തോല്‍പ്പെട്ടിയിലെ കാഴ്ചകള്‍

Posted on: 27 Apr 2010

-കെ.കെ.രമേഷ്‌കുമാര്‍



കാടിന്റെ കുളിരിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം. കാട്ടുമരങ്ങള്‍ കുടചൂടുന്ന സുന്ദരവനങ്ങള്‍. മുളങ്കാടുകള്‍ക്കിടയിലൂടെയും ഏറുമാടങ്ങള്‍ക്ക് അരികിലൂടെയും വനയാത്ര. വന്യജീവികളും സഞ്ചാരികളും സൗഹൃദം മെനയുന്ന സങ്കേതമാണ് വയനാട്ടിലെ തോല്‍പ്പെട്ടി. അവിടെ കടുവകളും ആനകളും കാട്ടുപോത്തും മാന്‍കൂട്ടങ്ങളും വിഹരിക്കുന്നു. കാടിനെയും കാട്ടുജീവിതങ്ങളെയും അടുത്തറിയാന്‍ ഇവിടെയെത്തുന്നവരുടെ തിരക്കൊഴിയുന്നില്ല.



കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കുടക് വനത്തോടു ചേര്‍ന്നാണ് ഈ വന്യജീവി സങ്കേതം. കടുവകളാണ് ഇവിടുത്തെ രാജാക്കന്മാര്‍. മാന്‍കൂട്ടങ്ങളും കുറവല്ല, ഏഴായിരത്തിലധികമുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനസങ്കേതമായ എന്‍ബെഥൂരും ഇതിനോട് തൊട്ടുകിടക്കുന്നു. വന്യജീവിസങ്കേതത്തിന് അരികെ പോകുമ്പോള്‍ പൂഴിമണ്ണില്‍ പൊതിഞ്ഞ ആനക്കൂട്ടത്തെ കാണാതിരിക്കില്ല. കോരിച്ചൊരിയുന്ന മഴയത്തും കൊടും വേനലിലും ശാന്തരായി ചെവിയാട്ടി നില്ക്കുന്ന ആനക്കൂട്ടം ആരെയും ആകര്‍ഷിക്കും.

നിബിഡവനത്തിന്റെ ചാരുതയില്‍ നഗരത്തിരക്കില്‍ നിന്നു വരുന്നവര്‍ മണിക്കൂറുകളോളം ഇവിടെ ചെലവിടുന്നു. നട്ടുച്ചയിലും സൂര്യപ്രകാശം അരിച്ചിറങ്ങാത്ത കാട്ടുവഴിയിലൂടെയാണ് വൈല്‍ഡ് ലൈഫ് സഫാരി. വനാന്തര്‍ഭാഗത്ത് നിശ്ശബ്ദമായി കരുതലോടെയുള്ള യാത്ര. മൃഗങ്ങളെ അരികില്‍ കാണാം. ഇതിനായി ഏഴു കിലോമീറ്ററോളം കാട്ടുപാത നിര്‍മിച്ചിട്ടുണ്ട്. കാട്ടില്‍ അതിഥിയായി എത്തുന്ന സഞ്ചാരിയുടെ ഓര്‍മയില്‍ മയാതെ നില്ക്കും ഈ സഫാരി. വാഹനത്തിനു തൊട്ടുമുന്നിലായി ഓടിയകലുന്ന മാന്‍കൂട്ടങ്ങള്‍ കാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.


വയനാടന്‍ കാടുകളുടെ അപൂര്‍വചാരുതയാണ് ഈ വന്യജീവി സങ്കേതത്തിന്റെ ഖ്യാതി പുറംലോകത്തിന് പരിചയപ്പെടുത്തിയത്. വനഗ്രാമങ്ങള്‍ പിന്നിട്ടുവേണം ഇവിടെയെത്താന്‍. ഏറുമാടങ്ങളുടെ സ്വന്തം ഗ്രാമമാണ് ബേഗൂര്‍. ബേഗൂരിനെ അടുത്തറിഞ്ഞുകൊണ്ടാണ് തോല്‍പ്പെട്ടിയിലേക്കുള്ള യാത്ര തുടങ്ങുക. കാടിനുള്ളിലൂടെ വന്യമൃഗങ്ങളെ ഭയന്നുവേണം തോല്‍പ്പെട്ടിയിലെത്താന്‍. കര്‍ണാടകയിലേക്കുള്ള ചെക്ക്‌പോസ്റ്റിലെത്തുമ്പോള്‍ വലതുഭാഗത്തായി വലിയ കവാടം വനത്തിനുള്ളിലേക്ക് സ്വാഗതം ചെയ്യും.

കാട്ടിലേക്കുള്ള വഴികള്‍ :
മാനന്തവാടി-കാട്ടിക്കുളം തെറ്റ് റോഡില്‍ നിന്ന് ഏഴര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കര്‍ണാടക അതിര്‍ത്തിയിലാണ് പ്രവേശന കവാടം. മാനന്തവാടി നിന്ന് 24 കിലോമീറ്ററാണ് ദൂരം. കര്‍ണാടകയിലെ നാഗര്‍ഹോളയില്‍നിന്നു വെറും എട്ടു കിലോമീറ്റര്‍ യാത്ര. കോഴിക്കോട് നിന്നാണെങ്കില്‍ താമരശ്ശേരി കല്പറ്റ-മാനന്തവാടി വഴി 96 കിലോമീറ്റര്‍ പിന്നിടണം. മൈസൂരില്‍നിന്നു വരുന്നവര്‍ കുട്ട വഴി 95 കിലോമീറ്റര്‍ യാത്ര ചെയ്യണം. ഊട്ടിയില്‍നിന്നു 160 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിക്കണം.


നിര്‍ദേശങ്ങള്‍ നല്കാനും സഫാരി സൗകര്യം ഏര്‍പ്പെടുത്താനും അസി. വൈല്‍ഡ് ലൈഫ് വാര്‍ഡനെ സമീപിക്കുക. ഫോണ്‍: 250853/ 04935 240233. രാവിലെ ഏഴുമണി മുതല്‍ ഒന്‍പതു മണിവരെയും വൈകിട്ട് മൂന്നു മണി മുതല്‍ അഞ്ചുമണി വരെയുമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. വാഹനങ്ങള്‍ക്ക് 350 രൂപ പ്രവേശന ഫീസ് നല്കണം. സഫാരി ടാക്‌സി വാഹനങ്ങളില്‍ ആളൊന്നിന് പത്തുരൂപ നല്കിയാല്‍ മതി. വഴികാട്ടിയായി വരുന്നവര്‍ക്ക് 100 രൂപ നല്കണം. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനു ക്യാമറ ഫീസ് 150 രൂപയാണ്.

കാട്ടിനരികില്‍ താമസിക്കാം :
തേക്കിന്‍പലകയടിച്ച ഡബിള്‍ഡക്കര്‍ സ്രാമ്പിയില്‍ ഒരുദിവസം തങ്ങുക. സഞ്ചാരികളുടെ ആഗ്രഹം ഇവിടെ സഫലമാകും. താത്പര്യമുള്ളവര്‍ 04935-250853 എന്ന നമ്പറില്‍ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി സംസാരിക്കുക. കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ തിരുനെല്ലി ഫോറസ്റ്റ് ഡോര്‍മിറ്ററിയിലും തങ്ങാം. ഒരു ബെഡിന് 20 രൂപ നല്കിയാല്‍ മതി. ബുക്കിങ്ങിന് 04935-240233. തിരുനെല്ലി പഞ്ചതീര്‍ഥം ഗസ്റ്റ്ഹൗസും ഉപയോഗപ്പെടുത്താം. ഫോണ്‍ 04935-210055. കെ.ടി.ഡി.സി. ടാമിറിന്‍ഡ്-ഫോണ്‍: 04935-210475. എ.സി. നോണ്‍ എ.സി. മുറികള്‍ ഇവിടെയുണ്ട്. ആഗ്രഹാരം കോട്ടേജ്: 04935-210265. തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് റിസോര്‍ട്ടും താമസ സൗകര്യമൊരുക്കുന്നുണ്ട്.




MathrubhumiMatrimonial