അച്ഛന്റെ മകന്‍

Posted on: 01 Jul 2015

വിജയമധുരം... യു.ഡി.എഫ്. സ്ഥാനാര്‍ഥി ശബരീനാഥന് വിജയവിവരമറിഞ്ഞ് ശാസ്തമംഗലത്തെ വസതിയില്‍ അമ്മ എം.ടി. സുലേഖ മധുരം നല്‍കുന്നു. ഫോട്ടോ: ബിജു വര്‍ഗീസ്



തിരുവനന്തപുരം: ശബരീനാഥന്‍ ചായയ്ക്ക് മധുരം വേണ്ടെന്നു വെച്ചിട്ട് വര്‍ഷങ്ങളായി. അച്ഛന്‍ ജി. കാര്‍ത്തികേയന്‍ മധുരം ഉപേക്ഷിച്ചപ്പോള്‍, ആ മധുരം തനിക്കും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ആദൃശ്യനായ അച്ഛനുവേണ്ടി പല മധുരങ്ങളും ഉപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഈ അവിവാഹിതന്റെ വരവ്.
ഒരു മാസം മുമ്പുവരെ കേരളത്തിന് ശബരീനാഥനെ പരിചയമുണ്ടായിരുന്നില്ല. കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച നിലയിലായിരുന്നു ചര്‍ച്ചകള്‍. അവസാന നാളില്‍ പെട്ടെന്ന് ശബരീനാഥന്‍ എന്ന പേര് ഉയര്‍ന്നപ്പോള്‍ പലരും മൂക്കത്ത് വിരല്‍വെച്ചു. സന്ദേഹങ്ങള്‍ക്ക് അല്പായുസ്സായിരുന്നു. കേരള രാഷ്ട്രീയത്തിലെ പുതിയ താരോദയം തന്നെയാണ് ഈ 31കാരന്‍ എന്ന് പ്രചാരണത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ രാഷ്ട്രീയശത്രുക്കളും സ്വകാര്യമായി സമ്മതിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ കണ്ടത് ഒരു ഇളമുറക്കാരന്റെ രാജകീയമായ കിരീടധാരണവുമായിരുന്നു.

വോട്ടെടുപ്പിന്റെ തലേന്നാള്‍ വെള്ളനാട് ഒരു ചെറിയ കടയില്‍ ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ ശബരി സ്വകാര്യമായി പറഞ്ഞു. ''എനിക്ക് കിട്ടുന്ന വോട്ടുകളില്‍ 60 ശതമാനം അച്ഛനോടുള്ള സ്‌നേഹത്തില്‍ നിന്നുള്ളതായിരിക്കും. 10 ശതമാനം എന്റെ വ്യക്തിത്വത്തില്‍ കിട്ടുമായിരിക്കും''. ഒരു മാസത്തെ പ്രചാരണ ഓട്ടത്തിനിടയില്‍ ശബരി വോട്ടര്‍മാരുടെ മനസ്സ് തിരിച്ചറിഞ്ഞിരിക്കുന്നു. സൗമ്യമായി ചിരിച്ച് ഓരോ ഇടവഴിയിലും ഓടിനടന്ന ശബരീനാഥന്‍ ഏതു പഴക്കം ചെന്ന രാഷ്ട്രീയക്കാരനേയും തോല്‍പ്പിക്കുന്ന പ്രസരിപ്പാണ് കാഴ്ചവെച്ചത്.
യു.െക.ജി. മുതല്‍ പന്ത്രണ്ടാം ക്‌ളാസുവരെ തിരുവനന്തപുരം ലയോള സ്‌കൂളിലായിരുന്നു പഠനം. തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിന്ന് 2005 ല്‍ ബി.ടെക് വിജയിച്ചു. ആ കാലഘട്ടത്തില്‍ കാമ്പസിലെ എസ്.എഫ്.ഐ. ആധിപത്യത്തിനെതിരെ വോയ്‌സ് ഓഫ് സി.ഇ.ടി. എന്ന വിദ്യാര്‍ഥി കൂട്ടായ്മക്ക് രൂപം കൊടുത്തത് ശബരിയാണ്. ഡല്‍ഹി മാനേജ്‌മെന്റ്‌ െഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എം.ബി.എ. നേടിയശേഷം 2008ല്‍ ടാറ്റാ ട്രസ്റ്റില്‍ ചേര്‍ന്നു.

?ശബരീനാഥനെ ശരണം പ്രാപിച്ച യു.ഡി.എഫിന് പിഴച്ചില്ല. വലിയ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഉപതിരഞ്ഞെടുപ്പിലെ കേന്ദ്രബിന്ദുവായതിന്റെ ഭാരങ്ങള്‍ ഇറക്കിവെച്ചുകഴിഞ്ഞു ശബരി. എന്‍ജിനിയര്‍ അനന്തപദ്മനാഭന്‍ ജ്യേഷ്ഠനാണ്.



 

ga