state budget

സംസ്ഥാന ബജറ്റ്: നാളികേരത്തിന് അനുവദിച്ചത് തുച്ഛസംഖ്യ

Posted on: 05 Mar 2010

കെ.ആര്‍. പ്രഹ്ലാദന്‍



തൃശ്ശൂര്‍: വിലത്തകര്‍ച്ചയുടെ വീഴ്ചയില്‍പ്പെട്ട നാളികേരത്തിന് സംസ്ഥാന ബജറ്റില്‍ ലഭിച്ചത് താഴ്ന്ന പരിഗണന. 15 കോടി തെങ്ങുകള്‍ വളര്‍ത്തുന്ന 50 ലക്ഷം കര്‍ഷകരെ രക്ഷിക്കാന്‍ മാറ്റിവെച്ചത് വെറും 30 കോടി രൂപ.

കേന്ദ്രബജറ്റിലും തെങ്ങിന് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല. എല്ലാ കാര്‍ഷികോല്പന്ന ബോര്‍ഡുകള്‍ക്കും തുക അനുവദിച്ചപ്പോള്‍, കേന്ദ്ര ധനമന്ത്രി നാളികേരബോര്‍ഡിന് ഒരു പൈസപോലും നല്കിയില്ല. കേരളത്തിന്റെ ജനപ്രതിനിധികള്‍ ഇത് വേണ്ടവിധം അവതരിപ്പിച്ചുമില്ലെന്ന് നാളികേര വികസനബോര്‍ഡ് ഗവേഷണസമിതിയംഗം ജോസഫ് ആലപ്പാട്ട് പറയുന്നു.

3.80 രൂപയാണ് നാളികേരം ഒന്നിന് കൃഷിക്കാര്‍ക്ക് കിട്ടുന്നത്. വിലനിര്‍ണയബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഒരു നാളികേരം ഉല്പാദിപ്പിക്കാന്‍ ചെലവ് 3.30 രൂപയാണ് ഒരു നാളികേരത്തില്‍നിന്ന് കൃഷിക്കാരന് മിച്ചംകിട്ടന്നത് 50 പൈസമാത്രം. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 30 കോടി രൂപ എന്തിനാണെന്ന് വ്യക്തമല്ല. നഷ്ടത്തിലായ കേരഫെഡിനെ പുനരുജ്ജീവിപ്പിക്കാനും കൊപ്ര സംഭരണത്തിനുമൊന്നും ആ തുക മതിയാകില്ല. നാളികേരം ഒന്നിന് അഞ്ചുരൂപയെങ്കിലും കിട്ടത്തക്കവിധത്തില്‍ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണന ലഭിക്കാതെ കിടുക്കുകയാണ്.

നാളികേര ക്ലസ്റ്ററുകള്‍ക്ക് ഉല്പാദനബോണസ് അനുവദിക്കുകയും നാളികേര മേഖലയ്ക്ക് കൂടുതല്‍ തുക അനുവദിക്കുകയും ചെയ്യുന്ന കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സി. രവീന്ദ്രനാഥ് എം.എല്‍.എ. പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡ് വഴിയുള്ള സംഭരണത്തില്‍ ശരാശരി അഞ്ചുരൂപ നാളികേരം ഒന്നിന് ലഭിക്കുന്നുണ്ട്. അത് വ്യാപകമാക്കി എല്ലാ തെങ്ങുകൃഷിക്കാര്‍ക്കും പ്രയോജനപ്പെടുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ആസിയാന്‍ കരാറിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കലും ഉല്പാദനച്ചെലവ് കുറയ്ക്കലും ഉള്‍പ്പെടുന്ന പ്രത്യേക നടപടികള്‍ ബജറ്റിന്റെ ഭാഗമായി ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.





MathrubhumiMatrimonial