goodnews head

കനിവും തേടി ഗുരുക്കന്മാര്‍ കാത്തിരിക്കുന്നു

Posted on: 28 Oct 2007


തിരുവനന്തപുരം: തലമുറകള്‍ക്ക് വഴികാട്ടിയാവാന്‍ നല്ലകാലം വിനിയോഗിച്ച ഗുരുക്കന്മാര്‍.. ജീവിതസാഹചര്യങ്ങളാല്‍ ഇന്നവര്‍ തിരുവനന്തപുരം പേട്ട ഹെര്‍മിറ്റേജിലെ അന്തേവാസികള്‍.
64 നും 95 നും ഇടയില്‍ പ്രായമുള്ള നാല്‍പതോളം അധ്യാപകരാണ് ഇവിടെയുള്ളത്. സ്‌നേഹത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഇവര്‍ക്ക് ആരോടും ഒരു പരിഭവവുമില്ല. ഒരേയൊരു ആവശ്യംമാത്രം. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഒരു വൈദ്യപരിശോധന. ഒരു ഡോക്ടറുടെ സേവനം.
തങ്ങളുടെ വിഭാഗത്തിലുള്ള ഒരാള്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ സേവനം കിട്ടിയേക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ അധ്യാപകര്‍. ഹെര്‍മിറ്റേജിനോടടുത്തുള്ള ജനറല്‍ ആസ്​പത്രിയിലും ആയുര്‍വേദ കോളേജിലും ഇവിടുത്തെ അന്തേവാസികള്‍ക്ക് പ്രത്യേകം പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സൗജന്യ ആംബുലന്‍സ് സര്‍വീസും ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനമൊന്നുമായിട്ടില്ലെന്ന് ഹെര്‍മിറ്റേജ് മാനേജര്‍ എം. സുരേന്ദ്രന്‍ പറഞ്ഞു.
ദേശീയ അധ്യാപക ക്ഷേമനിധി (എന്‍.എഫ്.ടി.ഡബ്ല്യു) യുടെ സഹായത്തോടെ നിരാലംബരായ അധ്യാപകര്‍ക്കായി 2000-ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഈ സ്ഥാപനം തുടങ്ങിയത്. ഇന്ത്യയിലെതന്നെ ആദ്യത്തെ സംരംഭവും. അധ്യാപകദിനമായ സപ്തംബര്‍ അഞ്ചിന് സ്റ്റാമ്പുകള്‍വഴി ശേഖരിക്കുന്ന ഫണ്ടില്‍നിന്നാണ് ഇതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സഹായം ലഭിക്കുന്നത്. ഭക്ഷണത്തിനും മറ്റുമായി ഒരു നിശ്ചിത തുക അന്തേവാസികളില്‍നിന്ന് ഈടാക്കുകയും ചെയ്യുന്നു.
വിവാഹം കഴിക്കാത്ത അധ്യാപകരായ സ്ത്രീകള്‍, പുരുഷന്മാര്‍, മക്കളില്ലാത്തവര്‍, മക്കളുപേക്ഷിച്ചവര്‍, മക്കള്‍ വിദേശത്ത് ചേക്കേറിയവര്‍ തുടങ്ങിയവരാണ് ഇവിടുത്തെ അന്തേവാസികളിലധികവും. വാര്‍ധക്യകാല രോഗങ്ങള്‍ ഇവരെ വല്ലാതെ അലട്ടുന്നുണ്ട്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കാഴ്ചവൈകല്യം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ ധാരാളം. ഇവര്‍ക്ക് ആഴ്ചയിലൊരിക്കലെങ്കിലും മെഡിക്കല്‍ സേവനം അത്യാവശ്യം. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ടവര്‍ക്ക് ഇതു സംബന്ധിച്ച നിവേദനം നല്‍കിയതെന്നും മാനേജര്‍ പറയുന്നു.


 

 




MathrubhumiMatrimonial