
ഗീതാദര്‍ശനം - 498
Posted on: 13 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയവിഭാഗയോഗം
വെളിച്ചം (അറിവ്) ദുഃഖമാണെന്ന തോന്നല്‍ തമോഗുണലക്ഷണമാണ്. അറിവില്ലായ്മയും ആലസ്യവും ഉറക്കവും സുഖമാണെന്ന അനുഭവത്തില്‍ തമോഗുണം ജീവനെ ബന്ധിക്കുന്നു. തമോഗുണത്തില്‍നിന്നുള്ള കരകയറ്റമായി ജീവപരിണാമത്തെ കാണാം. അചരങ്ങളില്‍നിന്ന് ചരങ്ങളിലേക്കും പിന്നെ, തീരെ ബുദ്ധി കുറഞ്ഞ ജീവികളില്‍നിന്ന് കൂടുതല്‍ക്കൂടുതല്‍ ബുദ്ധിയുള്ളവയിലേക്കുമാണ് പുരോഗതി. വളരെ വലിയ ഉടലും നന്നേ ചെറിയ തലച്ചോറുമുള്ള സ്ഥിതി കാലക്രമേണ മാറി, തലച്ചോറും ദേഹവും തമ്മില്‍ തൂക്കത്തിലും വലിപ്പത്തിലുമുള്ള അനുപാതം മെച്ചപ്പെടുന്നു. (ഇങ്ങനെയാണെന്നാലും തമസ്സ് പ്രകൃതിയിലെ ഒരു അനാവശ്യകാര്യമല്ല. എന്തുകൊണ്ടെന്നാല്‍, ആന്ദോളനം ഇരുവശത്തേക്കുമില്ലാതെ ഒരു മിടിപ്പിനും നിലനില്‍ക്കാനാവില്ല. നാം ചവിട്ടി നില്‍ക്കുന്ന ഈ ഭൂമിയുടെ ഉറപ്പുപോലും തമസ്സിന്‍േറതാണ്. പ്രകാശത്തിന്റെയും ഇരുളിന്റെയും പല അനുപാതത്തിലുള്ള ചേര്‍ച്ചയാലാണ് വസ്തുപ്രതീതിയും രൂപവ്യതിയാനങ്ങളും ദൃശ്യമാകുന്നത്. തിരുത്തി പഠിക്കാന്‍ തെററുകള്‍ സഹായിക്കുന്നു. മറവി പലപ്പോഴും വലിയ അനുഗ്രഹമാവുന്നു. ചുരുക്കത്തില്‍, തമസ്സില്ലാതെ നിലനില്പില്ല, തമസ്സിനെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഉയര്‍ച്ചയുമില്ല.)
നമ്മില്‍ പലരും ഭൗതികസുഖം തേടി ജഡസാമഗ്രികളുടെ പിന്നാലെ ഓടി കര്‍മബദ്ധരായി രജോഗുണത്തില്‍ പെട്ട് ഉഴലുന്നു. അവിടെയും തൃപ്തി പോരാഞ്ഞ് അനേകം പേര്‍ മദ്യവും മയക്കുമരുന്നുമുപയോഗിച്ചോ അല്ലാതെതന്നെയോ മനസ്സിനെ മയക്കിക്കിടത്തി തമോഗുണത്തിലും ഉഴലുന്നു. ഇതിന്റെയൊക്കെ ഫലമായി ലോകത്തില്‍ അലസരുടെയും കുറ്റവാളികളുടെയും ചിത്തഭ്രമം ബാധിച്ചവരുടെയും എണ്ണം പെരുകുന്നു.
'പ്രഭ'യില്‍ രമിക്കുന്നവനാണ് ഭാരതന്‍. അന്നത്തെ ആ സംബോധന ഭാരതീയരായ നമുക്ക് ഇന്നുമുള്ള വൈവശ്യത്തിനു നേരേ നിവര്‍ന്നുതന്നെ നില്‍ക്കുന്ന ചൂണ്ടുവിരലാണ്.
ത്രിഗുണങ്ങള്‍ ഒരേസമയം വെവ്വേറെ വഴിക്ക് പ്രചോദിപ്പിക്കുന്നു. ഗുണചോദനകളുടെ ദിശാമുഖങ്ങള്‍ ഇനി പറയുന്നു. മൊത്തം ചിത്രമാണ് കണക്കിലെടുക്കേണ്ടത്.
(തുടരും)
