന വിമര്‍ശനംപോലുമുള്‍ക്കൊള്ളാന്‍ പാര്‍ട്ടിനേതൃത്വത്തിനാവുന്നില്ല. സി.പി.എം. മടിച്ചുനില്‍ക്കുന്ന ജനകീയപ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ ബി.ജെ.പി. കുറേക്കൂടി ജാഗ്രതപാലിക്കുന്നതാവാം അവരുടെ വിശ്വാസ്യത വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന്.

കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും ഐക്യമുണ്ടായിരുന്നപ്പോള്‍, അനൈക്യമുള്ള ഒരു സി.പി.എമ്മിനെയാണ് അരുവിക്കരയില്‍ കണ്ടത്. പിണറായി വിജയന്‍ ഒരുവഴിക്കും വി.എസ്. അച്യുതാനന്ദന്‍ മറെറാരുവഴിക്കും നീങ്ങുന്ന കാഴ്ച. ഇരുവരും മുഖാമുഖംവരാതെ നോക്കേണ്ട ബദ്ധപ്പാടിലായിരുന്നു ഇടതുമുന്നണിനേതാക്കള്‍. പ്രചാരണത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍നിന്നൊഴിവാക്കിയതില്‍ നീരസംകാണിച്ച വി.എസ്. പിന്നീട് വര്‍ധിതവീര്യത്തോടെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചെങ്കിലും ഫലത്തില്‍ അതു പ്രതിഫലിച്ചില്ല. സി.പി.എമ്മിനെക്കാള്‍ താരതമ്യേന മെച്ചമായ പ്രതിപക്ഷം, ബി.ജെ.പി.യാണെന്ന വിശ്വാസം വോട്ടര്‍മാരില്‍ വളര്‍ന്നതുകൊണ്ടാവാം സര്‍ക്കാര്‍വിരുദ്ധവോട്ടുകള്‍ താമരചിഹ്നത്തില്‍ വീണത്. ചുവപ്പു മങ്ങിയാല്‍ കാവിയിലേക്കും പോകാമെന്നതാണ് അരുവിക്കര സി.പി.എമ്മിനു നല്‍കുന്ന പാഠം.

കേരളത്തില്‍ അതിവേഗം വളരുന്ന പാര്‍ട്ടി എന്ന പ്രതിച്ഛായ നേടിയെടുക്കുകയാണ് ബി.ജെ.പി. എന്ന് അരുവിക്കരയിലെ വിധി വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാം. അരുവിക്കരയില്‍ യു.ഡി.എഫിനൊപ്പം ബി.ജെ.പി.യും ജയിച്ചുവെന്നു വ്യാഖ്യാനിക്കുന്ന ബി.ജെ.പി. നേതാക്കളുണ്ട്. നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെക്കാള്‍ ബഹുദൂരം മുന്നേറാന്‍ അവര്‍ക്കു കഴിഞ്ഞതിനുപിന്നില്‍ സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്റെ വ്യക്തിത്വംതന്നെയാണു പ്രധാനം. ബി.ജെ.പി.ക്ക് പുതിയ തലമുറയില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇതിനു കാരണമായിട്ടുണ്ടാവണം. കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും മോദിയുടെ ഭരണത്തിളക്കവുമൊക്കെ വോട്ടാക്കിമാറ്റിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. തലപ്പൊക്കമുള്ള ദേശീയനേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നെങ്കില്‍ കുറേക്കൂടി നല്ലനേട്ടം കൈവരിക്കാന്‍ അവര്‍ക്കാകുമായിരുന്നു. ബി.ജെ.പി.യുടെ വളര്‍ച്ച യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഒരുപോലെ ഭയപ്പെടുത്തുന്നുവെന്നതാണ് അരുവിക്കര നല്‍കുന്ന സന്ദേശം.



 

ga