അടിതെറ്റി വി.എസ്സും പിണറായിയും

Posted on: 30 Jun 2015


അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞത് അരുവിക്കര സി.പി.എമ്മിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നാണ്. ഫലം വരുമ്പോള്‍ ഉയരുന്നതും സി.പി.എമ്മിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. വി.എസ്സും ഔദ്യോഗികവിഭാഗവും പോര്‍വിളി നടത്തിവന്ന കഴിഞ്ഞ 10 വര്‍ഷത്തില്‍ അരുവിക്കര പോലെ സി.പി.എം ഒരേമനസ്സോടെ ചിട്ടയായി പ്രവര്‍ത്തിച്ച മറ്റൊരു ഇലക്ഷനും ഇല്ല. സി.പി.എമ്മിന്റെ പ്രചാരണം മുന്നില്‍ നിന്ന് നയിച്ച വി.എസ്സിനും അണിയറയില്‍ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച പിണറായിക്കും ഒരു പോലെ തിരിച്ചടിയായി ഈ ഫലം. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച നേതാവായിരുന്നു വിജയകുമാര്‍. മുന്‍ മന്ത്രി, സ്പീക്കര്‍, സംസ്ഥാന കമ്മിറ്റി അംഗം എന്നീ യോഗ്യതകള്‍ വിജയകുമാറിനുണ്ടായിരുന്നു. എന്നിട്ടും തോറ്റു. അതും ഒരു പുതുമുഖത്തോട്.

സഹതാപതരംഗം ഇല്ലാ എന്ന് ആവര്‍ത്തിച്ചപ്പോഴും അത് ഒരു ഘടകമായിരുന്നുവെന്ന് സി.പി.എമ്മിനറിയാം. അവരുടെ വിശദീകരണവും ഈ ന്യായത്തിലായിരിക്കും. എന്നാല്‍ അതിനപ്പുറമാണ് യാഥാര്‍ഥ്യം. ബി.ജെ.പിയുടെ വളര്‍ച്ച തങ്ങളെയാണ് തളര്‍ത്തുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ളതായിരുന്നു കോടിയേരിയുടെ ഇന്നലത്തെ പ്രസ്താവന. സി.പി.എമ്മിനെയാണ് ചവിട്ടുപടിയായി ബി.ജെ.പി കാണുന്നതെന്നതിന്റെ ഉദ്‌ഘോഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. അരുവിക്കരയിലേക്കെത്തുമ്പോള്‍ ബി.ജെ.പി വോട്ട് പലമടങ്ങ് വര്‍ധിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സി.പി.എം അതിന്റെ എല്ലാ സംഘശേഷിയും ഉപയോഗിച്ചു. വോട്ടെടുപ്പിനോട് അടുത്ത ദിവസങ്ങളില്‍ ഫെനിയുടെയും സരിതയുടേതുമായി പുതിയ വെളിപ്പെടുത്തലുകള്‍ വന്നു. അങ്ങനെ പതിനെട്ടാമത്തെ അടവും പയറ്റാന്‍ കഴിഞ്ഞു. പക്ഷം ജനം അത് തള്ളി. സോളാറും സരിതയും ബാര്‍കോഴയിലും മാത്രം ഊന്നി ചര്‍ച്ചമാറ്റിയ എല്‍.ഡി.എഫിന്റെ അരുവിക്കരയില്‍ യാതൊരു വികസനവും വന്നിട്ടില്ല എന്നുള്ള ആക്ഷേപം തിരിച്ചടിച്ചു. കാല്‍നൂറ്റാണ്ടായി പ്രതിനിധീകരിക്കുന്ന വ്യക്തിക്ക് ആ മണ്ഡലത്തിലുണ്ടാകാവുന്ന വൈകാരികബന്ധത്തെ സി.പി.എം കുറച്ചുകണ്ടു.


ജനസമ്മതി വോട്ടായില്ല: വി.എസിന് ക്ഷീണം

വി.എസ്-ആന്റണി വാക്‌പോരില്‍ ഏറ്റവും ഒടുവില്‍ ആന്റണി പറഞ്ഞത് വി.എസ്സിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നാണ്. പൊതുയോഗങ്ങളില്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയിട്ടും റോഡ്‌ഷോ വരെ നടത്തി സ്റ്റാര്‍ കാംപയിനറായി നിറഞ്ഞുനിന്നിട്ടും അതൊന്നും വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല എന്ന് വരുമ്പോള്‍ വി.എസ്സിനും അത് കനത്ത തിരിച്ചടിയാണ്. തന്റെ ജനസമ്മതി ആയുധമാക്കിയാണ് വി.എസ് ഇതുവരെ പാര്‍ട്ടിക്കുള്ളില്‍ പോരാടിയത്. പാര്‍ട്ടി വിരുദ്ധനും ആപത്ഘട്ടങ്ങളില്‍ യു.ഡി.എഫിനെ സഹായിക്കുന്നയാളെന്നും പാര്‍ട്ടി തന്നെ മുദ്രയടിച്ച വി.എസ്സ് ഇനി പഴയ വെല്ലുവിളി തുടര്‍ന്നാല്‍ അത് വകവച്ചുകൊടുക്കാന്‍ ഔദ്യോഗികനേതൃത്വം തയാറാകില്ല.

'മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക്' ആദ്യ അങ്കത്തില്‍ തന്നെ തിരിച്ചടി

സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ് പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിട്ടാണ് പിണറായി അരുവിക്കരയിലേക്കെത്തിയത് എന്നായിരുന്നു വിശേഷണം.വി.എസ്സ് പ്രചാരണത്തിന്റെ സര്‍വസൈന്യാധിപനായപ്പോള്‍ ഒരിക്കല്‍ പോലും ഒരു യോഗത്തിലും പ്രസംഗിക്കാതെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് പിണറായിയായിരുന്നു. 153 ബൂത്തുകമ്മിറ്റികളും നേരിട്ട് പങ്കെടുത്ത് സി.പി.എമ്മിനെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാന്‍ പിണറായിക്കായി. പാര്‍ട്ടി വോട്ടുകള്‍ എതിര്‍ചേരിയിലേക്ക് പോകാതെ തടയാനുള്ള എല്ലാ മുന്‍കരുതലുമെടുത്തു. എന്നിട്ടും തോറ്റു.

തുടക്കം പാളി സെക്രട്ടറി

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ തോല്‍വി അദ്ദേഹത്തിനും തിരിച്ചടിയാണ്. അരുവിക്കരയില്‍ ഏറ്റവും കൂടുതല്‍ തവണ വാര്‍ത്താസമ്മേളനം നടത്തി നിറഞ്ഞുനിന്നത് കോടിയേരിയായിരുന്നു. പിണങ്ങി നിന്ന വി.എസ്സിനേയും പിണറായിയേയും ഒരുമിച്ച് പടനയിക്കാന്‍ നിയോഗിക്കാന്‍ കോടിയേരിക്കായി. ചിരിക്കുന്ന സെക്രട്ടറി വന്നിട്ടും തോല്‍വിതുടര്‍ക്കഥ തന്നെ.

ശബരിനാഥിന്റെ വിജയത്തോടെ യു.ഡി.എഫില്‍ നിന്ന് ഏതെങ്കിലും ഒരുകക്ഷിയെ അടര്‍ത്തിയെടുക്കുക സി.പി.എമ്മിന് ഇനി അത്ര എളുപ്പമാകില്ല. സുരക്ഷിതവണ്ടിയായി യു.ഡി.എഫ് ഓടുമ്പോള്‍ അതില്‍ നിന്ന് ചാടാന്‍ തത്കാലം ഒരു കക്ഷിയും ശ്രമിക്കണമെന്നില്ല. ആസന്നമാകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന എല്‍.ഡി.എഫിന് ഈ വന്‍തോല്‍വി ഒട്ടും ശുഭകരമല്ല. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പരിഹരിക്കാതെ ഇനി സി.പി.എമ്മിന് എത്ര കണ്ട് മുന്നോട്ട് പോകാനാകുമെന്ന ചോദ്യവും ഉയരും.. അക്രമരാഷ് ടീയമെന്ന എതിരാളികളുടെ ആരോപണം സാധൂകരിക്കുന്നതായി അരുവിക്കര തിരഞ്ഞെടുപ്പിന് മുമ്പ് കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ച സംഭവം. സോളാറും സരിതയും ആഘോഷിച്ചിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല. ആ ആരോപണത്തിന്റെ നിഴലിലുണ്ടായിരുന്നു കെ.സി വേണുഗോപാലും, കൊടിക്കുന്നില്‍ സുരേഷും ജയിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് അരുവിക്കരയിലേക്കെത്തുമ്പോള്‍ സി.പി.എമ്മിന് അധികമായി കിട്ടിയ ആയുധം ബാര്‍കോഴയായിരുന്നു. അതും ചര്‍ച്ചയാക്കിയിട്ടും ഫലിച്ചില്ല.



 

ga