TravelBlogue

തുംഗനാഥ്‌

Posted on: 24 Jan 2010

text&photos: കെ.ശിവപ്രസാദ്‌ചതുര്‍ധാം യാത്രയില്‍ ബോണസു പോലെ കിട്ടിയ ഒന്നാണ് തുംഗനാഥ് ദര്‍ശനം. പഞ്ചകേദാരങ്ങളില്‍ തൃതീയ സ്ഥാനമാണ് ഇതിനുള്ളത്. മറ്റുള്ളവ കേദാര്‍നാഥ്, രുദ്രനാഥ്, കല്‍പേശ്വര്‍, മധ്യമഹശ്വേര്‍. കാളരൂപത്തിലുള്ള വിരാട് പ്രകൃതിയായ ശൈവ സങ്കല്‍പ്പമാണിവിടെ. രാവണശില, ചന്ദ്രശില, നാരദശില, ഗരുഡശില, ധര്‍മശില എന്നീ പഞ്ച പര്‍വ്വതശിലകള്‍ക്ക് മധ്യേസ്ഥാനം. സമുദ്രനിരപ്പിന് 12000 അടിയ്ക്കുമേല്‍ ഉയരം.

ഐതീഹ്യം: പത്മപുരാണത്തില്‍ പരാമര്‍ശിക്കുന്നതിങ്ങനെ. സഹോദരഹത്യാപാപ പരിഹാരാര്‍ത്ഥം ശിവനെത്തേടി പഞ്ചപാണ്ഡവര്‍ അലയുന്നു. ഇവരുടെ മുമ്പില്‍ നിന്ന് ഒളിച്ച് ശിവന്‍ കേദാര്‍നാഥിലെത്തി. ഭീമനിത് അറിഞ്ഞു. ഒളിക്കാന്‍ ശ്രമിച്ച കാളയുടെ മുതുകില്‍ ഭീമന് പിടികിട്ടി...

More Photos


ഈ മുതുകാണ് സ്വയം ഭൂശിലയായി കേദാര്‍നാഥില്‍, നാഭി മധ്വമഹേശ്വറിലും കാലുകള്‍ തുംഗനാഥിലും മുഖം രുദ്രനാഥിലും ജഡ കല്‍പേശ്വരിലും.

തുംഗനാഥിലേക്ക് പോകാനുള്ള ബേസ് ക്യാമ്പ് ചോപ്ടയാണ്. ഹരിദ്വാര്‍-ഋഷികേശ്-കേദാര്‍നാഥ് റൂട്ടില്‍ കുണ്ഡ് എന്ന സ്ഥലത്ത് നിന്ന് തിരിഞ്ഞ് ഉഖീമഠ് വഴി ചോപ്ടയിലെത്താം. ബദരീനാഥ് റൂട്ടില്‍ നിന്നാണെങ്കില്‍ ചമോലി-ഗോപേശ്വര്‍ വഴി ചോപ്ടയിലെത്താം. ഉഖീമഠ് നമ്മുടെ മൂന്നാര്‍ പോലുള്ള സ്ഥലമാണ്. ചോപ്ട ഒരു തണുത്ത ഹിമാലയന്‍ ഗ്രാമമാണ്. ചില്ലറ ചായക്കടകളും ഒന്നു രണ്ടു ഗസ്റ്റ് ഹൗസുകളുമേയുള്ളു. ക്ഷേത്രകമാനത്തില്‍ നിന്ന് കല്‍പ്പാത തുടങ്ങുന്നു. നാലോ അഞ്ചോ കിലോമീറ്ററുള്ള യാത്ര ആയസകരവും ഒപ്പം ഒരനുഭൂതിയുമാണ്. കുതിര സവാരിയുമാകാം.

ദേവദാരു മരങ്ങള്‍ക്കു നടുവിലൂടെ പുല്‍മേടുകളിലൂടെ, മലമടക്കുകളിലൂടെ വളഞ്ഞു പുളഞ്ഞുള്ള പാത. അപൂര്‍വ്വമായി ചായമക്കാനികളുണ്ട്. ചൗഖാംബ പര്‍വ്വതനിരകളുടെ അതിമനോഹരമായ കാഴ്ച്ചകള്‍ ചുറ്റും. കോടമഞ്ഞാണ് എപ്പോഴും. മഴ പെയ്‌തേക്കാം.

ചെറിയ ഒരു ഗണപതി ക്ഷേത്രം പിന്നിട്ട് തുംഗനാഥിലെത്തും. തുംഗനാഥ് ക്ഷേത്രം സ്ഥാപിച്ചത് പാണ്ഡവരും പുനര്‍നിര്‍മ്മിച്ചത് ശങ്കരാചാര്യരും. ക്ഷേത്രത്തില്‍ നിന്ന് ആയിരം അടികൂടി കയറിയാല്‍ ചന്ദ്രശില. തെളിഞ്ഞ കാലാവസ്ഥായാണെങ്കില്‍ ഗംഗോത്രി, യമുനോത്രി, സ്വര്‍ഗാരോഹിണി, നീലകണ്ഠപര്‍വ്വതം, തൃശൂല്‍, മാധ്വ മഹേശ്വര്‍ തുടങ്ങിയവ കാണാം. കൈലാസം പോലും കാണാമത്രേ.

വര്‍ഷത്തില്‍ ആറുമാസത്തോളം മഞ്ഞുമൂടി കിടക്കും. ക്ഷേത്രത്തിലെ മുഖ്യ പൂജാരി മഹേശ് ആനന്ദ് മൈഠാണിയെക്കൂടി ദര്‍ശിച്ചില്ലെങ്കില്‍ യാത്ര അപുര്‍ണം. 2009 സപ്തംബറില്‍ ഞാന്‍ കാണുമ്പോള്‍ 94 വയസ്. സംസ്‌കൃത പണ്ഡിതന്‍, ഹിമവാന്റെ വിഭിന്ന ഭാവങ്ങള്‍ മുഖത്ത്. എപ്പോഴും ശിവസ്തുതികള്‍ ഉരുവിട്ടുകൊണ്ടിരിക്കും. ഭക്തര്‍ക്ക് വേണ്ടി പ്രതിഫലേച്ഛയില്ലാതെ പൂജകള്‍ നടത്തും. ഈ പ്രായത്തിലും, താഴെ ചോപ്ടയില്‍ നിന്നും ഇവിടെ വരെ വന്നു പോകും.പഞ്ചകേദാരങ്ങളിലേക്ക് ഒന്നിച്ചൊരുയാത്ര സവിശേഷാനുഭവമാണ്. ഓരോന്നിലേയ്ക്കുമുള്ള യാത്ര വ്യത്യസ്തവും വിസ്മയകരവുമാണ്. മനസ്സിനേയും ശരീരത്തേയും വിമലീകരിക്കും.

Location:
A pilgrim centere in Chamoli District, Utharakhand, India

How to reach:
By Air: Delhi to Jolly Grant, Dehradun (230km)
Rail: Delhi to Rishikesh (215km)
Road: Tunganath can be reached on the Kundgopeshwar road upto Chopta 210km km from Rishikesh. Taxis and buses ply along the route. From Chopta 5km trekking
Stay: At Ukhimat or Dugalbita
Best season: Aug-OctMathrubhumiMatrimonial