githadharsanam

ഗീതാദര്‍ശനം - 484

Posted on: 27 Apr 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


സ്​പന്ദത്തിന്റെ മൂന്ന് അവസ്ഥകളിലെ ആഭിമുഖ്യങ്ങളെ വെവ്വേറെ 'ഗുണ'ങ്ങളായി സങ്കല്പിക്കാം. ഈ ഗുണങ്ങള്‍ നിറവേറുന്നതിലെ 'തികവില്ലായ്മകള്‍' അവ്യക്തമാധ്യമത്തില്‍ അലയിളക്കി ആകര്‍ഷണവികര്‍ഷണബലങ്ങളായി പ്രകടമാകുന്നു. ഇവയുടെ വരുതിയില്‍പ്പെട്ടാണ് സ്​പന്ദങ്ങള്‍ കൂട്ടായ്മകളായിത്തീരുന്നത്. അപ്പോഴും പക്ഷേ, 'പോരായ്മകള്‍' മുഴുവനായി നികന്നുകിട്ടുന്നില്ല. അതിനാല്‍ കൂട്ടായ്മകളുടെ കൂട്ടായ്മകള്‍ ഉരുവപ്പെടുന്നു. കൂട്ടായ്മയുടെ വലിപ്പം അതിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് നിരക്കാതാകുംവരെ കൂട്ടുപിടിത്തങ്ങള്‍ 'വളരു'ന്നു.
ചേരുവകളുടെ പോരായ്മകളില്‍, അവയുടെ പിറവിയിലേയുള്ള സൂക്ഷ്മവ്യത്യാസങ്ങളും അനുനിമിഷം മാറുന്ന മാധ്യമസാന്ദ്രതയും കാരണം, ഒരേതരം കൂട്ടായ്മയിലെ രണ്ടെണ്ണംപോലും 'ഗുണത്തിന്റെ നീക്കിബാക്കി'യില്‍ ഒരിക്കലും ഒരുപോലിരിക്കില്ലെന്നു കാണാന്‍ വിഷമമില്ല.
മൊത്തം നീക്കിബാക്കിയായി ഉള്ള 'പോരായ്മ' ചാര്‍ച്ചകളിലൂടെ നികത്തി 'സ്വാസ്ഥ്യം' കൈവരിക്കലാണ് ഓരോ മിടിപ്പിന്റെയും മിടിപ്പുകൂട്ടായ്മയുടെയും 'ലക്ഷ്യം' എന്നു പറയാം. ഇരുമ്പുപൊടിയുടെ ലക്ഷ്യം കാന്തത്തിലേക്കു ചെല്ലലാണ് എന്ന പറച്ചില്‍പോലെ. ഈ 'ലക്ഷ്യബോധ'മാണ് ആണവതലം മുതല്‍, ജീവജാലങ്ങള്‍ ഉള്‍പ്പെടെ, മഹാതാരകദംബങ്ങള്‍ വരെ ഉള്ള മിടിപ്പുകൂട്ടായ്മകളുടെ നിര്‍മിതിക്ക് പ്രചോദനം.
പ്രകൃതിപുരുഷന്മാര്‍ സ്വതന്ത്രങ്ങളെന്നും അവയുടെ സമ്മേളനവും സ്വതന്ത്രമാണെന്നും കരുതിയാല്‍ (സാംഖ്യമതം അങ്ങനെ കാണുന്നു) പരിണാമത്തിന്, കേവലസാധ്യതയല്ലാതെ, നിയാമകത്വം സിദ്ധിക്കുന്നില്ല. ഈ നിയാമകത്വമാകട്ടെ, പ്രത്യക്ഷാനുഭവവുമാണ്. അദൈ്വതഭാവനയിലൂടെയല്ലാതെ ഇതിന് സാധൂകരണം സാധ്യമല്ല.

(തുടരും)



MathrubhumiMatrimonial