ഹൃദയത്തില്‍ സൂക്ഷിക്കാന്‍....

Posted on: 26 Apr 2010


പ്രകൃതി സൗന്ദര്യപൂജയൊരുക്കി കക്കയത്ത് സഞ്ചാരികളെ കാത്തിരിക്കുകയാണ്. നിത്യഹരിതവും വശ്യവുമാണ് ഇവിടെ കാട്. സാഹസികരെയും പ്രകൃതിസ്‌നേഹികളെയും കക്കയം ഒരിക്കലും നിരാശപ്പെടുത്തില്ല




കുന്നുകളും മലകളും കാട്ടാറുകളും ദൃശ്യവിരുന്നൊരുക്കുന്ന കക്കയം. കക്കയത്തെ കാനനഭംഗിയും ഉരക്കുഴി വെള്ളച്ചാട്ടവും ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല. കക്കയത്തേക്കുള്ള യാത്ര സഞ്ചാരികളെ കാത്തിരിക്കുന്നത് കാലങ്ങളോളം മനസ്സില്‍ സൂക്ഷിക്കാന്‍പറ്റുന്ന പ്രകൃതിദൃശ്യങ്ങളാണ്. കക്കയത്തെ പ്രധാന കാഴ്ചകള്‍ കക്കയം വാലി, കരിയാത്തന്‍പാറ, പാപ്പന്‍ ചാടിക്കുഴി, ഉരക്കുഴി, ചുറ്റുകുഴി എന്നിവയാണ്. ഉരക്കുഴി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ തൂക്കുപാലം നിര്‍മിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് കക്കയം. കക്കയം അങ്ങാടിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഡാംസൈറ്റും വെള്ളച്ചാട്ടവും. കോഴിക്കോട്-ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക്, തലയാട് വഴിയും പേരാമ്പ്ര, കൂരാച്ചുണ്ട്, കല്ലാനോട് വഴിയും കക്കയത്ത് എത്താം. കക്കയം അങ്ങാടിയില്‍നിന്ന് ഡാംസൈറ്റിലേക്കുള്ള യാത്ര തന്നെ മനോഹരവും അത്യാകര്‍ഷകവുമാണ്.

സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഹോം സ്റ്റേയുണ്ട്. സിനിമാ-ആല്‍ബം ചിത്രീകരണത്തിന്റെ പ്രധാന കേന്ദ്രമാണിപ്പോള്‍ കക്കയം. കക്കയംവാലി വികസന സമിതിയും കരിയാത്തന്‍പാറ 'ജനത' പ്രവര്‍ത്തകരും ടൂറിസ്റ്റുകളെ സഹായിക്കാന്‍ ഗൈഡുകളെ നിയോഗിച്ചിട്ടുണ്ട്.


കക്കയം വനമേഖല അത്യപൂര്‍വമായ സസ്യജൈവവൈവിധ്യങ്ങളുടെ കലവറയാണ്. ഈ ജൈവവൈവിധ്യ മേഖല ഇന്റര്‍നാഷണല്‍ യൂണിയന്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐ.യു.സി.എന്‍.) എന്ന സംഘടന ലോകത്തെ പ്രധാനപ്പെട്ട ജൈവസസ്യമേഖലകളിലൊന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.

വന്യജീവികളുടെ വിഹാരകേന്ദ്രമാണ് കക്കയം. ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും കാണാം. മാന്‍, മ്ലാവ്, കരിങ്കുരങ്ങ് തുടങ്ങിയവയും ഉണ്ട്. 5000 ഹെക്ടറോളം വരുന്ന ഈ മേഖലയില്‍ അപൂര്‍വവും വംശനാശം നേരിടുന്നതുമായ ഒട്ടേറെ ഔഷധസസ്യങ്ങളും ഉണ്ട്. അപൂര്‍വയിനം പക്ഷികള്‍, പൂമ്പാറ്റകള്‍, നിശാശലഭങ്ങള്‍, കള്ളിച്ചെടികള്‍, ഓര്‍ക്കിഡുകള്‍ എന്നിവയും ഇവിടെയുണ്ട്. സാഹസികപ്രിയരായ വിനോദസഞ്ചാരികള്‍ക്ക് ട്രക്കിങ്ങിനും സൗകര്യമുണ്ട്.


കക്കയം ഡാംസൈറ്റിലേക്ക് പോകാന്‍ വനസംരക്ഷണ സമിതിയുടെ കൗണ്ടറില്‍നിന്ന് പാസ് വാങ്ങണം. കക്കയം അങ്ങാടിയിലാണ് ഈ കൗണ്ടര്‍. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് സന്ദര്‍ശനസമയം.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), കോഴിക്കോട് ഫോണ്‍: 0495-2720012. കക്കയം ഹോം സ്റ്റേ ഫോണ്‍: 9495862550 (ഫിലിപ്പ്). 9388878908 (ജാക്‌സണ്‍ ആന്റ് കുര്യന്‍)



MathrubhumiMatrimonial