അരുവിക്കര: കേരള രാഷ്ട്രീയത്തിന്റെ ഗതി ഇനി എങ്ങനെയെന്ന് ശനിയാഴ്ച അരുവിക്കര വിധിക്കും. ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങും. തിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക് അനുകൂലമായാലും ഭരണതലത്തിലും മുന്നണിതലത്തിലും കാതലായ മാറ്റങ്ങള്‍ അനിവാര്യമാകും. അതുകൊണ്ടുതന്നെ, തോല്‍വി ആരും സമ്മതിക്കുന്നില്ല. ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും വിജയം സുനിശ്ചിതമെന്ന് ഇരുമുന്നണികളും ബി.ജെ.പി.യും തിരഞ്ഞെടുപ്പ് തലേന്നും തറപ്പിച്ചുപറയുന്നു.
എന്നാല്‍, കെ.എസ്.ശബരീനാഥന്‍ (യു.ഡി.എഫ്.), എം.വിജയകുമാര്‍ (എല്‍.ഡി.എഫ്.), ഒ. രാജഗോപാല്‍ (ബി.ജെ.പി.) എന്നീ പ്രധാന സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും ആധിപത്യം അനുവദിക്കാതെയാണ് പ്രചാരണം വ്യാഴാഴ്ച അവസാനിച്ചത്. ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിക്കപ്പെട്ട പ്രചാരണം യുദ്ധലക്ഷണങ്ങള്‍ കാണിച്ചു. യുദ്ധത്തില്‍ രണ്ടാംസ്ഥാനം എന്നൊന്നില്ല; സമനിലയുമില്ല. േതാല്‍വി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മരണതുല്യമാണ് മുന്നണികള്‍ക്ക്.
അരുവിക്കരയില്‍ ആര് ജയിച്ചാലും ആ വിജയത്തിന്റെ പകിട്ട് ഉടനെ മങ്ങില്ല. ആ തിളക്കത്തില്‍ ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പും അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും തലയെടുപ്പോടെ നേരിടാം. തോല്‍വി ഏറ്റുവാങ്ങുന്നവര്‍ മരണക്കയത്തില്‍ നിന്ന് കയറിവരാന്‍ വൈകും. തോല്‍വി വിശദീകരിക്കാന്‍ ഒന്നര വെള്ളിയാഴ്ച പേരാതെ വരും. തലകള്‍ ഉരുളും. ശവത്തില്‍ ശത്രുക്കള്‍ വീണ്ടും വീണ്ടും കുത്തും.
രാഷ്ട്രീയം, മതം, സഹതാപം തുടങ്ങിയ ഘടകങ്ങള്‍ അരുവിക്കരയെ ഏതളവില്‍ സ്വാധീനിച്ചുവെന്ന് അറിയാന്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം. അന്നാണ് വോട്ടെണ്ണല്‍. അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത തിരഞ്ഞെടുപ്പ് വാശി അരുവിക്കരയില്‍ കണ്ടു. വോട്ടിങ് ശതമാനം കുതിച്ചുയര്‍ന്നേക്കും.
ഭരണവിലയിരുത്തല്‍ അരുവിക്കരയിലുണ്ടാകുമെന്ന് പ്രഖ്യാപിക്കാനുള്ള രാഷ്ട്രീയധീരത മുഖ്യമന്ത്രി പ്രചാരണത്തിലുടനീളം പ്രകടിപ്പിച്ചു. ഈ ആത്മവിശ്വാസം രക്ഷക്കെത്തിയാല്‍ കേരളം കണ്ട മികച്ച രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായി ഉമ്മന്‍ചാണ്ടി വാഴ്ത്തപ്പെടും. മറിച്ചായാല്‍, നേതൃമാറ്റ മുറവിളി ചൊവ്വാഴ്ച ഉച്ചയ്ക്കുമുമ്പ് ആരംഭിക്കും. യു.ഡി.എഫിന്റെ മുന്നണി ഘടനയിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
എല്‍.ഡി.എഫിന്, പ്രത്യേകിച്ച് സി.പി.എമ്മിന് ഒരു വിജയം അനിവാര്യമാണ്. 2006ന് ശേഷം ഒരു ഉപതിരഞ്ഞെടുപ്പും മുന്നണിയോ പാര്‍ട്ടിയോ വിജയിച്ചിട്ടില്ല. മുന്‍ ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വികള്‍ക്ക് ജനങ്ങളോട് പറയാന്‍, ന്യായങ്ങളുണ്ടായിരുന്നു. ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളല്ലാതെ, മറ്റ് പ്രതിസന്ധികളില്ലാതെയാണ് സി.പി.എം. തിരഞ്ഞെടുപ്പിനെ അരുവിക്കരയില്‍ നേരിടുന്നത്. മത്സരരംഗത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയും. സി.പി.എമ്മിന് ജയിച്ചേ മതിയാവൂ. തോറ്റാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍, ന്യായീകരണങ്ങള്‍കൊണ്ട് പ്രസക്തിയില്ലാതാവും. അരുവിക്കരയിലെ തോല്‍വി 'ബംഗാള്‍ ലക്ഷണങ്ങളുടെ' തുടക്കമായി വ്യാഖ്യാനിക്കപ്പെടാം.
ഇരുമുന്നണികളെ മടുത്ത ജനങ്ങളിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. ഒ.രാജഗോപാലിന്റെ സ്വീകാര്യതയാണ് അവര്‍ വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ഒരു അട്ടിമറിക്കുള്ള ബാല്യം അദ്ദേഹത്തില്‍ അവശേഷിക്കുന്നുണ്ടുതാനും.
അടിയൊഴുക്കുകള്‍ മൂന്നുപക്ഷവും പ്രതീക്ഷിക്കുകയും ഭയക്കുകയും ചെയ്യുന്നുണ്ട്. അടിയൊഴുക്കുകളുടെ അടിസ്ഥാനം മതമാണ് എന്നതുകൊണ്ട് പ്രത്യേകിച്ചും. വിവാദങ്ങളും വ്യക്തിഹത്യയിലേക്ക് നീണ്ട അപവാദങ്ങളും പ്രചാരണകാലത്തുണ്ടായി. എന്നാല്‍, സ്ഥാനാര്‍ഥികളെക്കുറിച്ച് എതിരാളികളും ശത്രുക്കളും നല്ലതുമാത്രം പറഞ്ഞു എന്നത് അരുവിക്കരയുടെ സവിശേഷമായി.
ഒരു ഉപതിരഞ്ഞെടുപ്പ് വോെട്ടടുപ്പിനപ്പുറം, സമീപകാല കേരളം ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് ശനിയാഴ്ച അരുവിക്കരക്കാര്‍ വിധിയെഴുതും. ഇക്കാരണത്താല്‍ അരുവിക്കര ശനിയാഴ്ച പോളിങ് ബൂത്തിലേക്ക് എന്ന് പറയുന്നതിനേക്കാള്‍ കേരളം പോളിങ് ബൂത്തിലേക്ക് എന്ന് പറയുന്നതാവും ശരി.