budget head

പ്രതിരോധ മേഖലയ്ക്ക് 1,47,344 കോടി

Posted on: 26 Feb 2010

ഡി. ശ്രീജിത്ത്‌



ന്യൂഡല്‍ഹി: പതിവുപോലെ ഇത്തവണയും പൊതുബജറ്റിന്റെ വലിയ പങ്ക് പ്രതിരോധ മേഖലയ്ക്ക് തന്നെ. കഴിഞ്ഞ ബജറ്റിനേക്കാളും 8.13 ശതമാനം കൂടുതലാണ് ഇത്തവണ പ്രതിരോധ മേഖലയുടെ വിഹിതം. 1,47,344 കോടിരൂപയാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി 2010-'11 വര്‍ഷം പ്രതിരോധ മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത്. മൂലധന ചെലവായ 60,000 കോടിയും ഇതിലുള്‍പ്പെടുന്നു.
അതിര്‍ത്തിയുടെ സംരക്ഷണവും ജീവന്റെയും സ്വത്തിന്റെയും സുരക്ഷിതത്വവും വികസനത്തെ ത്വരപ്പെടുത്തുന്നുവെന്ന് പ്രതിരോധമേഖലയ്ക്കുള്ള നീക്കിയിരിപ്പ് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ ആവശ്യത്തിനായി എപ്പോള്‍ വേണമെങ്കിലും ബജറ്റ് നീക്കിയിരിപ്പിന് അപ്പുറം അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 11,080 കോടി രൂപയാണ് അധികമായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 1,41,703 കോടി പ്രതിരോധ മേഖലയ്ക്ക് നീക്കിവച്ചിരുന്നുവെങ്കിലും പിന്നീടത് 136,264 ആക്കി പുതുക്കി നിശ്ചയിച്ചിരുന്നു.
പ്രതിരോധ മേഖലയ്ക്ക് അനുവദിച്ചതില്‍ സിംഹഭാഗവും പതിവുപോലെ കരസേനയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. ജമ്മുകശ്മീരില്‍ 2000 യുവാക്കളെ അഞ്ച് കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളിലായി നിയമിക്കാനും തീരുമാനമെടത്തിട്ടുണ്ട്. നക്‌സല്‍ശല്യം രൂക്ഷമായ 33 ജില്ലകളില്‍ പ്രതിരോധ നടപടിക്കായി ആസൂത്രണ കമ്മീഷന്‍ തയ്യാറാക്കിയ പദ്ധതിക്ക് വേണ്ട സഹായം നല്‍കുമെന്നും ബജറ്റ് വ്യക്തമാക്കി.








MathrubhumiMatrimonial