githadharsanam

ഗീതാദര്‍ശനം - 483

Posted on: 26 Apr 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


ഏകതാനവും നിര്‍വികാരവുമായ പരംപൊരുള്‍, ഏകതാനവും നിര്‍ജീവവുമായ ജഡപ്രകൃതിയുമായി ചേര്‍ന്നാണോ പ്രപഞ്ചം സംഭവിക്കുന്നത്? അങ്ങനെയെങ്കില്‍, അത്തരമൊരു പ്രപഞ്ചത്തില്‍ അനന്തവൈജാത്യങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു?

പരംപൊരുളിന്റെ തന്നെ ഭാവാന്തരമായ അക്ഷരപ്രകൃതി ഏകതാനമോ നിര്‍ജീവമോ അല്ല എന്നു തിരിച്ചറിഞ്ഞാലേ പ്രപഞ്ചസൃഷ്ടിയുടെ രഹസ്യം മനസ്സിലാവൂ. നിത്യസത്യമായ അടിസ്ഥാനസത്തയുടെ വൈരുധ്യാധിഷ്ഠിതമായ ആത്മാവിഷ്‌കാരമാണ് പ്രകൃതി. അതിനാല്‍ അത് ബഹുമുഖവും സജീവവുമാണ്. ഒരു ഭാഷയിലെ അക്ഷരങ്ങള്‍ ചേര്‍ന്ന് അസംഖ്യം പദങ്ങള്‍ ഉണ്ടാകുന്നതും കടലില്‍ പല തരം തിരകള്‍ ഉണ്ടാകുന്നതും എങ്ങനെയോ അങ്ങനെയാണ് പ്രകൃതിയില്‍ ചരാചരനിര്‍മിതി.

പ്രകൃതി എന്ന അക്ഷരമാധ്യമം വികസ്വരമാണ്. (വികാസസ്വഭാവമുള്ളതെന്നാണ് ബ്രഹ്മശബ്ദത്തിന്റെ അര്‍ഥം.) പ്രകൃതിയില്‍ പരംപൊരുള്‍തന്നെ ബീജസ്​പന്ദമാകുന്നത് അനാദിയും നിതാന്തവുമായ മഹാചാക്രികതയുടെ ഭാഗമായാണ്. അവ്യക്തമാധ്യമത്തിന്റെ സങ്കോചാവസ്ഥയില്‍ ആരംഭിക്കുന്ന ഈ ബീജസ്​പന്ദം, മാധ്യമത്തിന്റെ അപ്പോഴത്തെ സാന്ദ്രതാവസ്ഥയ്ക്ക് അനുയോജ്യമായ ആവൃത്തികാലം കൈയാളുന്നു. ആ സ്​പന്ദം പുരോഗമിക്കെ, അവ്യക്തമാധ്യമത്തില്‍ അനുരണനസ്​പന്ദങ്ങളുടെ മഹാപരമ്പര പിറക്കുന്നു. ഈ അനുരണനങ്ങളില്‍, ബീജസ്​പന്ദത്തിന്റെ ആവൃത്തികാലത്തോട് താളപ്പൊരുത്തമുള്ള 'പെരുക്കങ്ങ'ളായിരിക്കും താരതമ്യേന നീണ്ടുവാഴുക. മഹാസൂക്ഷ്മതലംവരെ ഇവ ഉരുത്തിരിയുന്നു. ഇവയില്‍ ഓരോന്നിനും മൂന്നവസ്ഥകളേ ഉള്ളൂ എന്ന് നേരത്തേ കണ്ടു: വികാസം, സമം, സങ്കോചം. ഒരു സ്​പന്ദവും ഒരിക്കലും നൂറു ശതമാനവും മറ്റൊന്നുപോലെ ആവില്ല. ആവൃത്തികാലത്തിലെ സൂക്ഷ്മവ്യത്യാസങ്ങളും ആദിസ്​പന്ദം പുരോഗമിക്കെ മാധ്യമസാന്ദ്രതയില്‍ അനവരതംവരുന്ന മാറ്റവുമാണ് ഈ ബഹുസ്വരതയ്ക്ക് കാരണം.

(തുടരും)



MathrubhumiMatrimonial