തിരുവനന്തപുരം: ഒക്ടോബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായിരുന്നു എല്ലാ പാര്‍ട്ടികള്‍ക്കും ഉപതിരഞ്ഞെടുപ്പ്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ആര്‍ക്ക് നേട്ടം കൊയ്യാനാവുമെന്ന് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് പഞ്ചായത്ത് തിരിച്ചുള്ള വോട്ടിങ് നില. യു.ഡി.എഫിനും എല്‍.ഡി. എഫിനും ഭീഷണിയായി പല പഞ്ചായത്തുകളിലും ബി.ജെ.പി. മാറിയതാണ് കാരണം. അരുവിക്കര മണ്ഡലത്തിലെ ആറ് വാര്‍ഡുകളില്‍ മാത്രം സാന്നിധ്യമുണ്ടായിരുന്ന ബി.ജെ.പി. 34,145 വോട്ടാണ് നേടിയത്. ചില വാര്‍ഡുകളില്‍ അവര്‍ ശക്തമായ ആധിപത്യം നേടി. വാര്‍ഡ് തിരിച്ചുനടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഉണ്ടാക്കിയ നേട്ടം ഇരുമുന്നണികളുടെയും കണക്ക് കൂട്ടല്‍ തെറ്റിക്കും.
ഉപതിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് അരുവിക്കര മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം അപ്പാടെ മാറിയതായാണ്. അരുവിക്കരയില്‍ ഒഴിച്ച് യു.ഡി.എഫ്. എല്ലാ പഞ്ചായത്തുകളിലും ആധിപത്യം നേടി. എന്നാല്‍ എല്‍.ഡി.എഫിന് പഞ്ചായത്തുകളിലുണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെട്ടു. എല്‍.ഡി.എഫ്. ഭരിക്കുന്ന തൊളിക്കോട്, ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍, അര്യനാട് പഞ്ചായത്തുകളില്‍ അവര്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമായി. ഇവിടെ ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്.
ഓരോ അംഗങ്ങള്‍ വീതമുള്ള വിതുരയില്‍ ബി.ജെ.പി. 3756 വോട്ടും വെള്ളനാട് 5154 വോട്ടും നേടി. വെള്ളനാട്ട് സി.പി. എം. 5467 വോട്ടാണ് നേടിയത്. സി.പി.എമ്മിന് ഒപ്പം ബി.ജെ. പി. എത്തിയത് രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചു. വെള്ളനാട്ട് 8 ബൂത്തുകളില്‍ ഒന്നാമതെത്തി. നാല് അംഗങ്ങളുള്ള പൂവച്ചലിലും ബി.ജെ.പി. 6086 വോട്ട് നേടി അഞ്ചു ബൂത്തുകളില്‍ ഒന്നാമതെത്തി. ആര്യനാട്ട് സി.പി.എം. 5828 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി. 3783 വോട്ട് നേടി തൊട്ടടുത്തെത്തി. ആര്യനാട് പഞ്ചായത്തിലെ 18 സീറ്റുകളില്‍ 9 വാര്‍ഡുകള്‍ എല്‍.ഡി.എഫിന്റെ പക്കലാണ്. ബി.ജെ.പി. ക്ക് ഇവിടെ സീറ്റുകളൊന്നുമില്ല. കുറ്റിച്ചലിലും സി.പി.എമ്മിന് ഒപ്പം ബി.ജെ.പി.യെത്തി. സി.പി.എം. 3219 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി. 3055 വോട്ട് നേടി. ഇവിടെയും ഭരണം എല്‍.ഡി.എഫിനാണ്.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തും യു.ഡി.എഫ്. നേടിയപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എട്ട് പഞ്ചായത്തുകളില്‍ മൂന്നെണ്ണം മാത്രമേ യു.ഡി.എഫിന് നിലനിര്‍ത്താനായുള്ളൂ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍. ഡി.എഫ്. ലീഡ് നേടിയ വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍ എന്നീ പഞ്ചായത്തുകള്‍ അവര്‍ക്ക് ഇപ്പോള്‍ നഷ്ടമായി.