കേരളത്തിന് ഏട്ട് പുതിയ തീവണ്ടികള്‍

Posted on: 24 Feb 2010


ന്യൂഡല്‍ഹി: യാത്രാചരക്ക് കൂലിയില്‍ മാറ്റം വരുത്താതെ മമത ബാനര്‍ജി അവതരിപ്പിച്ച രണ്ടാം റെയില്‍വെ ബജറ്റില്‍ പുതിയ നാല് തീവണ്ടികളും ഒരു മെമു സര്‍വീസും രണ്ട് പുതിയ പാസഞ്ചര്‍ തീവണ്ടികളും കേരളത്തിന് അനുവദിച്ചു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അന്തിമ അനുമതി ലഭിച്ചതോടൊപ്പം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. അതേ സമയം തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു പെനിന്‍സുലാര്‍ സോണ്‍ വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഹൈദരബാദിനെയും ബാംഗ്ലൂരിനെയും ചെന്നൈയേയും ബന്ധപ്പെട്ടുത്തിയുള്ള ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തതും തിരിച്ചടിയായി.

മുംബൈ-എറണാകുളം തുരന്തോ, കന്യാകുമാരി-ഭോപ്പാല്‍ ഭാരത് തീര്‍ഥ് സ്‌പെഷല്‍, പുണെ-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്(ആഴ്ചയില്‍ രണ്ട് ദിവസം), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(ആഴ്ചയില്‍ അഞ്ച് ദിവസം) എന്നിവയാണ് കേരളത്തിന് അനുവദിച്ച പുതിയ ദീര്‍ഘദൂര തീവണ്ടികള്‍. ഇതോടൊപ്പം പാലക്കാട് വഴി കടന്നുപോകുന്ന മംഗലാപുരം-തിരുച്ചിറപ്പള്ളി എക്‌സ്​പ്രസും കേരളത്തിന് ഗുണകരമാകും (ആഴ്ചയില്‍ ഒരും ദിവസം). പൂണെ-എറണാകുളം എക്‌സ്​പ്രസ് പനവേല്‍ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാജ്യത്ത് പുതുതായി ആരംഭിച്ച മെമു സര്‍വീസില്‍ ഒന്ന് കേരളത്തിന് അനുവദിച്ചിട്ടുണ്ട്. എറണാകുളം-കൊല്ലം റൂട്ടിലാണ് മെമു സര്‍വീസ് നടത്തുക.

പുതിയ രണ്ട് പാസഞ്ചര്‍ തീവണ്ടികളും കേരളത്തിന് നല്‍കിയിട്ടുണ്ട്. കോഴിക്കോട്-കണ്ണൂര്‍, നിലമ്പൂര്‍-ഷൊറണൂര്‍ റൂട്ടുകളിലാണ് പുതിയ പാസഞ്ചര്‍ തീവണ്ടികള്‍ വരുന്നത്. മംഗലാപുരം -കണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട്ടേയ്ക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം-എറണാകുളം ഇന്റര്‍സിറ്റി ഗുരുവായൂര്‍ വരെ നീട്ടി. കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്‌സ്​പ്രസ് ഹൂബ്ലി വരെ നീട്ടി

ഇതിന് പുറമേ കേരളത്തില്‍ പുതിയ ആറ് പാതകള്‍ക്കുള്ള സര്‍വെ നടത്തുമെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്-മലപ്പുറം-അങ്ങാടിപ്പുറം, ഡിണ്ടിഗല്‍-കുമളി, മധുര-കോട്ടയം, പുനലൂര്‍-തിരുവനന്തപുരം, അടൂര്‍വഴി ചെങ്ങന്നൂര്‍-തിരുവനന്തപുരം, തലശ്ശേരി-മൈസൂര്‍ തുടങ്ങിയ പാതകള്‍ക്കുള്ള സര്‍വെ ആരംഭിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കുടിവെള്ള പ്ലാന്റ് സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കില്ലെന്നും സാമൂഹിക പ്രതിബന്ധതയക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണനയെന്നും ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു.

ആലപ്പുഴ, അമ്പലപ്പുഴ, ചങ്ങനാശ്ശേരി, ചേര്‍ത്തല, ഹരിപ്പാട്, കൊച്ചുവേളി, കായംകുളം, മാവേലിക്കര, വയലാര്‍ എന്നീ റെയില്‍വേസ്റ്റേഷനുകളെ ആദര്‍ശ് സ്‌റേഷനുകളാക്കി.



MathrubhumiMatrimonial