ശബരിനാഥന്‍ മുഖ്യമന്ത്രിയെ കണ്ടു; സത്യപ്രതിജ്ഞ ഇന്ന്‌

Posted on: 01 Jul 2015

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്‍ നിയമസഭയിലെത്തിയപ്പോള്‍ സ്വീകരിക്കുന്ന മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.എം.മാണി ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ., മന്ത്രി കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍.



തിരുവനന്തപുരം: ആഹ്ലാദത്തിന്റെ നേര്‍ത്ത കണ്ണീര്‍ നനവോടെയാണ് കെ.എസ്.ശബരീനാഥന്‍ മുഖ്യമന്ത്രിയുടെ കൈപിടിച്ച് നിന്നത്. 20 മിനിട്ടോളം നിയമസഭാമന്ദിരത്തിലെ മുഖ്യമന്ത്രിയുടെ മുറിയില്‍ ചെലവഴിച്ച ശബരീനാഥന് കൈകൊടുക്കാന്‍ മന്ത്രിമാരും യു.ഡി.എഫ് അംഗങ്ങളും തിരക്കുകൂട്ടി. ബുധനാഴ്ച രാവിലെ 9.30ന് നിയമസഭാംഗമായി ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്യും.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം രാവിലെ 11.15 ഓടെയാണ് ശബരീനാഥന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. മന്ത്രിമാരും എം.എല്‍.എ.മാരും മാധ്യമപ്രവര്‍ത്തകരും നിറഞ്ഞ മുറിയില്‍ ചെറിയ കുശലാന്വേഷണങ്ങള്‍ മാത്രം. 11.35 ഓടെ മുറിയില്‍ നിന്നിറങ്ങിയ ശബരി സ്പീക്കര്‍ എന്‍.ശക്തനെയും കണ്ടു. കാണാനെത്തിയവരോട് 'നാളെ കാണാം' എന്ന് പറഞ്ഞ് ശബരി സഭാമന്ദിരം വിട്ടിറങ്ങി.













 

ga