budget head

സാമ്പത്തിക സ്ഥിരതയ്ക്ക് പ്രത്യേക വികസന സമിതി

Posted on: 26 Feb 2010


ഗ്രാമീണ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം

ന്യൂഡല്‍ഹി: ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ സാമ്പത്തികസ്ഥിരത നിലനിര്‍ത്തുന്ന സംവിധാനം ശക്തിപ്പെടുത്താന്‍ സാമ്പത്തിക സ്ഥിരത വികസന സമിതി രൂപവത്കരിക്കുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. 2008-09 ലെ സാമ്പത്തിക പ്രതിസന്ധി ലോകമെമ്പാടും ബാങ്കിങ്,ധനകാര്യ സ്ഥാപനങ്ങളുടെ ഘടനതന്നെ മാറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ സ്ഥാപിക്കുന്ന കൗണ്‍സില്‍,സമ്പദ്‌വ്യവസ്ഥയുടെ വിപുലമായ വശങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. വലിയ സാമ്പത്തിക സ്ഥാപനങ്ങളും കൗണ്‍സിലിന്റെ നിരീക്ഷണത്തിലാകും. റഗുലേറ്ററി സ്ഥാപനങ്ങള്‍ക്കിടയിലുള്ള ഏകോപനം,സാമ്പത്തിക സാക്ഷരത,പങ്കാളിത്തം തുടങ്ങിയവയും കൗണ്‍സിലിന്റെ കീഴില്‍വരും. ഗ്രാമീണ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ പ്രവര്‍ത്തനമൂലധനം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. 2006-07 ലാണ് ഒടുവില്‍ ഗ്രാമീണ ബാങ്കുകളുടെ മൂലധനശേഷി കൂട്ടിയത്. ഗ്രാമീണമേഖലയില്‍ വായ്പ ലഭ്യമാക്കുന്നതിന് ഈ ബാങ്കുകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.
ചില സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് ആലോചിക്കുന്നുണ്ട്.
2008-09ല്‍ നാലു പൊതുമേഖലാ ബാങ്കുകള്‍ക്ക് 1900 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. അതിനുതുടര്‍ച്ചയായി 1200 കോടി രൂപകൂടി അനുവദിക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു.





MathrubhumiMatrimonial