githadharsanam

ഗീതാദര്‍ശനം - 474

Posted on: 14 Apr 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


നിജസ്ഥിതി അറിയുന്നവര്‍ പ്രപഞ്ചത്തില്‍, തന്‍േറതെന്നല്ല, ഒന്നിന്റെയും ദേഹ-ദേഹി ബന്ധത്തിന്റെ സൗഷ്ഠവത്തെ കളങ്കപ്പെടുത്തുന്ന ഒരു കാര്യവും ചെയ്യില്ല. സ്വശരീരത്തെ ഉപദ്രവിക്കുന്ന തപസ്സോ സാധനകളോ ഏറ്റെടുക്കില്ല. സ്വാഭാവികമായി ജീവിക്കാന്‍ എല്ലാ ജീവജാലങ്ങളെയും അനുവദിക്കും. ഒരു മരവും മുറിക്കില്ല, വായുവോ വെള്ളമോ ഭൂമിയോ മലിനമാക്കില്ല. ഈ വിശുദ്ധിയുടെ ഫലം പരമാത്മസാരൂപ്യമാണ്.

ഈ സാരൂപ്യം ജീവിച്ചിരിക്കെ സാധ്യമാണോ ? കാരണം, പലപ്പോഴും ബലപ്രയോഗവും ജീവനാശവും ചെയ്യേണ്ടിവരില്ലേ ?
പ്രകൃതൈ്യവ ച കര്‍മാണി
ക്രിയമാണാനി സര്‍വശഃ
യഃ പശ്യതി തഥാത്മാനം
അകര്‍ത്താരം സ പശ്യതി

(കാര്യകരണസംഘാതരൂപത്തിലുള്ള ക്ഷേത്രങ്ങളുടെ ജനന-ജീവിത-മരണ അവസ്ഥകളിലുള്ള) കര്‍മങ്ങളെല്ലാം, എല്ലാ പ്രകാരത്തിലും, പ്രകൃതി (ആവര്‍ത്തിച്ച്) നടത്തിക്കൊണ്ടിരിക്കുന്നവയാണ് എന്നും അതുപോലെ, (പുരുഷനായ) തന്റെ അന്തരാത്മാവ് ഒരു കര്‍മവും ചെയ്യാതെ (പ്രകൃതിക്ക് ആശ്രയമായി) നില്‍ക്കുന്ന സനാതനവസ്തുവാണ് എന്നും ആര്‍ (വ്യക്തമായി) കാണുന്നുവോ അവന്‍ സത്യം കാണുന്നു.

അമാനിത്വം, അദംഭിത്വം എന്നീ ഗുണങ്ങള്‍ ഒക്കാത്ത ചിലര്‍ പറയാറില്ലേ, 'ഞാന്‍ സ്വയംനിര്‍മിതനാ(self made) 'ണെന്ന് ? സ്വന്തം പിതാവാകുക എന്നത് അസാധ്യമാണെന്നതിരിക്കട്ടെ, ഏതൊരാള്‍ക്കും തനിക്കായി ചെയ്യാന്‍ കഴിയുന്നത് വളരെ പരിമിതമാണെന്നതും പോകട്ടെ, ആ കാര്യങ്ങള്‍പോലും ചെയ്യുന്നത് ആരാണെന്നു ശരിയായി അറിയാതെയുമാണ് ഈ പറച്ചില്‍. ഈ പറച്ചില്‍ ഉള്‍പ്പെടെ എല്ലാതും വാസ്തവത്തില്‍ പ്രകൃതിയുടെ ഉത്പന്നങ്ങളാണ്. ആ ഉത്പന്നങ്ങളില്‍ അഭിമാനിക്കുക മാത്രമാണ് പ്രാപഞ്ചികനായ 'ഞാന്‍' ചെയ്യുന്നത്.

ഈ അഭിമാനമാകട്ടെ, പ്രകൃതിയുടെ സ്വാഭാവികവൃത്തികളില്‍ വാസനകളുടെ ഇടപെടല്‍ എന്ന വികൃതി ഉളവാക്കുന്നു. ഇതും പ്രകൃതിയുടെ ചെയ്തിതന്നെ. പക്ഷേ, ഈ വാസനകള്‍ ഇതോടെ കൂടുതല്‍ ശക്തിപ്പെട്ട് ജീവാത്മാവില്‍ നിക്ഷിപ്തമാകുന്നു. അതിനാല്‍ വിവേകികള്‍ 'ഞാന്‍ ചെയ്യുന്നില്ല, ചെയ്യുന്നത് പ്രകൃതിയാ'ണെന്നു മനസ്സിലാക്കുന്നു. ഞാനല്ല ചെയ്യുന്നതെങ്കില്‍ ആ ചെയ്തിയിലുള്ള അഭിമാനവും ആ ചെയ്തിയുടെ നന്മതിന്മകളും ഫലവുമായുള്ള സംഗവും എല്ലാം ഒരുമിച്ച് ഒഴിവായിക്കിട്ടും. വാസനകള്‍ അത്രത്തോളം ക്ഷയിക്കും, ആത്മസ്വരൂപത്തോട് അത്രത്തോളം അടുക്കും.

(തുടരും)



MathrubhumiMatrimonial