ബി.ജെ.പി.യുടെ വളര്‍ച്ച ആശങ്കാജനകം
ന്യൂഡല്‍ഹി: ജി. കാര്‍ത്തികേയന്റെ സ്മരണയോടുള്ള ആദരാഞ്ജലിയാണ് അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീ നാഥന്റെ വന്‍ വിജയമെന്ന് എ.കെ. ആന്റണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി. എഫ്. സര്‍ക്കാറിന്റെയും മുന്നണിയുടേയും വിജയമാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് അരുവിക്കര തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും ആന്റണി പറഞ്ഞു.
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് സംസ്ഥാനത്ത് അധികാരത്തില്‍ തിരച്ചെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയ വനവാസത്തിന്റെ കാലമായിരുക്കുമെന്നും എ.കെ. ആന്റണി അഭിപ്രായപ്പെട്ടു
അരുവിക്കര തിരഞ്ഞടുപ്പില്‍ ബി.ജെ.പി.യുടെ വളര്‍ച്ച ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളത്തിന്റെ സാമൂഹഹികാന്തരീക്ഷത്തിനും സമുദായസൗഹാര്‍ദത്തിനും ഇത് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ്സും യു.ഡി.എഫും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് അരുവിക്കരയില്‍ കാഴ്ചവെച്ചത്. യു.ഡി. എഫിലെ എല്ലാപാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. അരുവിക്കരയില്‍ പ്രകടമായ ഐക്യം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ്സും യു.ഡി.എഫും മുന്നോട്ടുപോയാല്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും.
വി.എസ്. അച്യുതാനന്ദന്‍ തന്നേക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളേക്കുറിച്ചും ആരോപണപ്രത്യാരോപണങ്ങളേക്കുറിച്ചും കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ എ.കെ. ആന്റണി, വി.എസ്. ഇപ്പോഴും കഴിയുന്നത് പഴയവാരിക്കുന്തം സമരത്തിന്റെ കാലഘട്ടത്തിലാണെന്നും അഭിപ്രായപ്പെട്ടു.