അരുവിക്കരയില്‍ കൂട്ടലും കിഴിക്കലും തകൃതി

Posted on: 27 Jun 2015

അരുവിക്കര: ആര്‍ക്കും വ്യക്തമായ ആധിപത്യമില്ലാത്ത അവസ്ഥയില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന അരുവിക്കരയില്‍ കൂട്ടലും കിഴിക്കലിലുമായി ഇരു മുന്നണികളും ബി.ജെ.പി.യും തലപുകയ്ക്കുന്നു.
പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ലഭിച്ച മേല്‍ക്കൈ മുതലാക്കാന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശബരീനാഥന് കഴിഞ്ഞിരുന്നു. പിന്നീട് ഓടി ഒപ്പമെത്തുകയായിരുന്നു എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വിജയകുമാര്‍. ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാലും അവസാന ലാപ്പില്‍ ഇവര്‍ക്ക് തോളോടുതോള്‍ ചേര്‍ന്നു. വോട്ടെടുപ്പിലേക്ക് മണ്ഡലം നീങ്ങുമ്പോള്‍ മൂന്നുപേരും ഒപ്പത്തിനൊപ്പമാണ്. പുറത്ത് പരസ്യമായി പറയുന്നില്ലെങ്കിലും മൂന്ന് വിഭാഗവും ഈ നിഗമനത്തിലാണെന്നതാണ് വാസ്തവം. ജി.കാര്‍ത്തികേയന്റെ ഓര്‍മയുണര്‍ത്തി എത്തിയ യു.ഡി.എഫ്., വികസനവും ജനങ്ങളുടെ മുന്നില്‍ വെച്ചു. കോഴ വിവാദങ്ങള്‍ ഉയര്‍ത്തിയാണ് എല്‍.ഡി.എഫ്. ഇതിനെ പ്രതിരോധിച്ചത്.
കാല്‍നൂറ്റാണ്ടിന്റെ കൈവശാവകാശം മണ്ഡലത്തില്‍ യു.ഡി.എഫിനുണ്ട്. അവസാന കണക്കെടുപ്പില്‍ ആകെയുള്ള 153 ബൂത്തുകളില്‍ 90 എണ്ണത്തില്‍ വരെയാണ് യു.ഡി.എഫ്. മുന്‍തൂക്കം കാണുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞടുപ്പില്‍ 57 ബൂത്തുകളില്‍ മുന്നിലെത്തുകയും 24 ബൂത്തുകളില്‍ നിസ്സാര വോട്ടുകള്‍ക്ക് അവര്‍ പിന്നിലാവുകയും ചെയ്തിരുന്നു. ഈ നില ഇത്തവണ മെച്ചപ്പെടാം. പൂവച്ചല്‍, വെള്ളനാട് വലിയ മുന്നേറ്റം അവര്‍ പ്രതീക്ഷിക്കുന്നു. ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷം മുന്നണി കണക്കുകൂട്ടുന്നുണ്ട്.
ഇടത് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴില്ലെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. 90 ബൂത്തുകളുടെ കണക്കാണ് വോട്ടെടുപ്പിന്റെ തലേനാള്‍ സി.പി.എം. മുന്നോട്ടുവെക്കുന്നത്. തൊളിക്കോട്, ഉഴമലയ്ക്കല്‍, വിതുര, ആര്യനാട് പഞ്ചായത്തുകളില്‍ വലിയ ലീഡ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്. വെള്ളനാട് പഞ്ചായത്തില്‍ മാത്രമാണ് എല്‍.ഡി.എഫ്. അല്പമെങ്കിലും പിന്നാക്കം പോകാന്‍ സാധ്യതയെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.
അരുവിക്കരയില്‍ അത്ഭുതങ്ങള്‍ നടക്കുമെന്ന് ബി.ജെ.പി. വിശ്വസിക്കുന്നു. വീരണക്കാവ്, വെള്ളനാട്, ഉഴമലയ്ക്കല്‍ പ്രദേശങ്ങളിലാണ് അവരുടെ പ്രതീക്ഷ. അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്. പഞ്ചായത്തുകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഇരു മുന്നണികളെയും അരുവിക്കരയില്‍ രാജഗോപാല്‍ മറികടക്കുമെന്ന്, ഒരു മാസമായി മണ്ഡലത്തിലുള്ള ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരായ കെ.പി.ശ്രീശനും കെ.സുരേന്ദ്രനും തറപ്പിച്ചുപറയുന്നു. സമുദായസംഘടനകളുടെ പിന്തുണയും അവര്‍ എടുത്തുകാട്ടുന്നു.
അഴിമതിവിരുദ്ധമുന്നണി സ്ഥാനാര്‍ഥി കെ.ദാസിന്റെ സാന്നിധ്യം അവസാന ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രകടമായിരുന്നു. എസ്.ഡി.പി.ഐ.യുടെ പിന്തുണ ദാസിനുണ്ട്. പി.ഡി.പി. സ്ഥാനാര്‍ഥി പൂന്തുറ സിറാജ് മത്സരരംഗത്തുണ്ടെങ്കിലും ആര്‍ക്കെങ്കിലും അദ്ദേഹം ഭീഷണിയായ നില നിലവിലില്ല. രാഷ്ട്രീയത്തിനപ്പുറം മതപരമായ ധ്രുവീകരണത്തിനുള്ള സാധ്യത ഇരു മുന്നണികളും ബി.ജെ.പി.യും തള്ളിക്കളയുന്നില്ല.



 

ga