goodnews head

നസീമയ്ക്കും കുടുംബത്തിനും തലചായ്ക്കാനിടമായി

Posted on: 28 Oct 2007


ബാലുശ്ശേരി: അന്തിയുറങ്ങാന്‍ ഒരിടമോ ഭക്ഷണത്തിന് വകയോ ഇല്ലാതെ ബാലുശ്ശേരി ബ്ലോക്ക് റോഡിലെ പീടികവരാന്തയില്‍ കഴിഞ്ഞുകൂടിയ നാലുമക്കളും അമ്മയുമടങ്ങിയ നസീമയുടെ കുടുംബത്തിന് അന്തിയുറങ്ങാന്‍ സ്വന്തമായി ഒരിടം ലഭിച്ചു. അത്തോളി ലക്ഷംവീടു കോളനിയില്‍ നാലുസെന്റ് ഭൂമിയും വീടുമാണ് 24,000 രൂപയ്ക്ക് വാങ്ങി ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് നസീമയ്ക്കും കുടുംബത്തിനും നല്‍കിയത്. നസീമയുടെയും കുടുംബത്തിന്റെയും ദയനീയകഥ 'മാതൃഭൂമി' പ്രസിദ്ധീകരിച്ചത് കാണാനിടയായ കോട്ടയം സ്വദേശി ജോസഫും ഭാര്യ സാറാമ്മയും അവിടെനിന്നെത്തി നസീമയുടെയും കുടുംബത്തിന്റെയും സംരക്ഷണച്ചുമതല ഏറ്റെടുക്കുകയാണുണ്ടായത്. ഇവരാണ് നസീമയുടെയും കുടുംബത്തിന്റെയും പേരില്‍ സ്ഥലവും വീടും വാങ്ങി നല്‍കിയത്. കുവൈത്തിലെ സാന്ത്വനം എന്ന സംഘടന 4000 രൂപയുടെ ചെക്ക് 'മാതൃഭൂമി'യില്‍ എത്തിക്കുകയുണ്ടായി. ചെക്ക് നസീമ കുടുംബസഹായ സമിതി കണ്‍വീനര്‍ സി.കെ. ഗിരിധരനെ ഏല്‍പിച്ചു. മുക്കം ഓര്‍ഫനേജ് അധികൃതര്‍ നസീമയുടെ കുട്ടികളുടെ സംരക്ഷണം ഏല്‍ക്കാമെന്ന് അറിയിച്ചിരുന്നു. കുട്ടികളെ അത്തോളി സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനാണ് നസീമ ആഗ്രഹിക്കുന്നത്. നാട്ടുകാരുടെ കൂട്ടായ്മയില്‍ രൂപവത്കരിച്ച നസീമ കുടുംബസഹായ സമിതി കോളനിയില്‍ നസീമയ്ക്ക് ലഭിച്ച വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുവര്‍ഷക്കാലമായി കൂട്ടാലിട, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിലെ പീടികവരാന്തകളില്‍ അന്തിയുറങ്ങിയ ഈ അനാഥകുടുംബം കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ അന്തിയുറങ്ങാന്‍ ഒരിടവും നിറച്ചുണ്ണാന്‍ ഭക്ഷണവും ലഭിച്ച സന്തോഷത്തിലാണ്


 

 




MathrubhumiMatrimonial