ജനശതാബ്ദി ഒന്നുകൂടി

Posted on: 24 Feb 2010


യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമേകാന്‍ കോഴിക്കോടിന് റെയില്‍വേയുടെ മമത.
പുത്തന്‍ തീവണ്ടികള്‍ സമ്മാനിച്ചുകൊണ്ടാണിത്. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിക്കു പുറമെ കണ്ണൂര്‍ ഭാഗത്തേക്ക് രണ്ടു പാസഞ്ചര്‍ തീവണ്ടികളുംകൂടി ലഭിച്ചത് കോഴിക്കോട്ടുനിന്നുള്ള യാത്രക്കാര്‍ക്ക് അനുഗ്രഹമായി. എന്നാല്‍, വര്‍ഷങ്ങളായി ബാംഗ്ലൂര്‍ തീവണ്ടിക്കായി നടത്തുന്ന മുറവിളി ഇത്തവണയും കേന്ദ്രം കേട്ടില്ല. ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന റെയില്‍പ്പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരിക്കാനും കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. മൂന്നു പുതിയ തീവണ്ടികള്‍, ചില കണക്ഷന്‍ തീവണ്ടികള്‍, കോഴിക്കോടു വഴി കടന്നുപോകുന്ന തീവണ്ടികളുടെ എണ്ണത്തില്‍ വര്‍ധന എന്നിവയാണ് ആശ്വാസമേകുന്ന ബജറ്റ് വിശേഷങ്ങള്‍


പുതിയ ജനശതാബ്ദി കോട്ടയം വഴി


കോഴിക്കോട്ടുനിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് പുതിയ ഒരു ജനശതാബ്ദി എക്‌സ്​പ്രസ് കൂടി അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് മറ്റൊരു സന്തോഷവാര്‍ത്ത. രാവിലെ ആറു മണിയോടെ കോഴിക്കോട്ടുനിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തുന്ന ജനശതാബ്ദി ഒമ്പതു മണിയോടെ കൊച്ചിയിലൂടെ കടന്നുപോകും. കോട്ടയത്തെ എം.ജി. സര്‍വകലാശാലയുമായി ബന്ധപ്പെടാന്‍ പുതിയൊരു സര്‍വീസ് ലഭിക്കുന്നതും വിദ്യാര്‍ഥികള്‍ക്കു സഹായകമാകും. ശനി, ഞായര്‍ ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമാകും ജനശതാബ്ദി സര്‍വീസ് നടത്തുക.

കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍


കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന യാത്രാക്ലേശത്തിന് ചെറിയ രീതിയിലെങ്കിലും പരിഹാരം കാണാന്‍ പുതിയ തീവണ്ടിക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. പുതിയ തീവണ്ടിയുടെ സമയക്രമം വ്യക്തമായിട്ടില്ലെങ്കിലും ഉച്ചയ്ക്കുമുമ്പായി സര്‍വീസ് നടത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, നിലവില്‍ സ്‌പെഷല്‍ തീവണ്ടികളായി സര്‍വീസ് നടത്തുന്നവ നമ്പര്‍ മാറ്റി ഓടിക്കുന്നതാണ് പുതിയ തീവണ്ടികളെന്നും അഭിപ്രായമുണ്ട്.

മംഗലാപുരം പാസഞ്ചര്‍ കോഴിക്കോട്ടേക്ക്


വര്‍ഷങ്ങളായി മംഗലാപുരത്തിനും കണ്ണൂരിനുമിടയില്‍ സര്‍വീസ് നടത്തുന്ന 623/624 തീവണ്ടി കോഴിക്കോടു വരെ സര്‍വീസ് നടത്തുന്നത് ഉദ്യോഗാര്‍ഥികളെയും വിദ്യാര്‍ഥികളെയും ഒരുപോലെ സഹായിക്കും.

ഏറനാട് എല്ലാ ദിവസവും


ആഴ്ചയില്‍ മൂന്നു ദിവസം ഓടിക്കൊണ്ടിരുന്ന മംഗലാപുരം-നാഗര്‍കോവില്‍ (6605/6606) ഏറനാട് എക്‌സ്​പ്രസ് പ്രതിദിന തീവണ്ടിയാക്കാന്‍ തീരുമാനമായി. എന്നുമുതല്‍ ഈ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഷൊറണൂര്‍ ഭാഗത്തേക്ക് ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലും മംഗലാപുരം ഭാഗത്തേക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുന്നത്. നാഗര്‍കോവിലിലേക്കു രാവിലെ 11.45-നും മംഗലാപുരത്തേക്ക് 12.45-നുമാണ് സര്‍വീസ്.

വൈദ്യുതീകരണത്തിന് 68 കോടി


ഷൊറണൂര്‍-മംഗലാപുരം ലൈനില്‍ വൈദ്യുതീകരണം നടത്തുന്നതിന് ആവശ്യമായ 302 കോടി രൂപയില്‍ 68 കോടി രൂപ ഈ ബജറ്റില്‍ നീക്കിവെച്ചത് ഏറെ പ്രതീക്ഷ നല്കുന്നതാണ്.

പുണെ-എറണാകുളം കോഴിക്കോട് വഴി


ഉത്തരേന്ത്യയുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ എറണാകുളത്തുനിന്ന് പുണെയിലേക്ക് ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ് നടത്തുമെന്നു പ്രഖ്യാപിച്ച സൂപ്പര്‍ ഫാസ്റ്റ് എക്‌സ്​പ്രസ്സും കോഴിക്കോട്ടുകാര്‍ക്ക് യാത്രാസൗകര്യം നല്കും.

ബേപ്പൂരുമായി റെയില്‍ബന്ധം


ബേപ്പൂര്‍ തുറമുഖവികസനത്തിന് പ്രാധാന്യം നല്കുന്നതിന്റെ ഭാഗമായി ഇവിടേക്ക് റെയിലില്‍ ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കുമെന്നത് വന്‍ പ്രതീക്ഷ നല്കുന്നതാണ്. ചരക്കുഗതാഗതമുള്‍പ്പെടെ വിശാലമായ സാധ്യത ഉണ്ടാക്കുന്നതാണ് ഈ പ്രഖ്യാപനം.




MathrubhumiMatrimonial