
പുതുകാഴ്ചകള്‍ തേടി സഞ്ചാരിക്കൂട്ടം
Posted on: 10 Mar 2010
-സ്വന്തം ലേഖകന്‍

150 ഹെക്ടര്‍ പരന്നുകിടക്കുന്ന കമ്യൂണിറ്റി റിസര്‍വിലെ മണ്ണാന്‍മേട്, ബാലതിരുത്തി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ 'സഞ്ചാരി'കള്‍ നാട്ടുകാരുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. കണ്ടല്‍വനങ്ങളുടെ പച്ചപ്പും നിബിഡതയും കടലുണ്ടിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖം, പക്ഷിസങ്കേതം, കടലുണ്ടിപ്പുഴയിലെ മത്സ്യബന്ധനം, കടലാമ പ്രജനനകേന്ദ്രം, നിറംകൈത കോട്ട, ചാലിയം പുലിമുട്ട് തുടങ്ങിയവ സഞ്ചാരിക്കൂട്ടത്തിന് പുതുമയുള്ള അനുഭവങ്ങളാണ് പകര്‍ന്നത്.
കമ്യൂണിറ്റി റിസര്‍വ് ചെയര്‍മാന്‍ അനില്‍ മാരാത്ത്, പരിസ്ഥിതി പ്രവര്‍ത്തകന്‍ അജിത് വള്ളിക്കുന്ന് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ജൈവവൈവിധ്യമേഖലകള്‍ സന്ദര്‍ശിച്ചത്. കടലുണ്ടിയുടെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് അനില്‍ മാരാത്ത് ക്ലാസെടുത്തു.
അഞ്ചുവര്‍ഷം മുമ്പ് മലപ്പുറം ടൗണില്‍ 12 കുടുംബങ്ങള്‍ അംഗങ്ങളായി ആരംഭിച്ച 'സഞ്ചാരി' ഇതിനകം നിരവധി യാത്രകള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. വിനോദത്തിലുപരി ഓരോ യാത്രയും വ്യത്യസ്ത അനുഭവമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് 'സഞ്ചാരി'കള്‍ യാത്ര പുറപ്പെടുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുപുറമെ അവിടത്തെ ചരിത്രം, സംസ്‌കാരം, ഭാഷ, ഭക്ഷണം, കലകള്‍, ഉപജീവനം തുടങ്ങിയവയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഓരോ സഞ്ചാരി അംഗവും യാത്ര പൂര്‍ത്തിയാക്കുന്നത്. മൂന്നു മാസത്തിലൊരിക്കല്‍ ഒരു യാത്ര എന്നതാണ് സഞ്ചാരിയുടെ ലക്ഷ്യം.
അഞ്ചുവര്‍ഷം കൊണ്ട് സഞ്ചാരിയുടെ അംഗസംഖ്യ അറുപത് കുടുംബങ്ങളില്‍ നിന്നായി 200-ലെത്തിയതായി ജനറല്‍ സെക്രട്ടറി അലക്‌സ് തോമസ് പറഞ്ഞു. ഓരോ യാത്രയ്ക്കും നാമനിര്‍ദേശ മത്സരം, യാത്രയുടെ സി.ഡി. തയ്യാറാക്കല്‍, മികച്ച യാത്രാവിവരണത്തിനുള്ള സമ്മാനം നല്‍കല്‍ എന്നിവയെല്ലാം സഞ്ചാരിയുടെ യാത്രയുടെ പ്രത്യേകതകളാണ്. തദ്ദേശീയരായ സുഹൃത്തുക്കളുടെ സഹായത്തോടെ അവിടത്തെ ഭക്ഷണവിഭവങ്ങള്‍ പാകംചെയ്ത് രുചികള്‍ ആസ്വദിക്കുന്നതും ഈ യാത്രാ കൂട്ടായ്മയുടെ പതിവുശീലമാണ്.
ഏകദിനയാത്രകള്‍ മുതല്‍ രണ്ടാഴ്ച വരെ നീളുന്ന യാത്രകളാണ് സഞ്ചാരി സംഘടിപ്പിക്കാറുള്ളത്. ജില്ലയെ അറിയുക, കേരളത്തെ അറിയുക, ഇന്ത്യയെ അറിയുക എന്നീ മൂന്ന് ഇനം യാത്രകളാണ് സംഘം നടത്തിവരുന്നത്. പഠന വിനോദയാത്രകള്‍ സംഘടിപ്പിക്കുക, യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുക, യുവതലമുറയില്‍ സാഹസികത പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയാണ് ഓരോ യാത്രകൊണ്ടും സഞ്ചാരി ലക്ഷ്യമിടുന്നത്.
വി.കെ. ഉദയന്‍, എ. ശ്രീധരന്‍, ടി.വി. ജോയ്, സോഫിയ ബി. ജയിന്‍സ് എന്നിവരാണ് യാത്രകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എസ്. ഉമ്മര്‍കണ്ട് (പ്രസി), അലക്‌സ് തോമസ് (ജന.സെക്ര), കെ.പി.എ. ഷെരീഫ് (ട്രഷ) എന്നിവരാണ് സഞ്ചാരിയുടെ അമരക്കാര്‍.
