
ഗീതാദര്‍ശനം - 475
Posted on: 14 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
വെള്ളത്തില്‍ ജനിച്ചു ജീവിച്ചു കൊഴിയുന്ന താമരയിലയില്‍ ഒരു തുള്ളി വെള്ളവും പറ്റിപ്പിടിക്കാത്തപോലെ നിസ്സംഗനായ ജീവന്‍മുക്തനില്‍ കര്‍മഫലങ്ങള്‍ ഒട്ടിപ്പിടിക്കുന്നില്ല. ഇത്തരമൊരാള്‍ക്ക് ഈ പ്രപഞ്ചത്തില്‍ എവ്വിധമുള്ള തിരുത്തുകള്‍ നടപ്പാക്കേണ്ടിവന്നാലും രാജ്യത്തിനുവേണ്ടി ഏതു യുദ്ധം ചെയ്യേണ്ടിവന്നാലും അയാള്‍ ആരെയും ഒന്നിനെയും ദ്വേഷിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ലെന്ന് നേരത്തേ പറഞ്ഞു.
ഈ മഹനീയാനുഭവം പൊടുന്നനെ ഉണ്ടാകുന്നതാണോ ? അതിന്റെ ക്രമമെന്താണ് ?
യഥാഭൂതപൃഥഗ്ഭാവം
ഏകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം
ബ്രഹ്മ സംപദ്യതേ തദാ
പ്രപഞ്ചഘടകങ്ങളില്‍ വെവ്വേറെ എന്നപോലെ കാണപ്പെടുന്ന എല്ലാ ഭൂതസംഘാതങ്ങളെയും എപ്പോള്‍ (ആ നിത്യവസ്തുവില്‍) ഒന്നിച്ചിരിക്കുന്നതായി (ഒരാള്‍) കാണുന്നുവോ, (അവയെല്ലാം) ആ ഏകത്തില്‍ത്തന്നെ പലതായി പ്രപഞ്ചമാകെ വ്യാപിച്ചു നിറയുന്നതായും അനുഭവിക്കുന്നുവോ, അപ്പോള്‍ (അയാള്‍) ബ്രഹ്മമായി ത്തീരുന്നു.
അനന്തവൈവിധ്യമാണ് ചരാചരങ്ങളില്‍ കാണുന്നത്. ഒന്നും വേറൊന്നുപോലെ അല്ല. ഒരേ ജനുസ്സില്‍പ്പെട്ട ജീവികളില്‍പോലും ഓരോന്നിനും വ്യതിരിക്തതയുണ്ട്. പക്ഷേ, ഓരോ ഉരുവവും അക്ഷരബ്രഹ്മത്തില്‍, തിരകള്‍ കടലിലെന്നപോലെ, ഇരിക്കുന്നു. എല്ലാ തിരകളും കടലില്‍നിന്നുണ്ടായി കടലില്‍ നിലനില്‍ക്കുന്നു.
ക്ഷരപ്രപഞ്ചത്തില്‍ കാണപ്പെടുന്നതെല്ലാം അക്ഷരപ്രപഞ്ചത്തിലാണ് നിലനില്‍ക്കുന്നത്. അക്ഷരപ്രപഞ്ചത്തില്‍ പരമാത്മാവിന്റെ അധ്യക്ഷതയില്‍ ഉരുത്തിരിഞ്ഞതാണ് എല്ലാം. അക്ഷരപ്രപഞ്ചംതന്നെ പരമാത്മാവിന്റെ അനാദിയായ പ്രകൃതിയാണ്.
(തുടരും)
