വോട്ടുകളേറെയും കാര്‍ത്തികേയന്റെ ഓര്‍മകള്‍ക്ക്‌

സ്വന്തം ലേഖകന്‍ Posted on: 01 Jul 2015

തിരുവനന്തപുരം: തീ പാറിയ പോരാട്ടം നടന്ന അരുവിക്കരയില്‍ യു.ഡി.എഫിന് ഗംഭീരവിജയം ലഭിച്ചതിന് പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. യു.ഡി.എഫിനെതിരായ വികാരങ്ങള്‍ മറികടക്കാന്‍ ഈ ഘടകങ്ങള്‍ക്കായി. ജി.കാര്‍ത്തികേയന്റെ വിയോഗമാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. കാര്‍ത്തികേയനോടുള്ള അരുവിക്കരക്കാരുടെ സ്‌നേഹമാണ് മകന്‍ ശബരിയെ സഹായിച്ച പ്രധാന ഘടകം. അച്ഛന്റെ പേര് ഓര്‍മിപ്പിച്ച് വോട്ട് തേടിയ മകനെ നാട്ടുകാര്‍ ചേര്‍ത്തു പിടിക്കുകയായിരുന്നു. കാര്‍ത്തികേയന്റെ വികസനത്തുടര്‍ച്ചയ്ക്ക് വോട്ടഭ്യര്‍ഥിച്ച യു.ഡി.എഫ്. തന്ത്രവും ഫലം കണ്ടു. അദൃശ്യനായ കാര്‍ത്തികേയന്റെ സാന്നിധ്യം പ്രചാരണകാലത്ത് മണ്ഡലത്തിലുടനീളം നിറഞ്ഞുനിന്നിരുന്നു.

ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണമാണ് ശബരിയെ പിന്തുണച്ച മറ്റൊരു കാര്യം. ബി.ജെ.പി. പേടി കുടുങ്ങിയ മുസ്‌ലിം, നാടാര്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ യു.ഡിഎഫ്. സ്ഥാനാര്‍ഥിക്ക് വീണുകിട്ടി. രാജഗോപാല്‍ പ്രചാരണരംഗത്ത് ശക്തനായി കഴിഞ്ഞപ്പോള്‍ ന്യൂനപക്ഷവോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ആ വിഭാഗത്തിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ ഇതിന് മറുപടിയുണ്ടായി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ തൊളിക്കോട് ഭൂരിപക്ഷം ഹിന്ദുവോട്ടുകളും ബി.ജെ.പി.ക്കാണ് ലഭിച്ചത്. ഇത് ബി.ജെ.പി. പോലും പ്രതീക്ഷിച്ചതല്ല.

വോട്ടെടുപ്പിന്റെ അടുത്ത ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.ഡി.എഫ്. സ്ഥാനാര്‍ഥി ശബരീനാഥന്റെ അമ്മയായ ഡോ.സുലേഖയോട് പറഞ്ഞത് 13,500 വോട്ടിന്റെ ഭൂരിപക്ഷം ശബരിക്ക് കിട്ടുമെന്നാണ്. ഉമ്മന്‍ചാണ്ടി തുടക്കം മുതല്‍ കാണിച്ച ഈ ആത്മവിശ്വാസം ചെറുതല്ലാത്ത ഊര്‍ജം യു.ഡി.എഫ്. പ്രചാരണത്തിന് നല്‍കി. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന വിലയിരുത്തലാണ് അരുവിക്കരയില്‍ കാണാന്‍ പോകുന്നതെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഉമ്മന്‍ചാണ്ടി എതിരാളികളെ ആശയക്കുഴപ്പത്തിലാക്കിയെന്നു പറയാം. വിഴിഞ്ഞം പദ്ധതി, മെട്രോ റെയില്‍ തുടങ്ങിയ വികസനപദ്ധതികളും ജനങ്ങളെ സ്വാധീനിച്ചിരിക്കാം.

രാജഗോപാല്‍ പിടിച്ച വോട്ടുകള്‍ യു.ഡി.എഫിനെ അമ്പരപ്പിച്ചിട്ടുണ്ടെങ്കിലും ഞെട്ടിച്ചത് ഇടതുമുന്നണിെയ ആണ്. വെള്ളനാട്, ഉഴമലയ്ക്കല്‍, പൂവച്ചല്‍ പഞ്ചായത്തുകളില്‍ ഇടതുവോട്ടുകള്‍ വന്‍തോതില്‍ ബി.ജെ.പി. പിടിച്ചെടുത്തിട്ടുണ്ട്. പുതുതായി വോട്ടര്‍ പട്ടികയില്‍ കയറിയത് ഇരുപതിനായിരത്തോളം പേരാണ് അരുവിക്കരയില്‍. ബി.ജെ.പി.ക്ക് പുതുതായി 26000 വോട്ടുകള്‍ കിട്ടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തം, പുതിയ വോട്ടുകള്‍ മാത്രമല്ല ബി.ജെ.പി.ക്ക് ലഭിച്ചത്, പഴയ വോട്ടുകളും കിട്ടി. ബാര്‍ കോഴയും സരിതയും സോളാറുമൊക്കെ വെറും വാര്‍ത്തകളായി മാത്രം അരുവിക്കരക്കാര്‍ വായിച്ചുതള്ളിയെന്നു വേണം കരുതാന്‍.



 

ga