എടയ്ക്കല്‍ - കാലത്തിന്റെ ഗുഹാമുഖം
Posted on: 26 Apr 2010
-കെ.കെ. രമേഷ്‌കുമാര്‍
ലോക പൈതൃക പട്ടികയിലേക്ക് വയനാടിന്റെ സംഭാവനയാണ് കാലത്തിന്റെ കൈവിരലുകള്‍ ചിത്രം കോറിയിട്ട എടയ്ക്കല്‍ ശിലാഗുഹ. അമ്പുകുത്തി മലയിലാണ് ലോകപ്രശസ്ത ചരിത്ര ലിഖിതങ്ങളുള്ള എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്.

സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തില്‍ ചരിത്രത്തോട് കഥപറയുന്ന കല്‍ഗുഹ കാണാന്‍ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. സാഹസികമായി പാറക്കെട്ടുകള്‍ താണ്ടി കിതപ്പോടെ ഗുഹയിലെത്തുമ്പോള്‍ കുളിരുപകര്‍ന്ന് തണുത്തകാറ്റുണ്ടാകും കൂട്ടിന്. പാറയിലെ വലിയ വിടവിലേക്ക് മുകളില്‍ നിന്ന് മറ്റൊരു പാറവന്നുവീണ നിലയിലാണ് എടയ്ക്കല്‍ ഗുഹ.
വയനാട്ടിലെത്തുന്ന വിദേശികള്‍ പോലും കഠിന പ്രയത്‌നംചെയ്ത് ഈ മലകയറി ഗുഹാലിഖിതങ്ങളുടെ ചരിത്രം അന്വേഷിക്കുന്നു. ഏകദേശം മുപ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ വന്‍ഭൂമി കുലുക്കത്തിലാണ് ഈ ഗുഹ രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. നൂറ്റാണ്ടുകള്‍ കാടുമൂടിക്കിടന്ന ഗുഹ ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നവീനശിലായുഗത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വീടാക്കി മാറ്റിയതായും ചരിത്രരേഖകള്‍ പറയുന്നു. ഇക്കാലത്താണ് ഇവിടെ ചിത്രങ്ങള്‍ ലേഖനം ചെയ്യപ്പെട്ടതെന്നും അനുമാനമുണ്ട്.
മലബാര്‍ ജില്ലാപോലീസ് സൂപ്രണ്ടായിരുന്ന എഫ്.ഫോസ്റ്ററാണ് 1894 ല്‍ ഈ ഗുഹാചിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. കിരീടമണിഞ്ഞ് കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രങ്ങള്‍ ഇവിടെ തെളിഞ്ഞുനില്‍ക്കുന്നു. സൂര്യനെ സൂചിപ്പിക്കുന്ന ബിംബങ്ങളും വൃത്തങ്ങളും മാന്ത്രികചിഹ്നങ്ങളും ഭീമന്‍ പാറയുടെ താഴെ ഭാഗത്തായി കൊത്തിവെച്ചിരിക്കുന്നു. മുനയുള്ള കല്ലുകള്‍ കൊണ്ടാണ് ചിത്രങ്ങളൊക്കെ കോറിവരച്ചിരിക്കുന്നത്.

പുരാതന ഗോത്ര ജീവിതത്തിന്റെ അടയാളങ്ങളാണ് ഇവിടെ ചുരുളഴിയുന്നത്. ഗോത്രത്തലവനും ആനയും ചെന്നായയും പോലുള്ള മൃഗങ്ങളും ഉന്തുവണ്ടിയില്‍ കയറിയിരിക്കുന്ന സ്ത്രീയുമൊക്കെ ചിത്രങ്ങളില്‍ തെളിയുന്നു. ദുഷ്ടമൃഗങ്ങളെ കൊന്നൊടുക്കുന്നതിനുള്ള ചില അനുഷ്ഠാന കഥകളാണ് ചിത്രം പറയുന്നത്. ഗ്രാമീണ ഗോത്രങ്ങളില്‍ നിലനിന്നിരുന്ന നരിക്കുത്ത് എന്ന ചടങ്ങിനെയും ഇത് അനുസ്മരിക്കുന്നു.
ഈ ലിഖിതങ്ങളെല്ലാം ഒരേകാലത്ത് എഴുതപ്പെട്ടവയല്ല എന്ന അഭിപ്രായവും ചരിത്രകാരന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. കന്നഡ, തമിഴ്, പാലി, സംസ്‌കൃതം എന്നീ ഭാഷകളുടെ സ്വാധീനം ഇവിടത്തെ ലിപികളിലുണ്ട്. നവീന ശിലായുഗത്തിലേക്ക് തന്നെയാണ് ഇതിന്റെ പഴക്കം വിരല്‍ചൂണ്ടുന്നത്. ഈ ഗുഹാചിത്രങ്ങളോട് സാമ്യമുള്ള ലിഖിതങ്ങള്‍ അമ്പുകുത്തിമലയിലെ തൊവരിയിലും കാണുന്നുണ്ട്. ഫ്രാന്‍സിലെ ക്രോമാഗ്‌നന്‍ മലനിരയില്‍ മാത്രമാണ് ഇവയോട് സാദൃശ്യമുള്ള കല്ലെഴുത്തുകള്‍ വേറെ കണ്ടെത്താനായത്.
ഡോ.ഹൂള്‍ടപ്പ്, പ്രൊഫ. ബ്യൂളര്‍, ഡോ. എം.ആര്‍.രാഘവവാര്യര്‍, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ എടയ്ക്കല്‍ ഗുഹാചിത്രങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബി.സി. 4000 ത്തിനും 1500 നും ഇടയിലാണ് ഈ ഗുഹാചിത്രങ്ങളുടെ പഴക്കമെന്നാണ് പഠനങ്ങളിലെ കണ്ടെത്തല്‍.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം സന്ദര്‍ശകര്‍ ഈ ഗുഹ സന്ദര്‍ശിച്ചു. 1984 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പാണ് ഗുഹാസംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
ഗുഹയിലേക്കുള്ള വഴികള്‍ : ബത്തേരിയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരെ അമ്പലവയലിന് സമീപത്താണ് ഗുഹ. ജില്ലാ ആസ്ഥാനമായ കല്പറ്റയില്‍ നിന്ന് മീനങ്ങാടി വഴി 28 കിലോമീറ്റര്‍ സഞ്ചരിക്കണം.
മാനന്തവാടിയില്‍ നിന്ന് 54 കിലോമിറ്റര്‍ പനമരം മീനങ്ങാടി -അമ്പലവയല്‍ വഴി യാത്രചെയ്താല്‍ ഇവിടെയെത്താം. കോഴിക്കോട് വഴിയുള്ള യാത്രക്കാര്‍ കല്പറ്റ, മീനങ്ങാടി, അമ്പലവയല്‍ റൂട്ട് തിരഞ്ഞെടുക്കണം. താഴ്‌വാരത്തില്‍ വാഹനം പാര്‍ക്ക്‌ചെയ്ത് സാഹസികമായി കാല്‍നടയാത്ര ചെയ്തുവേണം ഇവിടെയെത്താന്‍. വൃദ്ധജനങ്ങളും ഹൃദ്രോഗികളും വളരെ സൂക്ഷ്മതയോടെ മാത്രമേ എടയ്ക്കലില്‍ കയറാന്‍ തുനിയാവൂ. രണ്ട് ഘട്ടത്തിലായി നൂണ്ടിറങ്ങിവേണം ലിഖിതങ്ങള്‍ കാണാനുള്ള ഗുഹയില്‍ പ്രവേശിക്കാന്‍.
പ്രവേശനം : രാവിലെ ഒമ്പതുമണിമുതല്‍ വൈകിട്ട് 4.30 വരെ മാത്രം. കുട്ടികള്‍ക്ക് അഞ്ചു രൂപയാണ് പ്രവേശന ഫീസ്, മുതിര്‍ന്നവര്‍ പത്തുരൂപയും. ക്യാമറയ്ക്ക് 25 രൂപയും വീഡിയോ കവറേജിന് 100 രൂപയും നിര്‍ബന്ധമാണ്.
താമസ സൗകര്യം : എടയ്ക്കല്‍ ഹെര്‍മിറ്റേജ്-04936 221860, ഓര്‍ക്കിഡ് റിസോര്‍ട്ട്- 262844, ഗവ.ഗസ്റ്റ്ഹൗസ് - 220225, കെ.ടി.ഡി.സി. പെപ്പര്‍ ഗ്രോവ് -221900. ഹോട്ടല്‍ മിന്റ് ഫ്‌ളവര്‍ -227179. ട്രാന്‍ക്വില്‍ - 220244.