
കുട്ടേട്ടന്റെ ചായയ്ക്ക് ഒരു രൂപ
Posted on: 07 Dec 2007

ഇരിക്കാന്‍ സ്ഥലമില്ലെങ്കിലും പീടികയില്‍ കുട്ടേട്ടന്‍ എപ്പോഴും തിരക്കിലാണ്. പാത്രം കഴുകുന്നതും പണം വാങ്ങുന്നതുമടക്കം എല്ലാം കുട്ടേട്ടന്‍ തന്നെ. കുറച്ചുകാലം മുമ്പുവരെ പലഹാരങ്ങള്‍ക്കും ഒരു രൂപയായിരുന്നു. അന്ന് പലഹാരങ്ങളും വീട്ടിലുണ്ടാക്കുകയായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരില്‍നിന്ന് വാങ്ങി വില്‍ക്കുന്നതിനാല്‍ പലഹാരത്തിന് രണ്ടു രൂപയാണ്. 1.75ന് വാങ്ങിയിട്ടാണ് രണ്ടു രൂപയ്ക്ക് വില്‍ക്കുന്നത്. ചായയും പലഹാരവും കഴിച്ച് മൂന്നു രൂപ നല്‍കി ചങ്ങാതിമാര്‍ പറയും-''ന്നാ കുട്ടേട്ടാ വൈന്നേരം വരാം.'' കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കുട്ടേട്ടന്‍ ഏറെക്കാലം. 1978 മുതല്‍ 90 വരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പുതിയറ മണ്ഡലം പ്രസിഡന്റായിരുന്നു. സേവനം ജീവിതമായിക്കണ്ട കുട്ടേട്ടന് രാഷ്ട്രീയം തൊഴിലാക്കാനായില്ല. അതുകൊണ്ടാണ് ചായപ്പീടിക തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു.
1992-ലാണ് തളി റോഡില്‍ ചായപ്പീടിക തുടങ്ങിയത്. തുടക്കത്തില്‍ സുഹൃത്തും കൂടെയുണ്ടായിരുന്നു. അന്ന് പാല്‍ ലിറ്ററിന് നാലു രൂപയും പഞ്ചസാര കിലോയ്ക്ക് അഞ്ചു രൂപയുമായിരുന്നു. പിന്നീട് വര്‍ഷാവര്‍ഷം വില കൂടിയെങ്കിലും അദ്ദേഹം ചായയുടെ വില കൂട്ടിയില്ല. സേവനം ജീവിതത്തിന്റെ ഭാഗമായതിനാല്‍ ചായക്കടയിലും അത് തുടരാന്‍ തീരുമാനിച്ചു. ''ഒരു രൂപയ്ക്ക് ചായ നല്‍കുന്നത് എന്റെ സേവനമാണ്. അത്രയെങ്കിലും ചെയ്യാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നുണ്ടല്ലോ എന്നാണ് ആശ്വാസം''-അദ്ദേഹം പറഞ്ഞു. ദിവസം 120-150 ചായ ചെലവാകും. ചായപ്പൊടി, പാല്‍, പഞ്ചസാര, വാടക...എല്ലാം കഴിഞ്ഞ് ബാക്കിയെന്തുണ്ടാകുമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ലാഭത്തെപ്പറ്റി ഞാന്‍ ചിന്തിക്കാറില്ല. എല്ലാവര്‍ക്കും കൊടുക്കാനുള്ളത് കൊടുക്കും. എന്നാലും അത്യാവശ്യം വീട്ടുകാര്യങ്ങള്‍ നോക്കാനുള്ള തുക ബാക്കിയുണ്ടാകും.'' ജയില്‍റോഡില്‍ തട്ടാര്‍ക്കെട്ടിപ്പറമ്പിനടുത്താണ് കുട്ടേട്ടന്റെ വീട്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
കെ. സുരേഷ്
