state budget

തദ്ദേശഭരണ വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റ് സെല്‍

Posted on: 05 Mar 2010


തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിനായി പ്രത്യേക സെല്‍ രൂപവത്ക്കരിക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. കേരളത്തിലെ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ വീടുകള്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ ഭവന വായ്പ തിരിച്ചടയ്ക്കുന്നതിന് കുടുംബശ്രീയെ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പത്തു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
2010-2011-ല്‍ പഞ്ചായത്തുകള്‍ക്ക് വികസനഫണ്ടായി 1714.72 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായി 351. 22 കോടി രൂപയും മെയിന്റനന്‍സ് ഫണ്ടായി 360. 74 കോടി രൂപയും വകയിരുത്തി. എസ്. ജി. വൈയില്‍ 20. 4 കോടി രൂപ വകയിരുത്തി. ഇന്ദിരാ ആവാസ് യോജനയില്‍ 32840 കുടുംബങ്ങള്‍ക്ക് വായ്പ ലഭിക്കും. പി. എം. ജി. എസ്. വൈ റോഡ് പദ്ധതിയുടെ ടെന്‍ഡര്‍ എകൈ്‌സസും യൂട്ടിലിറ്റീസ് മാറ്റുന്നതിനുമായി 20 കോടി രൂപ വകയിരുത്തി. 265 കോടി രൂപയ്ക്കുള്ള 258 റോഡ് പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
ക്ലീന്‍ കേരളാ മിഷന് ഒമ്പതു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഗിഫ്ടില്‍ ധനകാര്യ വികേന്ദ്രീകരണം നടപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപവത്കരിക്കും. നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കും. പതിനൊന്നിന പരിപാടി പ്രകാരം ഗ്രാമപ്പഞ്ചായത്തുകളില്‍ ജോലി ചെയ്യുന്ന ലൈബ്രേറിയന്‍മാരെ പാര്‍ട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്തും.
കുടുംബശ്രീക്ക് 50 കോടി രൂപ വകയിരുത്തും. ഇതിനു പുറമെ, നഗരമേഖലയിലെ കേന്ദ്ര സ്വയം തൊഴില്‍ പദ്ധതി, ചേരി വികസന പരിപാടി, നഗര ദരിദ്രര്‍ക്കുള്ള അടിസ്ഥാന സൗകര്യ പരിപാടി എന്നീ ഇനങ്ങളില്‍ 174 കോടി രൂപ കുടുംബശ്രീ വഴിയായിരിക്കും ചെലവാക്കുക.
എം. എന്‍ പാര്‍പ്പിട പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തി. തികയാത്ത പണം ഇ. എം. എസ് പാര്‍പ്പിട പദ്ധതിക്കുള്ള വായ്പയില്‍ നിന്ന് കണ്ടെത്തും. ഇ. എം. എസ് പദ്ധതിയുടെ ബാങ്കു പലിശയിലേക്ക് 100 കോടി രൂപ വകയിരുത്തി.



MathrubhumiMatrimonial