githadharsanam

ഗീതാദര്‍ശനം - 492

Posted on: 06 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


ഗുണപദത്തിന് 'കെട്ടിയിടാനുപയോഗിക്കുന്ന കയര്‍' എന്ന അര്‍ഥമുണ്ട്. ആ അര്‍ഥം, ഈ ഗുണങ്ങളെന്ന പ്രഭാവങ്ങള്‍ പ്രപഞ്ചനിര്‍മിതിയില്‍ എന്ത് ധര്‍മം നിര്‍വഹിക്കുന്നു എന്നു സൂചിപ്പിക്കുന്നു. സമാവസ്ഥയെ ആസ്​പദമാക്കി, അതിനിരുവശത്തേക്കും വികാസവും സങ്കോചവും ഉളവാകുന്നതുകൊണ്ടാണ് മിടിപ്പുകള്‍ അവ്യക്തമാധ്യമത്തില്‍ നിലനില്ക്കുന്നത്. ഈ ഗുണങ്ങള്‍ ആത്യന്തികവും നിത്യവുമായ ഊര്‍ജത്തെ, സ്​പന്ദനക്രിയയിലൂടെ അവ്യക്തമാധ്യമത്തില്‍ കുരുക്കി ഇടുന്നു എന്നു മാത്രമല്ല, പടിപടിയായി, സ്​പന്ദങ്ങളുടെ കൂടുതല്‍കൂടുതല്‍ വലിയ കൂട്ടായ്മകള്‍ രൂപപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു.

അവ്യക്തം പ്രപഞ്ചമഹാസ്​പന്ദത്തിന്റെ അരങ്ങായതിനാല്‍ ഒരിക്കലും ഒരിടത്തും അതിന്റെ സാന്ദ്രത സ്ഥിരമായി നില്ക്കുന്നില്ല. അതിനാല്‍ ഒരു അനുരണനസ്​പന്ദത്തിനും നിത്യമായ നിലനില്പില്ല. മിക്ക സ്​പന്ദങ്ങളിലെയും സങ്കോചവികാസാഭിമുഖ്യങ്ങള്‍ക്ക് തികഞ്ഞ പൂര്‍ത്തീകരണം സാധ്യമാവുന്നില്ല. ഗുണങ്ങളെന്ന ആഭിമുഖ്യങ്ങളുടെ സാക്ഷാത്കാരത്തില്‍ ഉണ്ടാകുന്ന ഈ പോരായ്മകള്‍ നികത്താനാണ് ചെറുമിടിപ്പുകള്‍, 'കാര്യസാധ്യ'ത്തിന് ഉതകുന്നവയുമായി ചേര്‍ന്ന്, സംഘാതങ്ങളാകുന്നത്. മിടിപ്പുകള്‍ക്ക് അവ്യക്തത്തില്‍ ഉണ്ടാകുന്ന അലകള്‍, മിടിപ്പുകള്‍ പരസ്​പരം ആകര്‍ഷിക്കാന്‍ ഇടയാക്കുന്നു. പക്ഷേ, ഏതു രീതിയിലുള്ള, എത്ര മാത്രം വലിയ, മിടിപ്പുകൂട്ടായ്മയിലെയും ഗുണങ്ങളുടെ അന്തിമമായ ആകെത്തുക ഏതെങ്കിലുമൊരു ഗുണത്തിന്റെ, അല്പസ്വല്പമെങ്കിലുമായ, പോരായ്മയിലോ ആധിക്യത്തിലൊ കലാശിക്കുന്നു. ഇതാണ് ഇഷ്ടാനിഷ്ടങ്ങള്‍ക്കും സുഖദുഃഖങ്ങള്‍ക്കും ആധാരം. സമാവസ്ഥയില്‍ ഈ ഭേദങ്ങള്‍ ഇല്ല. അതിനാല്‍ സത്വഗുണത്തിനാണ് അവ്യയമായ പരംപൊരുളിന്റെ സ്വരൂപവുമായി ഏറെ സാദൃശ്യമുള്ളത്. പക്ഷേ, സത്വവും ഒരു ഗുണമാണ്. പരംപൊരുളിന്റെ തനതവസ്ഥയാകട്ടെ, പ്രകൃത്യാതീതവും അതിനാല്‍ സര്‍വഗുണാതീതവുമാണ്.

(തുടരും)



MathrubhumiMatrimonial