TravelBlogue

ഹിമവാന്റെ മടിത്തട്ടിലേക്ക്‌

Posted on: 31 Jan 2010

text&photos: ജോജി സുനില്‍More Photos
ഡല്‍ഹിയില്‍ നിന്നും വൈകീട്ട് പുറപ്പെട്ട ഹിമാചല്‍ പ്രദേശ് ടൂറിസം വക ലക്ഷ്വറി കോച്ചിലെ, രാത്രി മുഴുവന്‍ നീണ്ടു നിന്ന ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പുറത്തേക്ക് നോക്കുമ്പോള്‍ നേരം വെളുത്ത് വരുന്നതേയുള്ളു. ബസ്സിനുള്ളിലെ ചെറിയ തണുപ്പില്‍ ഞാന്‍ കമ്പിളിയുടെ ഉള്ളിലേക്ക് ഒതുങ്ങിക്കൂടി. ഹിമാലയ നിരകളുടെ ഒരു ഭാഗത്ത്കൂടി ഉയര്‍ന്ന മലനിരകളെ തഴുകി, വളഞ്ഞ് പുളഞ്ഞ് പോവുന്ന റോഡിലൂടെ കയറ്റം കയറുകയാണ് ബസ്സ്. സാമാന്യം വീതിയുള്ള നല്ല ടാര്‍ റോഡ്. ഒരു ഭാഗത്ത് ഉയര്‍ന്ന് നില്‍ക്കുന്ന മലനിരകള്‍. മറുഭാഗത്ത്, വളരെ താഴെകൂടി ഒഴുകുന്ന നദിയുടെ ദൃശ്യങ്ങള്‍ ഇടയ്ക്കിടെ കാണാം. മലനിരകളിലെ മരങ്ങള്‍ക്കും ചെടികള്‍ക്കും നരച്ചപച്ചനിറമാണ്. കേരളത്തിലെപ്പോലെ തെളിഞ്ഞ പച്ചനിറമല്ല. കുളു താഴ്‌വര എത്താന്‍ അധികം ദൂരമില്ല.

ഒരു വളവ് തിരിഞ്ഞ് ബസ്സ് യാത്ര തുടര്‍ന്നത് കുറച്ചു കൂടി വിശാലമായ മുന്‍ഭാഗ ദൃശ്യങ്ങളിലേക്കാണ്. തൊട്ടുമുന്നിലും ഇരുഭാഗത്തുമുള്ള മലനിരകളുടെ തൊട്ട് പിറകില്‍ ഉള്ള കൊടുമുടികളുടെ മുകളില്‍ വെണ്ണക്കല്ലുകള്‍ പതിപ്പിച്ചതു പോലുള്ള മഞ്ഞുമലകളുടെ ആദ്യ ദൃശ്യം കണ്ടു തുടങ്ങി. ഉദയ സൂര്യന്റെ വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്ന മഞ്ഞു മലകളുടെ ദൃശ്യം വര്‍ണനാതീതമാണ്. പ്രത്യേകിച്ച് മഞ്ഞുമലകളെക്കുറിച്ച് കേട്ടറിവു മാത്രമുള്ള മലയാളിക്ക്.

കുളു സാമാന്യം വലിയൊരു പട്ടണമാണ്. മണാലിക്ക് തൊട്ട് മുന്‍പുള്ള വിശാലമായ ഒരു താഴ്‌വരയാണ് കുളു. ബിയാസ് നദിയുടെയും പാര്‍വ്വതി നദിയുടെയും സംഗമസ്ഥാനം ഇതിനടുത്താണ്. കുളുവില്‍ ചേര്‍ന്നുള്ള ബുരുറിലാണ് വിമാനത്താവളം. കുളുവില്‍ നിന്നും വീണ്ടും കയറ്റം കയറി ഒന്നരമണിക്കൂര്‍ യാത്ര ചെയ്താല്‍ മണാലിയില്‍ എത്തും. ഈ യാത്രയില്‍ ഉടനീളം ബിയാസ് നദി വലതു ഭാഗത്തായി കാണാം. ബസ്സിന്റെ യാത്ര നദിയുടെ ഒഴുക്കിന് എതിരെയാണെന്നുമാത്രം. വലിയ ഉരുണ്ട പാറക്കെട്ടിന്റെ ഇടയിലൂടെ പതഞ്ഞ് ഒഴുകുന്ന ബിയാസ് നദി, ഈ യാത്രയിലുടനീളം ഒരു യൗവ്വനസുന്ദരിയെപ്പോലെ, അലസമായാണ് ഒഴുകുന്നത്.

മണാലി ടൗണ്‍ കുളുവിനെ അപേക്ഷിച്ച് ചെറുതും എന്നാല്‍ വൃത്തിയുള്ളതുമാണ്. പ്രധാനപ്പെട്ട മാള്‍ റോഡും അതിന് ഇരുവശത്തും ഉള്ള കടകളും ഹോട്ടലുകളും ചേര്‍ന്നതാണ് ടൗണ്‍. ടൂറിസ്റ്റുകള്‍ ധാരാളം വരുന്ന ഇവിടെ ഒട്ടനവധി ലോഡ്ജുകളും കാണാം. തെക്കേ ഇന്ത്യന്‍ ഭക്ഷണസാധനങ്ങള്‍ മുതല്‍ ചൈനീസ് ഭക്ഷണം വരെ ലഭിക്കുന്ന ഹോട്ടലുകള്‍ സുലഭം. എന്നാല്‍ മറ്റു പ്രധാനപ്പെട്ട ഹില്‍സറ്റേഷനുകളെ അപേക്ഷിച്ച്, മണാലിയില്‍ കൊളോണിയില്‍ സംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പുകള്‍ തീരെ ഇല്ല തന്നെ. ആയതു കൊണ്ട്, മിക്ക പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രങ്ങളിലെല്ലാം തന്നെ തനത് സംസ്‌ക്കാരം വിളിച്ചോതുന്നവയാണ്.

ഹിമാചല്‍ പ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി. ഡല്‍ഹിയില്‍ നിന്നും ചണ്ഡിഗഡ് വഴി 565 കി.മീ ദൂരമുണ്ട്, സമുദ്രനിരപ്പില്‍ നിന്നും 6726 അടി ഉയരത്തിലുള്ള ഈ സുന്ദര ഭൂമിക്ക്. സൂര്യന്റെ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വെളുപ്പും സ്വര്‍ണനിറവും ഇളം ചുവപ്പും നിറങ്ങള്‍ മാറിമാറി അണിയുന്ന മഞ്ഞുമലകളെ അടുത്ത് കാണാമെന്നത് മാത്രമല്ല, പതുപതുത്ത പഞ്ഞിക്കെട്ട് പോലെയുള്ള മഞ്ഞ് മലകളില്‍ കയറി രസിക്കാം എന്നതാണ് മണാലിയെ മറ്റ് ഉത്തരേന്ത്യന്‍ സുഖവാസ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അതിശൈകത്യ കാലത്ത് മണാലി ടൗണില്‍ പോലും മഞ്ഞു വീഴും. ടൗണിന് ചുറ്റുമുള്ള മലകളില്‍ എല്ലാക്കാലത്തും മഞ്ഞു കാണാം. ബിയാസ് നദിയുടെ വലതുകരയിലാണ് മണാലി. മണാലിയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിച്ച് ധാരാളം ബസ്സ് സര്‍വ്വീസുകള്‍ ഉണ്ട്. 3978 മീറ്റര്‍ ഉയരത്തില്‍ ഹിമാവാനില്‍ നിന്നും ഉത്ഭവിക്കുന്ന് ബിയാസ് നദി മണാലിയില്‍ എത്തുന്നതോടെ അല്‍പ്പം പരന്ന് സാവകാശമാണ് ഒഴുകുന്നത്. ബിയാസ് നദിയില്‍ പലേയിടത്തും റാഫ്ടിങിനും മറ്റ് ജലകേളികള്‍ക്കും അവസരമുണ്ട്. അതു പോലെ തന്നെ ട്രെക്കിങിനും പാരാഗ്ലൈഡിങ്ങിനും പറ്റിയ സ്ഥലങ്ങള്‍ ധാരാളമുണ്ട് മണാലിയില്‍. സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം ജൂലായ് ആഗസ്ത് മാസങ്ങളാണ് ഏറ്റവും നല്ലത്. നല്ല കാലാവസ്ഥയും കായ്ച്ച് നില്‍ക്കുന്ന ആപ്പിള്‍, പ്ലം, പെയര്‍, പീച്ച്, ആപ്രിക്കോട്ട് എന്നീ ഫലവൃക്ഷങ്ങളുടെ നീണ്ട തോട്ടങ്ങളും ധാരാളം കാണാം. സീസണ്‍ കഴിയുന്നതോടെ ഇവയെല്ലാം ഇലപൊഴിച്ച് ഉണങ്ങിയ മരം കണക്ക് നില്‍ക്കുന്നു.

മണാലിയിലെ പഴയകെട്ടിടങ്ങളും മറ്റും തനത് വാസ്തു ശൈലിയില്‍ ഉള്ളതാണ്. ഗ്രാമത്തിലെ വീടുകള്‍ പലതും മരം കൊണ്ട്, ഇരുനിലയായി പണിയിച്ചവയാണ്. മണാലി ടൗണിനോട് ചേര്‍ന്ന് ഏതാനും പഴയ ക്ഷേത്രങ്ങളും ബുദ്ധമൊണാസ്ട്രികളും ഉണ്ട്. ക്ഷേത്രങ്ങളെല്ലാം തന്നെ പഗോഡയുടെ ആകൃതിയില്‍ തനത് ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ്. 16-ാം നൂറ്റാണ്ടില്‍ ഭീമന്റെ ഭാര്യ 'ഹിഡുംബി'യുടെ നാമധേയത്തില്‍ പണി കഴിപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രം ഇവിടെ കാണാം. വിശ്വാസികള്‍ ഫലസിദ്ധിക്കായി മൃഗങ്ങളെയും മറ്റും അവിടെ കുരുതി കഴിക്കാറുണ്ട്. അല്‍പ്പം മാറിയാണ് വസിഷ്ഠമുനിയുടെ പേരിലുള്ള ക്ഷേത്രം. ലക്ഷ്മണന്‍ ഇവിടെ സന്ദര്‍ശിച്ചതായി വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം അതിനോട് ചേര്‍ന്നുള്ള ചൂട് നീരുറവയാണ്. ഭൂമിയുടെ അടിയില്‍ നിന്നും പാറയിലുള്ള വിള്ളലിലൂടെ പ്രവഹിക്കുന്ന വെള്ളത്തിന് അതിശൈത്യകാലത്തു പോലെ നല്ല ചൂടാണ്. ഈ ഉറവയ്ക്ക് ഔഷധമൂല്യം ഉണ്ടെന്നാണ് വിശ്വാസം. ഈ ഉറവ, ചെറിയ സ്‌നാന ഘട്ടങ്ങളിലേക്ക് തിരിച്ച് വിട്ട്, സന്ദര്‍ശകര്‍ക്ക് കുളിക്കുന്നതിനായി സൗകര്യപ്പെടുത്തിയിട്ടുണ്ട്.സൊളാങ്ങ്, സ്‌നോ പോയിന്റ്


മണാലിയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് സൊളാങ്ങ് താഴ്‌വര. ആപ്പിള്‍ തോട്ടങ്ങള്‍ക്ക് നടുവിലൂടെയുള്ള റോഡിലൂടെ സഞ്ചരിച്ച് എത്തുന്ന സൊളാങ് താഴ്‌വര അതിമനോഹരമാണ്. ചുറ്റും മൂടി നില്‍ക്കുന്ന മലകളും ദേവദാരുവും പൈന്‍മരങ്ങള്‍ അതിരുടുന്ന റോഡുകളും നിറയെ പൂത്തു നില്‍ക്കുന്ന ചെറിയ മരങ്ങളും ഉള്‍പ്പടെ സൊളാങ് താഴ്‌വര കാഴ്ച്ചയ്ക്ക് അതീവ സുന്ദരമാണ്. 'സ്‌നോ പോയിന്റ്' ഇതിന്റെ അടുത്താണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്‌നോ പോയിന്റ് മാറിക്കൊണ്ടിരിക്കും. ഏതു ഭാഗത്താണോ മഞ്ഞു വീണു കിടന്ന്, സഞ്ചാരികള്‍ക്ക് മഞ്ഞില്‍ കയറാവുന്നത് അതാണ് 'സ്‌നോ പോയിന്റ്' സന്ദര്‍ശകരെ മഞ്ഞിന്റെ അടുത്ത് കൊണ്ടുപോവുന്നതിനും സ്‌കീയിങ് സ്‌കേറ്റിങ് എന്നിവ നടത്തുന്നതിനും തയ്യാറായ നിരവധി ഗൈഡുകള്‍ ഇവിടെ സന്ദര്‍ശകരെ കാത്തു നില്‍ക്കുന്നുണ്ടാകും. കുറച്ചുകൂടി സഹസികരായ സന്ദര്‍ശകര്‍ക്കുവേണ്ടി പാരഗ്ലൈഡിങ്, ചൂടുവാതക ബലൂണ്‍യാത്ര എന്നിവയ്ക്ക് ഉള്ള സൗകര്യവും ഉണ്ട്. താഴ്‌വരയില്‍ പല ഭാഗത്തും മഞ്ഞു വീണു കിടക്കുന്ന കാഴ്ച്ച വളരെ മനോഹരമാണ്. പ്രായഭേദമെന്യേ മഞ്ഞില്‍ മുകളില്‍ കയറി കളിക്കുകയും പരസ്​പരം മഞ്ഞ് വാരിയെറിഞ്ഞ് രസിക്കുകയും മഞ്ഞ് കൊണ്ട് വിവിധ രൂപങ്ങള്‍ ഉണ്ടാക്കി മണിക്കൂറുകള്‍ ചെലവഴിക്കുകയും ചെയ്യുന്ന സഞ്ചാരികളെ ഇവിടെ നിരവധി കാണാം. മഞ്ഞിനു മുകളില്‍ കയറുന്നതിന് പ്രത്യേകം സ്‌നോ ജാക്കറ്റും ബൂട്ട്‌സും ധരിക്കണം. ഇവയെല്ലാം വാടകയ്ക്കു കൊടുക്കുന്നതിനുള്ള നിരവധി കടകള്‍ സ്‌നോപോയിന്റിലേക്കുള്ള റോഡിന്റെ ഇരുഭാഗത്തും കാണാം. മണാലിയിലെ പല സന്ദര്‍ശക സ്ഥലങ്ങളിലും സഞ്ചാരികള്‍ക്ക് കാണുന്നതിനും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിനും യാക്ക്, ഹിമാലയസാനുക്കളില്‍ കാണുന്ന വലിയ രോമത്തോട് കൂടിയ ആട്, മുയലുകള്‍ എന്നിവയേയും കൊണ്ട് നില്‍ക്കുന്ന തദ്ദേശീയരായ സ്ത്രീ-പുരുഷന്‍മാരെ കാണാം. സൊളാങ് താഴ്‌വരയിലാണ് പ്രശസ്തമായ വെസ്റ്റേണ്‍ ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ട്.


റോഹ്ത്താങ് പാസ്


മണാലി സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത സ്ഥലമാണ് റോഹ്ത്താങ് പാസ്. മണാലിയില്‍ നിന്നും 51 കി.മീ ദൂരെ, 4934 മീറ്റര്‍ ഉയരത്തിലാണ് റോഹ്ത്താങ് പാസ്സ്. ലാഹുല്‍സ്​പിതി, ലേ എന്നീ ജില്ലകളിലേക്കുള്ള കവാടം ആണ് ഇത്, സദാ വീശിയടിക്കുന്ന തണുത്ത കാറ്റും വളരെ പെട്ടന്ന് മാറുന്ന കാലാവസ്ഥയും ഏതു സമത്തും മഞ്ഞു വീഴാവുന്നതുമായ സ്ഥലമാണ് റോഹത്താങ് പാസ്സ്. ആയതിനാല്‍ സന്ദര്‍ശകര്‍ വൈകുന്നേരത്തിന് മുന്നേ അവിടെ നിന്നും പോരും. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ ഉള്ള യാത്രാ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതും മുകളില്‍ നിന്നുള്ള കാഴ്ച്ച വാക്കുകള്‍ക്ക് അതീതവുമാണ്. ജൂണ്‍ മുതല്‍ നവംബര്‍ പകുതി വരെ മാത്രമേ ടൂറിസ്റ്റുകള്‍ക്ക് അവിടേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു. ബാക്കി മാസങ്ങളില്‍ റോഡ് മഞ്ഞ് മൂടി കിടക്കും.


നഗ്ഗര്‍


ബിയാസ് നദിയുടെ ഇടതു കരയില്‍ മണാലിയില്‍ നിന്നും 24 കി.മീ മാറി, സമുദ്രനിരപ്പില്‍ നിന്നും 5775 അടി ഉയരത്തില്‍ ആണ് നഗ്ഗര്‍. ഏകദേശം 1500 വര്‍ഷത്തോളം കുളു രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്നു നഗ്ഗര്‍. പിന്നീട് തലസ്ഥാനം കുളു താഴ്‌വരയിലേക്ക് മാറി. എന്നാല്‍ ഒരു പഴയ തലസ്ഥാനത്തിന്റെ പകിട്ടോ, പ്രൗഢിയോ തിരക്കോ പോലുമില്ലാത്ത പ്രശാന്തസുന്ദരമായ സ്ഥലമാണ് നഗ്ഗര്‍. നഗ്ഗറിന് ചുറ്റും താഴ്‌വരകളില്‍ നിറയെ കൃഷിയിടങ്ങളാണ്. വിവിധ ഫല വൃക്ഷങ്ങളും കടുക് കൃഷി ചെയ്യുന്ന പാടങ്ങളും പൂത്ത് നില്‍ക്കുന്ന മരങ്ങളും ചേര്‍ന്ന നഗ്ഗര്‍ വര്‍ണാഭമാണ്. നഗ്ഗറിലേക്കുള്ള യാത്ര മുഴുവന്‍ ആപ്പിള്‍ തോട്ടങ്ങളിലൂടെയാണ്. റോഡുകള്‍ക്ക് അതിരിടുന്നത് പൈനും ദേവദാരുവും ഹിമവാന്റെ ഗംഭീരമായ ഉയര്‍ച്ചയും താഴ്‌വരയിലെ വിവിധ കൃഷിയിടങ്ങളിലെ പൂക്കളുടെ വര്‍ണക്കാഴ്ച്ചകളും ചേര്‍ന്നുള്ള വര്‍ണവൈചിത്ര്യം. നഗ്ഗര്‍ താഴ്‌വരയെ ഒരു പെയിന്റിങ് പോലെ സുന്ദരമാക്കുന്നു. മണാലിയുടെയും കുളുവിന്റെയും
തിരക്കില്‍ നിന്നകന്ന് നിശബ്ദതയുടെ സംഗീതം പൊഴിക്കുന്ന സ്ഥലമാണ് നഗ്ഗര്‍.
താഴ്‌വരയെ നോക്കി നില്‍ക്കുന്ന നഗ്ഗര്‍ കൊട്ടാരമാണ് പ്രധാന കാഴ്ച്ച. മൂന്ന് നിലകളിലായി, 1546ല്‍ കല്ലിലും മരത്തിലുമായി പടിഞ്ഞാറന്‍ ഹിമാലയന്‍ ശൈലിയില്‍ പണികഴിപ്പിച്ചതാണീ കൊട്ടാരം. അധികം വലുതല്ലെങ്കിലും തനതു വാസ്തുശൈലിയില്‍ കൂടുതലും മരത്തിലുള്ള കൊത്തുപണികള്‍ ഉള്ളതാണ്. സാധാരണ നാം കാണുന്ന കൊട്ടരങ്ങളില്‍ നിന്നും വിഭിന്നമായി വലിയ എടുപ്പുകളോ ചുറ്റുമതിലോ ഒന്നുമില്ല. കൊട്ടാരം ഇപ്പോള്‍ അത്യാവശ്യം മോടി പിടിപ്പിച്ച് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഒരു ഹോട്ടല്‍ ആക്കിയിരിക്കുകയാണ്. കൂടാതെ ഒരു ചെറിയ മ്യൂസിയവും ഉണ്ട്. കൊട്ടാരത്തില്‍ നിന്നു നോക്കിയാല്‍ നഗ്ഗര്‍ താഴ്‌വരയുടെ ഒരു വിശാലദൃശ്യം കാണാം.

നഗ്ഗറിലെ മറ്റൊരു പ്രധാനപ്പെട്ട സന്ദര്‍ശക കേന്ദ്രം വിശ്വവിഖ്യാത റഷ്യന്‍ ചിത്രകാരന്‍ സ്വത് സ്ലാവ് റോറിച്ചിന്റെ വീടും സ്മാരകവുമാണ്. റോറിച്ച് കുടുംബത്തിലെ പ്രശസ്തരായ രണ്ട് തലമുറക്കാരും ഇന്ത്യയിലെ കലാസാംസ്‌ക്കാരിക പ്രസ്ഥാനങ്ങളുമായും സമുന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത് ഇടപഴകിയിരുന്നു. അവരുടെ വീട് ഇന്ന് റോറിച്ച് സ്മാരകമാണ്.

പ്രശസ്ത റഷ്യന്‍ ചിത്രകാരന്‍, നിക്കോളാസ് റോറിച്ചിന്റെ മകനായി 1904ല്‍ ജനച്ച സ്വത് സ്ലാവ് വാസ്തുകലയില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊത്തു പണിയില്‍ മസാച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം എടുത്തു. 1923ല്‍ ന്യൂയോര്‍ക്കില്‍ ഇന്റര്‍നാഷണല്‍ ആര്‍ട് സെന്റര്‍ സ്ഥാപിച്ച അദ്ദേഹം, 1928 മുതല്‍ ഇന്ത്യയിലെ സാംസ്‌ക്കാരിക രംഗങ്ങളില്‍ ഇടപഴകാന്‍ തുടങ്ങി. അന്നു മുതല്‍ 1995ല്‍ ബാംഗ്ലൂരില്‍ വെച്ച് മരിക്കുന്നത് വരെ ഇന്ത്യയിലെ കലാസാംസ്‌ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചു. വിവാഹം ചെയ്തത് പ്രശസ്തയായ അദ്യകാല സിനിമാനടി ദേവികാറാണിയെയായിരുന്നു. അവര്‍ താമസിച്ചിരുന്ന വീടും പരിസരവും എല്ലാം റോറിച്ച് സ്മാരക ട്രസ്റ്റ് ആണ് ഇപ്പോള്‍ നോക്കിനടത്തുന്നത്. തിരുവനന്തപുരത്തെ ഒരു റോഡിന് റോറിച്ചിന്റെ സ്മാരണയ്ക്കായി അദ്ദേഹത്തിന്റെ പേരാണ് ഇട്ടിരിക്കുന്നത്.

ദേവദാരു വൃക്ഷങ്ങളും പൈന്‍മരങ്ങളും നിറഞ്ഞ ഒരു കുന്നിന്റെ ചെരുവിലാണ് റോറിച്ചിന്റെ ഇരുനില ഭവനം. റോറിച്ചും ദേവികാറാണിയും ഉപയോഗിച്ചിരുന്ന മുറികളില്‍ അവര്‍ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കള്‍ റോറിച്ചിന്റെയും പിതാവിന്റെയും പ്രധാനപ്പെട്ട പെയിന്റിങ്ങുകള്‍ എന്നിവ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. കുറച്ചകലെയായി മറ്റൊരു കെട്ടിടത്തില്‍ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്‌ക്കാരം വിളിച്ചോതുന്ന കലാരൂപങ്ങളുടെയും പെയിന്റിങ്ങുകളുടെയും ഒരു ആര്‍ട്ട് ഗാലറിയും ഉണ്ട്. റോറിച്ചിന്റെ ഭവനത്തില്‍ നിന്നും പുറത്തേക്ക് നോക്കിയാല്‍ മഞ്ഞു മൂടിയ ഹിമാലയ സാനുക്കളുടെയും നഗ്ഗര്‍ താഴ്‌വരയുടെയും സുന്ദരമായി ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും.

മണിഖരന്‍


മണാലിയില്‍ നിന്നും 85 കി.മീ മാറി, പാര്‍വ്വതി നദിയോട് ചേര്‍ന്നാണ് മണിഖരന്‍ സ്ഥിതി ചെയ്യുന്നത്. ബിയാസിന്റെ ഒരു പോഷക നദിയായ പാര്‍വ്വതി നദി ഏകദേശം 90 കി.മീ നീളത്തില്‍ ഒരു വന്‍മതില്‍ പോലെ ഒഴുകുന്നു. മണിഖരനിലേക്കുള്ള യാത്ര മിക്കവാറു ഈ മലനിരകളുടെ ഒരേ ഭാഗത്തു കൂടി തന്നെ, പാര്‍വ്വതി നദിയോട് ചേര്‍ന്നാണ്.

മണിഖരനിലെ പ്രശസ്തി അവിടെയുള്ള ഒരു വലിയ ചൂട് ഉറവയാണ്. പാര്‍വ്വതി നദിക്കരയില്‍, പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് വരുന്ന തിളപ്പിച്ച വെള്ളം മഞ്ഞ് പോലെ തണുത്ത പാര്‍വ്വതി നദിയിലേക്കാണ് വീഴുന്നത്. ഈ ഉറവയോട് ചേര്‍ന്ന് വലിയ ഒരു സിഖ് ഗുരുദ്വാരയുണ്ട്. 1940ല്‍ അവിടെ എത്തിയ സ്വാമി നാരായണ ഹരി സ്ഥാപിച്ചതാണ് ഗുരുദ്വാര. അതിനോട് ചേര്‍ന്ന് വലിയ ഒരു ശിവക്ഷേത്രവും ഉണ്ട്. ചൂട് ഉറവയില്‍ നിന്നുമുള്ള വെള്ള ഒരു ഭാഗത്തു കൂടി ഒഴുകി ശിവക്ഷേത്രത്തിന്റെ മുന്നില്‍ എത്തുന്നു.

ഈ വെള്ളത്തില്‍ അരി കിഴി പോലെ കെട്ടിയിട്ട് അല്‍പ്പം കഴിഞ്ഞ് എടുത്താല്‍ കിട്ടുന്ന വെന്ത ചോറ് ഇവിടുത്തെ നേര്‍ച്ചയായി ആളുകള്‍ ഭക്ഷിക്കുന്നു. അതു പോലെ തന്നെ ഈ വെള്ളത്തില്‍ കുളിക്കുന്നതിനായി. തിളച്ച വെള്ളം സാധാരണ വെള്ളവുമായി ചേര്‍ത്ത് സ്‌നാന ഘട്ടങ്ങളിലേക്ക് ഒഴുകുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം സ്‌നാനഘട്ടങ്ങളുണ്ട്. ഗുരുദ്വാരയുടെ താഴെയായി ഏതാനും മുറികള്‍ പണിതിട്ടുണ്ട്. ഈ മുറികളുടെ തൊട്ട താഴെയാണ് ചൂട് ഉറവ. അതുകൊണ്ട് ഈ മുറികളില്‍ നല്ല ചൂട് ആയിരക്കും. ആ മുറികളില്‍ അല്‍പ്പസമയം ചെലവഴിച്ചാല്‍ തന്നെ വിയര്‍ത്ത് കുളിക്കുകയും പല രോഗങ്ങള്‍ക്കും ശമനം ഉണ്ടാകും എന്നാണ് വിശ്വാസം.

മണിഖരനെ സംബന്ധിച്ച ഐതീഹ്യം ശിവ-പാര്‍വ്വതിമാരുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരിക്കല്‍ പാര്‍വ്വതി ദേവി നദിയില്‍ കുളിക്കുന്ന സമയം കമ്മല്‍ നദിയില്‍ കളഞ്ഞ് പോയെന്നും അത് ഭൂമിയിലൂടെ പാതാളത്ത് ചെന്ന് ശേഷനാഗത്തിന് കിട്ടി എന്നും പറയപ്പെടുന്നു. കമ്മല്‍ കാണാതായ പരമശിവന്‍ ക്രുദ്ധനായി തൃക്കണ്ണ് തുറന്നു. ഭയന്നു വിറച്ച നാഗം കമ്മല്‍ മറ്റ് രത്‌നങ്ങള്‍ക്കൊപ്പം മുകളിലേക്ക് തുപ്പി എന്നുമാണ് കഥ. വിഷം തുപ്പിയത് കൊണ്ടാണ് വെള്ളത്തിന് ഇത്ര ചൂട് അനുഭവപ്പെടുന്നത് എന്നാണ് ഐതീഹ്യം. എന്തായാലും തണുപ്പ് കാലത്ത് പോലും വരുന്ന ചൂട് ഉറവവരുന്നതും ഗുരുദ്വാരയും ശിവക്ഷേത്രവുമെല്ലാം ചൂട് വെള്ളത്തില്‍ നിന്നുയരുന്ന നീരാവിയില്‍ പൊതിഞ്ഞു നില്‍ക്കുന്നതുമായ കാഴ്ച്ച മണിഖരനിലേക്ക് ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

Tags:    yathra, travel, blog, tourismMathrubhumiMatrimonial