രണ്ടരമണിക്കൂറിന്റെ ആകാംക്ഷ; തുടക്കംമുതല്‍ ഒടുക്കംവരെ ശബരി

എം. ബഷീര്‍ Posted on: 01 Jul 2015

തിരുവനന്തപുരം: രണ്ടര മണിക്കൂര്‍ നീണ്ട വോട്ടെണ്ണല്‍. ഒരിക്കല്‍പോലും എതിരാളികള്‍ക്ക് മുന്നില്‍ അടിയറവുപറയാതെ ആധികാരിക വിജയം. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ ഭൂരിപക്ഷം 70ല്‍ ആരംഭിച്ച് 10128 ആകുമ്പോഴേക്കും 155 ബൂത്തുകളിലൊരിടത്തും ശബരിക്ക് കാലിടറിയില്ല. ഇഞ്ചോടിഞ്ചുപോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി അത് ഏകപക്ഷീയമായിരുന്നെന്ന്. ഇടതു സ്ഥാനാര്‍ഥി എം. വിജയകുമാറിനോ ബി.ജെ.പി. സ്ഥാനാര്‍ഥി ഒ. രാജഗോപാലിനോ ഒരിക്കല്‍പോലും കെ. എസ്. ശബരീനാഥന് വെല്ലുവിളി ഉയര്‍ത്താന്‍ പോലുമായില്ല.

തൈക്കാട് ഗവ. സംഗീത കോളേജില്‍ രാവിലെ 7.50ന് തന്നെ സ്‌ട്രോങ് റൂമില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണുന്ന ഹാളിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയിരുന്നു. പ്രതീക്ഷിച്ചതിലും അല്പം വൈകിയായിരുന്നു സ്‌ട്രോങ് റൂം തുറക്കാനായത്. തുടര്‍ന്ന് 8.10 ഓടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആറ് പോസ്റ്റല്‍ വോട്ടില്‍ ഓരോന്ന് വീതം മൂന്നുസ്ഥാനാര്‍ഥികളും നേടി. മൂന്നെണ്ണം നിരാകരിച്ചു. 8.25 ഓടെ തൊളിക്കോട് പഞ്ചായത്തിലെ രണ്ട് ബൂത്തുകള്‍ എണ്ണി പൂര്‍ത്തിയാക്കിയപ്പോള്‍ ശബരിയുടെ ലീഡ് 70 ആയിരുന്നു.

എട്ടേമുക്കാലോടെ തൊളിക്കോട് പഞ്ചായത്തിലെ 17 ബൂത്തുകളും എണ്ണിക്കഴിഞ്ഞു. അപ്പോള്‍ ലീഡ് 1422 ആയി. തൊളിക്കോടിലെ 11ാം ബൂത്ത് എണ്ണുമ്പോള്‍ മാത്രമാണ് ഭൂരിപക്ഷം അല്‍പം താഴേക്ക് പോയത്. 8.49 ആയപ്പോഴേക്കും വിതുര പഞ്ചായത്തിലെ 18ാം നമ്പര്‍ ബൂത്ത് എണ്ണിക്കഴിഞ്ഞിരുന്നു. ഭൂരിപക്ഷം 1466. അവിടെ നിന്നും ഭൂരിപക്ഷത്തിലെ നേരിയ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ 2474 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹം, വിതുര പൂര്‍ത്തിയാകുമ്പോള്‍ നിലനിര്‍ത്തി. തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്നതിന്റെ കൃത്യമായ സൂചനയായിരുന്നു അത്.

ആര്യനാട്ട് ശക്തമായി മടങ്ങിവരുമെന്ന സി.പി.എം. പ്രതീക്ഷ തകര്‍ത്ത് ശബരീനാഥന്‍ ഭൂരിപക്ഷം 3923 ആയി വര്‍ധിപ്പിച്ചു. അരുവിക്കര മണ്ഡലത്തിലെ 56ാം ബൂത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ 19707 വോട്ടുകളാണ് ശബരീനാഥന് ലഭിച്ചത്. വിജയകുമാറിനാകട്ടെ 15784 വോട്ടും. സമയം 9.25 ആയപ്പോള്‍ തന്നെ യു.ഡി.എഫിന്റെ വിജയം ഏകദേശം ഉറപ്പിച്ച മട്ടായിരുന്നു.

ഉഴമലയ്ക്കല്‍ പഞ്ചായത്ത് എണ്ണിത്തുടങ്ങുമ്പോള്‍ ഭൂരിക്ഷം 3870 ആയിരുന്നെങ്കില്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അത് 4291 ആയി. 9.40 മണിയായപ്പോള്‍ 50 ശതമാനം ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞിരുന്നു. അപ്പോള്‍ ഭൂരിപക്ഷം 5391 ആയിരുന്നു. വെള്ളനാട് പഞ്ചായത്ത് എണ്ണിക്കഴിയുമ്പോള്‍ ആ ഭൂരിപക്ഷം 6625 ആയി ശബരീനാഥന്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

അരുവിക്കര പഞ്ചായത്തിലെ 90ാം നമ്പര്‍ ബൂത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ ശബരീനാഥന്റെ ഭൂരിപക്ഷം 6789 ആയിരുന്നു. പഞ്ചായത്തിലെ അവസാന ബൂത്തായ 113 എണ്ണുമ്പോള്‍ ഭൂരിപക്ഷം 6492 ആയി കുറഞ്ഞു.

പൂവച്ചലിലെ ആദ്യ മൂന്ന് ബൂത്തുകളിലും ഭൂരിപക്ഷം കുറഞ്ഞ് 6050 വരെയെത്തിയതോടെ വിജയകുമാര്‍ മുന്നേറ്റം നടത്തുകയാണോ എന്ന സംശയവും എത്തി. എന്നാല്‍ പിന്നീട് തുടങ്ങിയ കുതിപ്പ് ഭൂരിപക്ഷം 8631ല്‍ എത്തിക്കുകയും ചെയ്തു. അപ്പോള്‍ പൂവച്ചല്‍ പഞ്ചായത്തിലെ എല്ലാ ബൂത്തുകളും എണ്ണിക്കഴിഞ്ഞിരുന്നു. ഇതിനിടെ 120ാം നമ്പര്‍ ബൂത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാജഗോപാലിന്റെ വോട്ട് കാല്‍ ലക്ഷം കടന്ന് 25550 ആയി. പൂവച്ചല്‍ പഞ്ചായത്തിലെ വോട്ടെണ്ണിത്തീരുമ്പോള്‍ 8631 വോട്ടായിരുന്നു ശബരീനാഥന് ഭൂരിപക്ഷം. ആര്യനാട് പഞ്ചായത്തിലെ 13 ബൂത്തുകള്‍ കൂടി എണ്ണാനുള്ളപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 10000 കടക്കുമോ എന്നതിലായിരുന്നു എല്ലാവരുടെയും ആകാംക്ഷ. 10.30ന് 150ാം നമ്പര്‍ ബൂത്തിലെ വോട്ട് എണ്ണിക്കഴിയുമ്പോള്‍ ഭൂരിപക്ഷം 9635 ആയി.

154ാം ബൂത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ശബരിയുടെ ഭൂരിപക്ഷം 10063 ആയി. അവസാന ബൂത്തും എണ്ണിക്കഴിയുമ്പോള്‍ ശബരീനാഥന്റെ തേരോട്ടം 56448 വോട്ടില്‍ അവസാനിച്ചു. തൊട്ടടുത്ത സ്ഥാനാര്‍ഥി എം. വിജയകുമാറിനെക്കാള്‍ 10128 വോട്ടിന്റെ ഭൂരിപക്ഷം. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് അപ്പോള്‍ ആരവം ഉച്ചസ്ഥായിയിലെത്തിയിരുന്നു. അതിനിടയിലൂടെ പ്രവര്‍ത്തകരുടെ തോളിലേറി കെ.എസ്. ശബരീനാഥന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി. പിന്നീട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും പ്രവര്‍ത്തകര്‍ക്കിടയിലേക്ക്...



 

ga