githadharsanam

ഗീതാദര്‍ശനം - 479

Posted on: 21 Apr 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം



എല്ലാറ്റിനും ആശ്രയമായി നില്‍ക്കെത്തന്നെ ഒന്നിനാലും കറയോ പോറലോ ഏല്പിക്കപ്പെടാത്ത അവസ്ഥ പഞ്ചഭൂതങ്ങളിലൊന്നായ ആകാശത്തിനുതന്നെ കാണുന്നുണ്ട്. അപ്പോള്‍ അതിനും കാരണമായ ചിദ്വസ്തു സര്‍വഥാ നിശ്ചലവും നിര്‍ല്ലേപവുമായിരിക്കും എന്നു നിശ്ചയം.

ശൂന്യത എന്നൊരവസ്ഥ പ്രപഞ്ചത്തിലില്ല. ശൂന്യാകാശം (outer space) എന്നു വിളിക്കപ്പെടുന്നിടവും ശൂന്യമല്ല. അവ്യക്തമാധ്യമം എങ്ങെങ്ങും സന്നിഹിതമാണ്. ആധുനികഭൗതികത്തില്‍ (modern physics)വലിയ വഴിത്തിരിവുണ്ടായത് പ്രപഞ്ചവ്യാപിയായ ഒരു മാധ്യമത്തെ സങ്കല്പിക്കേണ്ടിവന്നതിന്റെ തുടര്‍ച്ചയായാണ്. വിദ്യുത്കാന്തതരംഗങ്ങള്‍ക്കും ഗുരുത്വാകര്‍ഷണത്തിനും വ്യാപിക്കാന്‍ ഒരു മാധ്യമമില്ലാതെ കഴിയില്ലെന്നു വന്നു. പക്ഷേ, ആ മാധ്യമത്തിന് കാരിരുമ്പിനേക്കാള്‍ എത്രയോ ഇരട്ടി കാഠിന്യമുണ്ടെങ്കിലേ ഇത്രയും വേഗത്തില്‍ വിദ്യുത്കാന്തതരംഗങ്ങള്‍ക്ക് അതിലൂടെ സഞ്ചരിക്കാനാവൂ എന്നു കണക്കുകള്‍ കാണിച്ചു. അപ്പോള്‍ ഗ്രഹങ്ങളെന്നല്ല ഒരു അണുകണംപോലും അതിലൂടെ ചലിക്കുന്നതെങ്ങനെ എന്ന അമ്പരപ്പും അതോടൊപ്പമുണ്ടായി. എന്നിട്ടോ, അതിനൊത്ത സൂക്ഷ്മത്വവും സവിശേഷസ്വഭാവവുമുള്ള ഒരു മാധ്യമം സങ്കല്പിക്കുന്നതിനു പകരം, മാധ്യമമേ ഇല്ലെന്നു വിചാരിക്കാന്‍ നിശ്ചയിച്ചുകളഞ്ഞു.

ദ്രവ്യത്തിന്റെ ചലനമെന്നാല്‍ മാധ്യമത്തില്‍ ഒരു സ്​പന്ദസംഘാതത്തിന്റെ തുടര്‍ച്ചയായ സ്വയംപുനര്‍നിര്‍മിതി (self-regeneretion) ആണെന്നു കരുതുന്നതിനുപകരം, ഭൗതികം ദ്രവ്യത്തിന്റെ സര്‍വപ്രാമാണികതയില്‍ത്തന്നെ ഊന്നിയാണ് പിന്നെയും മുന്നേറിയത്. അതിനാല്‍, പ്രപഞ്ചത്തിന്റെ ബാക്കി സമസ്യകള്‍ മനസ്സിലാക്കാനുള്ള ശ്രമത്തില്‍ ഇപ്പോഴും വളഞ്ഞുതിരിഞ്ഞു മൂക്കു പിടിക്കാനുള്ള ബദ്ധപ്പാടില്‍ പെട്ട് നട്ടംതിരിയുകയുമാണ്. പ്രപഞ്ചത്തിന്റെ ആകെ വലിപ്പത്തിന്റെ നന്നേ ചെറിയ ഒരു ശതമാനമേ ദ്രവ്യമുള്ളൂ. കുറേ ഉറുമ്പുകള്‍ അരിച്ചു നടക്കുന്ന വലിയൊരു മൈതാനത്ത് ആകെയുള്ള കാര്യം ഈ ഉറുമ്പുകളാണെന്ന് നിശ്ചയിച്ചാലത്തെ അവസ്ഥയാണ് സയന്‍സിന്റെ പ്രപഞ്ചവീക്ഷണത്തില്‍ ഇന്നുമുള്ളത്. 'മാറ്ററേ' ആകെ ഉള്ളൂ എന്നാണ് ശാഠ്യം (nothing ese matters) . ആ ശാഠ്യം ഉളവാക്കിയ അഴിയാക്കുരുക്കുകള്‍ ഇപ്പോഴും ശേഷിക്കുന്നു.

(തുടരും)



MathrubhumiMatrimonial