ഇരുതലമൂര്‍ച്ചയുള്ള വാള്‍ പോലെ തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി ആഞ്ഞടിച്ച് കത്തിക്കയറിയ പി.സി ജോര്‍ജിനാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. യു.ഡി.എഫില്‍ നിന്നുകൊണ്ട് ആ സ്ഥാനര്‍ഥിക്കെതിരെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി പാരവെച്ചിട്ടും അത് ഫലിക്കാതെ വന്നതോടെ ജോര്‍ജിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ശേഷിക്കുന്നത്.
നാടാര്‍-മുസ്ലിം വോട്ടുകള്‍ ചോര്‍ത്തിയെടുത്ത് യു.ഡി.എഫിനെ തറപറ്റിക്കുകയായിരുന്നു ജോര്‍ജ് അരുവിക്കരയില്‍ ലക്ഷ്യമിട്ടത്. ശബരീനാഥിനെ തോല്‍പിക്കാന്‍ അഴിമതിവരുദ്ധ മുന്നണിയുണ്ടാക്കി(എ.സി.ഡി.എഫ്) അതിന്റെ ബാനറില്‍ നാടാര്‍ വിഭാഗത്തില്‍ നിന്നും കെ.ദാസിനെ മത്സരിപ്പിച്ച് യു.ഡി.എഫിന് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന വലിയ ദൗത്യമാണ് പി.സി പരീക്ഷിച്ചത്. യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു എന്നത് മാത്രമല്ല ജോര്‍ജിന്റെ സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശുപോലും കിട്ടിയില്ല.
മണ്ഡലത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥി എന്ന രീതിയിലായിരുന്നു കെ.ദാസിനെ അവതരിപ്പിച്ചത്. 8000 ത്തോളം പേരെ പങ്കെടുപ്പിച്ച് വോട്ടിങ്ങ് നടത്തി അതില്‍ 5400 പേരുടെ പിന്തുണയുള്ള ആളാണ് ദാസ് എന്നായിരുന്നു അവകാശവാദം.
ഫലം വന്നപ്പോള്‍ ദാസിനെ സ്ഥാനാര്‍ഥിയാക്കാന്‍ വോട്ട് ചെയ്ത അത്രയും വോട്ട് പോയിട്ട് ആകെ കിട്ടിയത് 1197 വോട്ടാണ്. എന്ന് മാത്രമല്ല യു.ഡി.എഫിനെ അരുവിക്കരയില്‍ വീഴ്ത്തുക എന്ന വലിയ ലക്ഷ്യം പാളുകയും ചെയ്തു. എ.സി.ഡി.എഫ് ജയിക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി നാലാം സ്ഥാനത്താകും എന്നായിരുന്നു ജോര്‍ജ് ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ചര്‍ച്ചകളില്‍ ദാസ് 15,000 വോട്ടുവരെ പിടിക്കും എന്ന നിലയിലേക്ക് അവകാശവാദം ചുരുങ്ങി.
അന്തിമ ഫലം വന്നപ്പോള്‍ എസ്.ഡി.പി.ഐ, ഡി.എച്ച്.ആര്‍.എം.സ്, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങി അമ്പതോളം സംഘടനയുടെ പിന്തുണ അവകാശപ്പെട്ട എ.സി.ഡി.എഫിന് ആകെ കിട്ടിയത് 1197 വോട്ടാണ്. ഇത് ജോര്‍ജിന്റെ നില കൂടുതല്‍ പരുങ്ങലിലാകും. കന്നിയങ്കത്തില്‍ ശക്തി തെളിയിക്കാന്‍ ഇറങ്ങി ഒന്നുമാകാത്ത ദുഷ്‌കരമായ സാഹചര്യം.
പി.സി ജോര്‍ജിനെ അയോഗ്യനാക്കാനുള്ള അണിയറനീക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ കുറച്ചുകാലമായി നടന്നുവരുകയാണ്. പി.ജെ.ജോസഫ് വിഭാഗമാണ് പ്രധാനമായും ജോര്‍ജിനെ അയോഗ്യനാക്കണമെന്ന വാശിയില്‍ നില്‍ക്കുന്നത്. കെ.എം മാണിയാകട്ടെ കൂറുമാറ്റത്തിന്റെ ഭീഷണിയില്‍ പെടുത്തി ജോര്‍ജിനെ സഭയുടെ ശേഷിക്കുന്ന കാലാവധി മെരുക്കുക എന്ന തന്ത്രത്തിലും. ശബരീനാഥിന്റെ വിജയത്തോടെ യു.ഡി.എഫിന്റെ അംഗബലം വര്‍ധിച്ച സാഹചര്യത്തില്‍ ഇനി ജോര്‍ജിന്റെ ചിറകരിയാന്‍ പാര്‍ട്ടി ഒരുങ്ങും. ജോര്‍ജിനെ അയോഗ്യനാക്കാനുള്ള നീക്കങ്ങള്‍ ഇനി അവര്‍ സജീവമാക്കിയേക്കാം. അതിനുള്ള തെളിവുകള്‍ അവര്‍ ശേഖരിച്ചുകഴിഞ്ഞു. സ്പീക്കറുടെ നിലപാട് ഇനി നിര്‍ണായകമാകും. അയോഗ്യനാക്കിയാല്‍ ജോര്‍ജ് നിയമപോരാട്ടത്തിന് ഇറങ്ങും