യാത്രക്കാരികളുടെ സുരക്ഷയ്ക്ക് മഹിളാസേന

Posted on: 24 Feb 2010


ന്യൂഡല്‍ഹി: തീവണ്ടികളില്‍ യാത്രക്കാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ 12 കമ്പനി വനിതാ സുരക്ഷാഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് റെയില്‍വേ മന്ത്രി മമതാബാനര്‍ജി അറിയിച്ചു. 'മഹിളാ വാഹിനി' എന്നായിരിക്കും റെയില്‍വേ സംരക്ഷണ സേനയിലെ (ആര്‍.പി.എഫ്.) വനിതാവിഭാഗത്തിന്റെ പേര്.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഇവരുടെ നിയമനം പൂര്‍ത്തിയാക്കും. ഇതേ കാലയളവിനുള്ളില്‍ രാജ്യത്തെ എല്ലാ ആളില്ലാലെവല്‍ ക്രോസുകളിലും ആളെ നിയമിക്കും. 20 ദീര്‍ഘദൂര വണ്ടികളില്‍ തീയും പുകയും കണ്ടെത്താന്‍ ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍നിന്നുള്ളവരെയാകും 'മഹിളാ വാഹിനി'യായി നിയമിക്കുക. ദിവസവും തീവണ്ടികളില്‍ യാത്രചെയ്യുന്ന 1.8 കോടി പേരില്‍ പകുതിയും സ്ത്രീകളാണെന്ന് മമത ചൂണ്ടിക്കാട്ടി. ആര്‍.പി.എഫിനെ ആധുനികീകരിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും ആവശ്യമാണ്. യാത്രക്കാര്‍ക്ക് സുരക്ഷ നല്‍കാനായി റെയില്‍വേ സമഗ്രമായ ഒരു ബില്‍ കൊണ്ടുവരുമെന്ന് അവര്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം റെയില്‍വേ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഡല്‍ഹി എന്നീ മെട്രോനഗരങ്ങളില്‍ വനിതകള്‍ക്കു മാത്രമായി എട്ടു പ്രത്യേക തീവണ്ടികള്‍ ആരംഭിച്ചിരുന്നു.





MathrubhumiMatrimonial