
ഗീതാദര്‍ശനം - 495
Posted on: 10 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
അപ്പപ്പോള്‍ മുന്നിട്ടു നില്‍ക്കുന്ന ഗുണങ്ങളുടെ ലക്ഷണങ്ങളെയാണ് ഇവിടെ വിസ്തരിക്കുന്നത്. ഗുണങ്ങളുടെ അടിസ്ഥാനസ്വഭാവം വെച്ചാണ് അവയുടെ ഫലനിര്‍ണയം. ഇന്ന ഗുണത്തിന് ഇന്ന ഫലം എന്നൊരു ധാരണ ആദ്യമേ ഉരുത്തിരിച്ചതില്‍പ്പിന്നെ ലക്ഷണം നോക്കി 'ബാധ' ഏതെന്നറിയുന്നു.
മനുഷ്യസ്വഭാവത്തെ വിശകലനം ചെയ്യാന്‍ ഈ മാര്‍ഗം ഉപയോഗിക്കുമ്പോള്‍ ഒരു മുന്‍കരുതല്‍ വേണമെന്ന് സൂചിപ്പിക്കുകകൂടി ചെയ്യുന്നു. ഒരാളില്‍ ഗുണങ്ങളുടെ ആക്കത്തൂക്കം, അയാളുടെ അകവും പുറംലോകവും തമ്മിലുള്ള കരണപ്രതികരണങ്ങളാല്‍ പ്രതിനിമിഷപരിണാമിയാണ്. രസങ്ങളും ഭാവങ്ങളും ആരിലും എന്നുമെപ്പോഴും മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. അതിനാല്‍, ആരെക്കുറിച്ചുള്ള ഏത് നിഗമനത്തിനും താത്കാലികപ്രസക്തിയേ ഉള്ളൂ, ആജീവനാന്ത 'ജാതിത്വം' അശാസ്ത്രീയം.
ജീവിതത്തില്‍ ഒരുപോലെ പ്രസക്തമായ ഈ മൂന്നു ഗുണങ്ങളില്‍ ഇവിടെ ആദ്യം സത്വത്തെക്കുറിച്ചു പറയുന്നത്, ഏതൊരാളും നിത്യജീവിതത്തില്‍ 'ബോധ'പൂര്‍വം എടുക്കുന്ന തീരുമാനങ്ങളെല്ലാം അതിന്റെ വെളിച്ചത്തിലാണ് എന്നതിനാല്‍ മാത്രമാണ്. 'നടു'വിലെ കാര്യം ആദ്യം പറഞ്ഞാല്‍ ഇടവും വലവും വിസ്തരിക്കാന്‍ എളുപ്പമായല്ലോ.
രജോ രാഗാത്മകം വിദ്ധി
തൃഷ്ണാസംഗസമുദ്ഭവം
തന്നിബധ്‌നാദി കൗന്തേയ
കര്‍മസംഗേന ദേഹിനം
ഹേ കുന്തീപുത്രാ, കിട്ടാത്തതിനായുള്ള കൊതിയില്‍നിന്നും കിട്ടിയതിനോടുള്ള ആസക്തിയില്‍നിന്നും ഉണ്ടാകുന്നതും ആശ എന്ന സ്വരൂപത്തോടുകൂടിയതുമാണ് രജസ്സെന്ന് അറിഞ്ഞാലും. അത് കര്‍മം ചെയ്യുന്നതിനുള്ള ഒടുങ്ങാത്ത ഇച്ഛകൊണ്ട് (ദേഹിയെ ദേഹത്തില്‍) ശക്തിയായി ബന്ധിക്കുന്നു.
(തുടരും)
