അരുവിക്കര: ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരുവിക്കരയില്‍ പ്രമുഖരുടെ പടതന്നെ എത്തി. വരുമെന്ന് കരുതിയവര്‍ പലരും എത്തിയതുമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമായിരുന്നു പ്രചാരണത്തിന് ഇരുമുന്നണിയുടെയും അമരത്ത് നിന്നത്.
എ.കെ.ആന്റണി, സംസ്ഥാന മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങള്‍, എം.പി.വീരേന്ദ്രകുമാര്‍, എ.എ.അസീസ്, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., ചലച്ചിത്ര താരം ഖുശ്ബു തുടങ്ങിയവര്‍ പ്രചാരണത്തിനെത്തിയിരുന്നു. പ്രചാരണരംഗത്ത് അഭാവം ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും കഴിഞ്ഞദിവസം പിണറായി വിജയന്‍ മണ്ഡലത്തില്‍ പത്രസമ്മേളനം നടത്തി തന്റെ സാന്നിധ്യമറിയിച്ചു. കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ എല്‍.ഡി.എഫിനുവേണ്ടി മണ്ഡലത്തിലുണ്ടായിരുന്നു.
ബി.ജെ.പി.ക്കുവേണ്ടി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, നടന്‍ സുരേഷ്‌ഗോപി എന്നിവര്‍ അവസാനദിവസത്തില്‍ മണ്ഡലത്തിലെത്തി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും മറ്റ് സംസ്ഥാന നേതാക്കളും ദിവസങ്ങളായി മണ്ഡലത്തില്‍തന്നെയുണ്ടായിരുന്നു.
യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കുവേണ്ടി രാഹുല്‍ഗാന്ധിയോ ആന്റണി ഒഴികെയുള്ള കേന്ദ്രനേതാക്കളോ അരുവിക്കരയിലെത്തിയില്ല. മുകുള്‍വാസ്‌നിക്ക് എത്തുമെന്നറിയിച്ചിട്ടും അദ്ദേഹവും വന്നില്ല. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കുവേണ്ടി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോ പ്രകാശ് കാരാട്ടോ പ്രചാരണത്തിനെത്തിയില്ല. ബി.ജെ.പി. സ്ഥാനാര്‍ഥിക്കുവേണ്ടി കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, രാജീവ്പ്രതാപ് റൂഡി എന്നിവര്‍ എത്തുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നത്. അവരും മണ്ഡലത്തിലെത്തിയില്ല.