
ഗീതാദര്‍ശനം - 482
Posted on: 25 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
ആ തിരിച്ചറിവുണ്ടാകുമ്പോള്‍ ഭൂതപ്രകൃതിയില്‍നിന്ന് മോചനം ലഭിക്കും. ഭൂതപ്രകൃതിയില്‍ പുലരുന്ന അന്തഃകരണവൃത്തി, പുരുഷോത്തമസാന്നിധ്യം തിരിച്ചറിയാതെ, പ്രാപഞ്ചികങ്ങളായ സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു. വാസനകള്‍ പ്രാവര്‍ത്തികമാക്കുകയും പുതിയ വാസനകള്‍ ആര്‍ജിക്കുകയും ചെയ്യുന്നു. എന്നാല്‍ ശരീരസംഘാതത്തിന്റെ ഉപകരണങ്ങളായ ഇന്ദ്രിയമനോബുദ്ധികള്‍ ശാന്തമാകുമ്പോള്‍ ജീവന്റെ തനിസ്വരൂപം വെളിപ്പെടുന്നു. ആ വെളിപാടില്‍ ഊന്നിയാല്‍ പരമാത്മാവെന്ന ക്ഷേത്രജ്ഞനെ കണ്ടുകിട്ടുന്നു. മറ്റാരും വെളിച്ചം വീഴ്ത്തി കാണിക്കുകയല്ല, ധ്യാനഫലമായി ക്ഷേത്രജ്ഞന്‍ സ്വയം പ്രകാശിക്കുകയാണ്. അതോടെ, അതും അതിനെക്കുറിച്ചുള്ള അറിവും അറിയുന്നവനും ഒന്നായിത്തീരുന്നു. ഈ ഏകത്വമാണ് മാനുഷികാവസ്ഥയിലെ ഏറ്റവും മഹത്തും സ്ഥായിയുമായ ആനന്ദം. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ലൗകികമായ ഏത് സന്തോഷവും ക്ഷണികവും നിഷ്‌നപ്രഭവുമാകയാലാണ് അതിനായി പ്രയത്‌നിക്കണമെന്ന ഉപദേശം പ്രസക്തമാകുന്നത്.
ഒന്നാകലിനാണ് പ്രാമുഖ്യം. ക്ഷേത്രവും ക്ഷേത്രജ്ഞനും വെവ്വേറെയാണ് എന്ന ദൈ്വതഭാവം, ആദ്യത്തേതിനെ ഉപയോഗിച്ച് രണ്ടാമത്തേതുമായി താദാത്മ്യപ്പെടാന്‍ തടസ്സമാണാവുക. എല്ലാം അനുസ്യൂതിയാണ്, ഒന്നിന്റെ തുടര്‍ച്ചയാണ് എന്ന് ഉള്‍ക്കണ്ണുകൊണ്ട് കാണണം. ഒറ്റ നോട്ടത്തില്‍ മുഴുനീളം കാണുന്ന കാഴ്ചയേ തികഞ്ഞ കാഴ്ചയാവൂ.
പ്രപഞ്ചഘടനയും ശരീരഘടനയും യുക്തിസഹമായി വിസ്തരിച്ചു. ദേഹം ദേഹിയുമായി എന്തുപാധിയിലൂടെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇനി പറയാനുള്ളത്. അതിന്റെ ബലതന്ത്രം അടുത്ത അധ്യായത്തില്‍ വരുന്നു. അതിലേക്കൊരു ചൂണ്ടുവിരല്‍കൂടിയാണ് ഈ അവസാനപദ്യം. എന്താണ് ജീവാത്മാവ് എന്നും ഇതു മുമ്പറഞ്ഞ ഭൂതപ്രകൃതിയില്‍ എങ്ങനെ, എന്തിനു നിലനില്‍ക്കുന്നു എന്നും ശരീരമെന്ന ഉരുവത്തെ പ്രകൃതി എങ്ങനെ ഉണ്ടാക്കി നടത്തിക്കുന്നു എന്നുംകൂടി അറിയണ്ടേ?
ഇതി ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗോ നാമ ത്രയോദശോ ശധ്യായഃ
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗമെന്ന പതിമ്മൂന്നാമധ്യായം സമാപിച്ചു.
