തിരുവനന്തപുരം: അരുവിക്കരയിലെ ബി.ജെ.പി.യുടെ മൂന്നാംസ്ഥാനം അവരെ സംബന്ധിച്ചിടത്തോളം ഒന്നാംസ്ഥാനത്തിന് തുല്യമാണ്.
അരുവിക്കരയില്‍ ബി.ജെ.പി. ഒറ്റപാര്‍ട്ടിയായി മത്സരിച്ചാണ് 34,145 വോട്ടുകള്‍ വാരിക്കൂട്ടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിന്റെ അഞ്ചിരട്ടിയോളം വരുമിത്. മുന്നണികളായി മത്സരിക്കാതെ കോണ്‍ഗ്രസും സി.പി.എമ്മും ഒറ്റയ്ക്കു മത്സരിച്ചിരുന്നുവെങ്കില്‍ ബി.ജെ.പി. യേക്കാള്‍ മുന്നില്‍ വരുമായിരുന്നോ എന്നത് ആ കക്ഷികള്‍ ആലോചിക്കേണ്ട കാര്യം. 2012ലെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലും 2011ലെ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ അഞ്ചിരട്ടി വോട്ടുകള്‍ രാജഗോപാല്‍ നേടിയിരുന്നു. ബി.ജെ.പി.യുടെ കണക്കുകൂട്ടലും പിഴച്ചില്ല. അരുവിക്കരയില്‍ ഏറ്റവും കുറഞ്ഞത് 33,000 വോട്ടുകള്‍ കിട്ടുമെന്നായിരുന്നു അവരുടെ അവസാന കണക്ക്. ഈ കണക്കില്‍ ആയിരത്തിലേറെ വര്‍ധനയാണുണ്ടായത്.
മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷം വരുന്ന തൊളിക്കോട് പഞ്ചായത്തില്‍ 786 വോട്ടുകളാണ് കഴിഞ്ഞതവണ ബി.ജെ.പി.ക്ക് കിട്ടിയത്. ഇക്കുറി ആത് 3006 ആയി ഉയര്‍ന്നു. വെള്ളനാട്, അരുവിക്കര, പൂവച്ചല്‍ പഞ്ചായത്തുകളില്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ ബി.ജെ.പി. നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൂവച്ചലില്‍ നേടിയ 1823 വോട്ടുകളാണ് ഒരു പഞ്ചായത്തില്‍ നിന്ന് ബി.ജെ.പി. നേടിയ കൂടിയ വോട്ടുകള്‍. ഇത്തവണ മൂവായിരത്തില്‍ താഴേക്ക് ഒരു പഞ്ചായത്തിലും പോയില്ല. ഒ. രാജഗോപാലിന്റെ വ്യക്തിത്വത്തിനു കിട്ടിയ വ്യക്തിഗത വോട്ടുകള്‍ കാണാതെ പോകരുത്. 84കാരനായ രാജഗോപാലിന്റെ പ്രായത്തെ പരിഹസിച്ചവര്‍ക്കും അരുവിക്കരയില്‍ ബി.ജെ.പി. മറുപടി നല്‍കി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്തെ ഒരു സുരക്ഷിത മണ്ഡലത്തില്‍ രാജഗോപാല്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചനയും ബി.ജെ.പി. നേതൃത്വം നല്‍കുന്നു.
വരുന്ന തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കും
ന്യൂഡല്‍ഹി: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുരോഗതിയുണ്ടാക്കാനാവുമെന്ന് കേന്ദ്രനേതൃത്വം. 24000 അംഗങ്ങളുള്ള അരുവിക്കരയില്‍ 34000ല്‍ അധികം വോട്ടുനേടാനായത് ബി.ജെ.പിക്ക് സംസ്ഥാനത്ത് പ്രതീക്ഷ നല്‍കുന്നുവെന്നും കേരളത്തിന്റെ ചുമതലയുള്ള ജി.എല്‍.വി. നരസിംഹറാവു വ്യക്തമാക്കി.