തിരുവനന്തപുരം: അരുവിക്കര യു.ഡി.എഫിനൊപ്പം അടിയുറച്ച് നിന്നതോടെ യു.ഡി.എഫിനോട് ഗുഡ്‌ബൈ പറഞ്ഞ് ഇറങ്ങിയ കേരള കോണ്‍ഗ്രസ് ബിയുടെ ഭാവി ഇനി എന്താകും.
എല്‍.ഡി.എഫ് പ്രചാരണയോഗങ്ങളില്‍ കുറിക്കുകൊള്ളുന്ന പരിഹാസവുമായി നിറഞ്ഞുനിന്ന നേതാക്കളില്‍ ഒരാള്‍ ഗണേഷ്‌കുമാറായിരുന്നു. അച്ഛന്‍ ആര്‍.ബാലകൃഷ്ണപിള്ള പ്രധാനമായും അണിയറയിലാണ് പ്രവര്‍ത്തിച്ചത്. യു.ഡി.എഫിന് ലഭിക്കാന്‍ സാധ്യതയുള്ള നായര്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലായിരുന്നു പിള്ളയുടെ നോട്ടം.
ഒട്ടേറെ യോഗങ്ങളില്‍ പിള്ള പങ്കെടുത്ത് യു.ഡി.എഫിനെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. താന്‍ വിട്ടുപോന്നതോടെ യു.ഡി.എഫിന് ഇനി കാര്യമായി നായര്‍വോട്ടുകള്‍ ലഭിക്കില്ല എന്ന അവകാശവാദവും ബാലകൃഷ്ണപിള്ള നടത്തിയിരുന്നു.
യു.ഡി.എഫിന്റെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന വി.എസ് താന്‍ നടത്തിയ നിയമപോരാട്ടത്തിലൂടെ അഴിമതിക്കേസില്‍ ശിക്ഷ അനുവദിച്ച പിള്ളയ്‌ക്കൊപ്പം പൊതുവേദിയില്‍ കൈകോര്‍ക്കുന്നതും കേരളം കണ്ടു. ഇതും ഇടതുപക്ഷത്തിന് ഗുണത്തെക്കാളേറെ തിരിച്ചടിയായി.
ഭരണപക്ഷത്തിന് പ്രതിപക്ഷത്തെ അടിക്കാനുള്ള വടിയാക്കി അവര്‍ ഇത് ഉപയോഗിച്ചു. ഈ തോല്‍വിയോടെ ഇടതുപക്ഷത്തിന്റെ വാതില്‍ തുറന്നുകിട്ടാന്‍ കാത്തുകഴിയുന്ന പിള്ളയ്ക്കും ഗണേഷിനും ഇനി കാര്യങ്ങള്‍ അത്രപന്തിയാകില്ല.