അരുവിക്കര: ഉപതിരഞ്ഞെടുപ്പിന്റെ തലേന്നാളായ വെള്ളിയാഴ്ച അരുവിക്കര മണ്ഡലം ശാന്തമായിരുന്നു. ഒരു മാസം നീണ്ട പ്രചാരണ കോലാഹലങ്ങളുടെ ക്ഷീണത്തില്‍ മണ്ഡലം മയങ്ങുംപോലെ. എന്നാല്‍, മഴയും വെയിലുംകൊണ്ട് ഒരുമാസം തളാരാതെ ഓടിയ സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ചയും വിശ്രമമില്ലായിരുന്നു. വിട്ടുപോയ വോട്ടര്‍മാരെ തേടിയുള്ള ഓട്ടവും കല്യാണം, പാലുകാച്ചല്‍ ചടങ്ങുകളുമായി അവര്‍ തിരക്കില്‍ത്തന്നെയായിരുന്നു. അടിയൊഴുക്കുകള്‍ക്ക് തടയിടലും സാധ്യത തേടലുമൊക്കെ ഇതിനിടയില്‍ നടന്നു.
ഇരുമുന്നണികളുടെയും ബി.ജെ.പി.യുടെയും പ്രവര്‍ത്തകര്‍ പുലര്‍ച്ചെ മുതല്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലായിരുന്നു. സ്ലൂപ്പ് വിതരണവും വോട്ടുറപ്പിക്കലും തകൃതിയായി നടന്നു. വിജയം ഉറപ്പെന്ന് മൂന്ന് സ്ഥാനാര്‍ഥികളും നേതാക്കളും ആണയിട്ട് പറയുമ്പോള്‍, വലിയ ഭൂരിപക്ഷത്തിന് ആരെയും വിജയിപ്പിച്ചയയ്ക്കാന്‍ സാധ്യതയില്ലെന്ന് നാട്ടുകാരും പറയുന്നു.
1,84,223 വോട്ടര്‍മാരാണ് പുതുക്കിയ വോട്ടര്‍പ്പട്ടിക പ്രകാരം മണ്ഡലത്തിലുള്ളത്. ഇവരില്‍ 97,535 സ്ത്രീകളും 86,688 പുരുഷന്മാരുമുണ്ട്്്. പതിനൊന്നായിരം പുതിയ വോട്ടര്‍മാരുമുണ്ട്.
യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്‍ വെള്ളിയാഴ്ച രാവിലെ ആറുമണിക്കുതന്നെ മണ്ഡലത്തിലെത്തി. അരുവിക്കര പഞ്ചായത്തിലെ കാച്ചാണിയിലാണ് ആദ്യമെത്തിയത്. വെള്ളനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട് പ്രദേശങ്ങളിലും ശബരി എത്തി. ഒന്നുരണ്ട് കല്യാണങ്ങളിലും ഒരു മരണവീട്ടിലും ശബരി പോയി. വെള്ളനാട് ഫ്രണ്ട്‌സ് ട്യൂഷന്‍ സെന്ററിലും ആചാര്യ ട്യൂട്ടോറിയലിലും കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഉഴമലയ്ക്കലിലേക്ക് പോയി. വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി തറപ്പിച്ചുപറഞ്ഞു.
വിതുര, പനയ്‌ക്കോട് പ്രദേശങ്ങളിലായിരുന്നു വെള്ളിയാഴ്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വിജയകുമാര്‍. ഒരു മരണവീട് അദ്ദേഹം സന്ദര്‍ശിച്ചു. ചില സ്വകാര്യ ചടങ്ങുകളിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം അദ്ദേഹം ആര്യനാട്ടെത്തി. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും നല്ല ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുമെന്നും വിജയകുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഉഴമലയ്ക്കല്‍ ചക്രപാണിപുരത്ത് ക്ഷേത്രദര്‍ശനം നടത്തിയ ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍, മണ്ഡലത്തില്‍ ചില പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ആര്യനാട്ടെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം അടുത്ത പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. ഉച്ചയ്ക്കുശേഷം വിതുര ഭാഗങ്ങളിലായിരുന്നു രാജഗോപാല്‍. ഇരു മുന്നണികളെയും മടുത്ത അരുവിക്കരയിലെ ജനങ്ങള്‍ താമരയ്ക്ക് വോട്ടുചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിവിരുദ്ധ മുന്നണി സ്ഥാനാര്‍ഥി കെ.ദാസും മണ്ഡലത്തില്‍ ഓട്ടപ്രദക്ഷിണം നടത്തി. മൂന്ന് പ്രമുഖ സ്ഥാനാര്‍ഥിക്കും മണ്ഡലത്തില്‍ വോട്ടില്ല. അതുകൊണ്ടുതന്നെ മൂന്നുപേരും വോട്ടെടുപ്പുദിവസമായ ശനിയാഴ്ച രാവിലെതന്നെ മണ്ഡലത്തിലെത്തും.
കനത്ത മഴയായിരുന്നു വെള്ളിയാഴ്ച അരുവിക്കരയില്‍. ശനിയാഴ്ച മഴ തോരാതെ പെയ്താല്‍ പോളിങ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്ക എല്ലാ കക്ഷികള്‍ക്കുമുണ്ട്.