state budget

ബജറ്റിനെപ്പറ്റി സമ്മിശ്ര പ്രതികരണം

Posted on: 05 Mar 2010

പ്രതികരണം



ഇത്തവണത്തെ സംസ്ഥാന ബജറ്റിനെപ്പറ്റി വ്യവസായ - വാണിജ്യ മേഖലയിലുള്ളവരില്‍ നിന്നും സാമ്പത്തിക വിദഗ്ദ്ധരില്‍ നിന്നും സമ്മിശ്ര പ്രതികരണം.

സ്വകാര്യ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ലെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ കെ.എം.അബ്ദുള്ള കുറ്റപ്പെടുത്തി.

കേന്ദ്രം, പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്ന ഈ സന്ദര്‍ഭത്തില്‍ 125 കോടി രൂപ ചെലവില്‍ എട്ട് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ജനങ്ങളില്‍ അധികഭാരം പ്രത്യക്ഷത്തില്‍ ചുമത്തുന്നില്ലെങ്കിലും പെട്രോള്‍ - ഡീസല്‍ നികുതി ഭാരം കുറയ്ക്കാന്‍ നടപടിയില്ലാത്തത് വിലക്കയറ്റം കൂടാന്‍ ഇടയാക്കും. അടിസ്ഥാനസൗകര്യ വികസനത്തിന് ബജറ്റില്‍ കാര്യമായ നിര്‍ദ്ദേശങ്ങളൊന്നുമില്ലെന്നും അബ്ദുള്ള കുറ്റപ്പെടുത്തി.

ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത മൂലധനചെലവിലുളള വര്‍ധനയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക്ക് അഭിപ്രായപ്പെട്ടു.

സാമൂഹ്യ ക്ഷേമം, വികസനം എന്നിവയ്ക്കാണ് പ്രധാന്യം നല്‍കിയത്. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിയെങ്കിലും മേഖലയില്‍ പൊതു നിക്ഷേപം ഉയര്‍ത്തേണ്ടതുണ്ടായിരുന്നു. അതേസമയം ഉന്നത വിദ്യഭ്യാസത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ബജറ്റില്‍ പരിസ്ഥിതിക്ക് ഊന്നല്‍ നല്‍കിയത് കേന്ദ്ര സഹായം പ്രതീക്ഷിച്ചുകൊണ്ടാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

ബജറ്റ്‌വാഗ്ദാനങ്ങള്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പല പ്രഖ്യപനങ്ങളുടെയും ആവര്‍ത്തനം സൂചിപ്പിക്കുന്നത് മുന്‍പ് നല്‍കിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ വന്ന പാളിച്ചകളാണെന്നും മാര്‍ട്ടിന്‍ പാട്രിക്ക് അഭിപ്രായപ്പെട്ടു. പൊതുമേഖലയുടെ കാര്യക്ഷമത ഉയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബജറ്റ് പൊതുവില്‍ സ്വാഗതാര്‍ഹമാണെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മലബാറിന് അനുവദിച്ച് കിട്ടിയ പല വാഗ്ദാനങ്ങളെ സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമില്ലാത്തത് ഖേദകരമാണ്.

കഴിഞ്ഞ വര്‍ഷം മലബാറിന് അനുവദിച്ച് കിട്ടിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല. എന്നാല്‍ നിര്‍ത്തി വച്ച ആംനസ്റ്റ് സ്‌കീം പുനരാരംഭിക്കാനുളള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജപ്പാന്‍ കുടിവെളള പദ്ധതിക്കായി 1058 കോടി അനുവദിച്ച നടപടി ക്രിയാത്മകമായി ഉപയോഗിച്ചാല്‍ പദ്ധതിയെക്കുറിച്ച് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു വിരാമാമാവുമെന്നും ചേംബര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ വിമാനത്താവളം, നാല് വരി പാത തുടങ്ങിയ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള ഘടകം ചെയര്‍മാന്‍ സഞ്ജയ് മാരിവാല അഭിപ്രായപ്പെട്ടു.

തൃശ്ശൂരില്‍ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. സിഐഐ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹോട്ടല്‍, ടൂറിസം മേഖലകളിലെ ആഢംബര നികുതി കുറച്ച നടപടിയെയും സിഐഐ സ്വാഗതം ചെയ്തു.
Tags:   center



MathrubhumiMatrimonial