ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എക്കാലത്തെയും ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ജയലളിത മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മുഖ്യഎതിരാളികള്‍ ഇല്ലായിരുന്നു എന്ന പ്രത്യേകത വേറെയും.
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സി. മഹേന്ദ്രന് ആകെ ലഭിച്ചത് 9710 വോട്ടുകള്‍. തലൈവിക്ക് 1,60,416 വോട്ടുകള്‍! ഭൂരിപക്ഷം 1,50,706 വോട്ടുകള്‍!!! കൂടാതെ 16 പോസ്റ്റല്‍ വോട്ടുകളില്‍ 16 ഉം ജയലളിതയ്ക്കായിരുന്നു.
ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയ പരാജയങ്ങളല്ല ജയലളിതയുടെ ഭൂരിപക്ഷം മാത്രമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നത്. ഡി എം കെയും ഡി എം ഡി കെയും അടക്കമുള്ള മുഖ്യ പ്രതിപക്ഷ കക്ഷികള്‍ കളമൊഴിഞ്ഞു നിന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത് പ്രതീകാത്മക മത്സരമാണെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു.
കരുത്തരായ എതിരാളികള്‍ ഇല്ലാതിരുന്നിട്ടും ഒരു പരീക്ഷണത്തിന് എ ഐ എ ഡി എം കെ ഒരുങ്ങിയല്ലെന്നതാണ് വസ്തുത. ആള്‍ ബലത്തിലും പണക്കൊഴുപ്പിലും ഒരു കുറവും പാര്‍ട്ടി ഇവിടെ വരുത്തിയില്ല.സംസ്ഥാന ധന മന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ സകല മന്ത്രിമാരും മണ്ഡലത്തില്‍ തമ്പടിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.ഒരു വോട്ടിന് ഭരണകക്ഷി രണ്ടായിരം രൂപ വരെ നല്‍കിയെന്നാണ് സി പി ഐ സ്ഥാനാര്‍ത്ഥി സി.മഹേന്ദ്രന്‍ ആരേിപിച്ചത്.
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം തമിഴ്‌നാട്ടില്‍ ഇനിയിപ്പോള്‍ വലിയ പ്രതീക്ഷകളൊന്നും തന്നെ മുന്നിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിശാലമായ പ്രതിപക്ഷ ഐക്യ മുന്നണി കെട്ടിപ്പടുത്തു മാത്രമേ ജയലളിതയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാനാവൂ എന്ന തിരിച്ചറിവ് ഡി എം കെയ്ക്കും കലൈഞ്ജര്‍ കരുണാനിധിക്കുമുണ്ട്. പക്‌ഷേ, പൂച്ചയ്ക്ക് ആരാണ് മണി കെട്ടുകയെന്നതു പോലെ ഭിന്നിച്ചു നില്‍ക്കുന്ന തമിഴക പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ആര്‍ക്കാവും എന്നതാണ് സുപ്രധാന ചോദ്യം. എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിതയ്‌ക്കെതിരെ മത്സരിക്കാന്‍ പോലും മെനക്കെടാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം വാനപ്രസ്ഥത്തിലേക്ക് തിരിയുന്നതായിരിക്കും നല്ലതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴകത്ത് ജയലളിതയെ പ്പോലെ മറ്റൊരു നേതാവില്ലെന്ന വസ്തുതയിലേക്കും ആര്‍ കെ നഗറിലെ വിജയം വിരല്‍ ചൂണ്ടുന്നുണ്ട്. വെറും രണ്ടര മണിക്കൂര്‍ മാത്രമാണ് ജയലളിത ആര്‍ കെ നഗറില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ജൂണ്‍ 29 ന് വൈകീട്ട് 7 മണിയോടെ മണ്ഡലത്തിലെത്തിയ ജയലളിത രണ്ടര മണിക്കൂര്‍ നിന്ന റോഡ്‌ഷോയ്ക്ക് ശേഷം മടങ്ങുകയായിരുന്നു. ഒരിടത്തു പോലും ജയലളിത തന്റെ ടെമ്പോ ട്രാവലറില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല.രണ്ടിടത്തു മാത്രമാണ് അവര്‍ പ്രസംഗിച്ചതും. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതു പോലെ തന്നെ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ തനിച്ച് മത്സരിച്ച് തമിഴകത്ത് ഭരണത്തുടര്‍ച്ചയുണ്ടാക്കുക എന്ന അജന്‍ഡയായിരിക്കും ജയലളിത നടപ്പാക്കാക്കുക എന്ന സൂചനയും ആര്‍ കെ നഗര്‍ ഫലം നല്‍കുന്നുണ്ട്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകള്‍ക്കിടയില്‍ ആര്‍.കെ.നഗറില്‍ ഒരു തവണ മാത്രമാണ് ഡി എം കെയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.1996 ല്‍ ശക്തമായ ജയലളിതാ വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴായിരുന്നു ആ വിജയം. 1991 ല്‍ എ ഐ എ ഡി എം കെയുടെ മധുസൂദനനും 96 ല്‍ ഡി എം കെയുടെ സര്‍ഗുണപാണ്ഡ്യനും ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2001 ലും 2006 ലും എ ഐ എ ഡി എം കെയുടെ പി.കെ.ശേഖര്‍ബാബു ജയിച്ചു കയറി.ജയലളിതയുമായി തെറ്റിപ്പിരിഞ്ഞ് ശേഖര്‍ബാബു 2011 ല്‍ ഡി എം കെ പാനലില്‍ മത്സരിച്ചു. ഡി എം കെയ്ക്ക് കിട്ടാവുന്നതില്‍ വെച്ചേറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയായിരുന്നു ശേഖര്‍ബാബു. പക്‌ഷേ, എ ഐ എ ഡി എം കെയുടെ കോട്ടയാണ് ആര്‍.കെ.നഗര്‍ എന്ന് തെളിയിച്ചുകൊണ്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി വെട്രിവേല്‍ ശേഖര്‍ബാബുവിനെ തറപറ്റിച്ചു.