
ഗീതാദര്‍ശനം - 473
Posted on: 13 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
സമം പശ്യന്‍ ഹി സര്‍വത്ര
സമവസ്ഥിതമീശ്വരം
ന ഹി നസ്ത്യാത്മനാത്മാനം
തതോ യാതി പരാം ഗതിം
എങ്ങെങ്ങും ഒരുപോലെ നിറഞ്ഞിരിക്കുന്ന ഈശ്വരനെ കാണുന്നവനാകട്ടെ, മനസ്സുകൊണ്ട് സ്വരൂപമായ ആത്മാവിനെ (ആത്മാനുഭവത്തെ) നശിപ്പിക്കുന്നില്ല. അതിന്റെ ഫലമായി സമ്പൂര്‍ണമുക്തി പ്രാപിക്കാനും ഇട വരുന്നു.
എല്ലാ ജീവികളും സ്വസ്വരൂപമായ ആനന്ദം കണ്ടുകിട്ടാനാണ് സദാ ശ്രമിക്കുന്നത്. പക്ഷേ, പ്രപഞ്ചഘടനയുടെ യാഥാര്‍ഥ്യം ശരിയായി ധരിക്കാത്തതിനാല്‍ ഈ യത്‌നം പലപ്പോഴും വിപരീതഫലമാണ് ഉളവാക്കുന്നത്. ആത്മഹത്യ എന്ന വാക്കിന്റെ ശരിയായ അര്‍ഥം ഈ പദ്യം മനസ്സിലാക്കിത്തരുന്നു. കര കയറാനുള്ള പിടിവള്ളി കുരുക്കാക്കി കെട്ടിത്തൂങ്ങി ചാവുന്നതു മാത്രമല്ല ആത്മഹത്യ. ആനന്ദഘനമായ ആത്മാവിന്റെ സ്വാഭാവികാനുഭവം സ്വയം നിഷേധിക്കലാണ് അത്. ആ ആത്മാവല്ല ഞാന്‍, ഈ ദേഹം മാത്രമാണ് എന്ന കണക്കാണ് അപകടഹേതു. ആ കണക്കില്‍നിന്ന് ഭേദബുദ്ധി ജനിക്കുന്നു. ശരീരത്തിന്റെ അനുഭവങ്ങളാണ് ആകെയുള്ള സുഖവും ദുഃഖവും എന്ന കരുതലിന്റെ ദുരന്തമാണ് ആത്മഹത്യ. ചിലരില്‍ അത് ഒരു ദിവസം സംഭവിക്കുന്നു, പലരുമത് എല്ലായേ്പാഴും ചെയ്തുകൊണ്ടേ ഇരിക്കുന്നു.
ആത്മാവിനെ ഹനിക്കുക എന്നാല്‍ ആത്മാവുണ്ട് എന്ന കാര്യത്തില്‍ മറവി സംഭവിക്കുക എന്നേ അര്‍ഥമുള്ളൂ. തന്റെ അറിവില്‍നിന്നും ഓര്‍മയില്‍നിന്നും ഒരാള്‍ നീക്കിയതിനെയൊക്കെ അയാള്‍ കൊന്നതിനു തുല്യമാണല്ലോ. സ്വയം ഇല്ലായ്മ ചെയ്യാന്‍ ഒരുങ്ങുന്നവര്‍ മുഴുവന്‍ ലോകത്തെയുമാണ് ഇങ്ങനെ ഇല്ലായ്മ ചെയ്യാനായുന്നത്. ജീവനെയോ ആത്മാവിനെയോ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കുമാവില്ലെന്ന് അറിയുന്നുമില്ല.
ഇവിടെ പറയുന്ന ആത്മഹത്യയുടെ പരിധി അപാരമാണ്. അന്യനെ ദ്വേഷിക്കുന്നതും ഉപദ്രവിക്കുന്നതുംസ്നേഹിക്കാതെയും സഹായിക്കാതെയും ഇരിക്കുന്നതുമെല്ലാം ആത്മഹത്യയാണ്. കാരണം, തന്നിലെന്നപോലെ സര്‍വജീവനിലും പുരുഷോത്തമന്‍ സമമായി ഇരിക്കുന്നു. ഈ സമഭാവനയ്ക്ക് നിരക്കാത്ത ഭാവവും വാക്കും വിചാരവും ചെയ്തിയും എല്ലാം കൂടുതല്‍ അജ്ഞാനത്തിലേക്കു നയിക്കുന്നു, ആത്മാവിനെ കൂടുതല്‍ മറക്കാന്‍ ഇടയാക്കുന്നു; അതുകൊണ്ട് തിന്മയാണ്.
(തുടരും)
