goodnews head

ലൈംഗികത്തൊഴിലിനു വിട; ബനസ്‌കന്ദ പുതുജീവിതത്തിലേക്ക്

Posted on: 30 Mar 2008


വാഡിയ:(ഗുജറാത്ത്)നിത്യവൃത്തിക്കായി ലൈംഗികത്തൊഴില്‍ സ്വീകരിക്കേണ്ടിവന്നവര്‍ ജില്ലാഭരണകൂടത്തിന്റെയും സന്നദ്ധസംഘടനകളുടെയും സഹായത്താല്‍ പുതുജീവിതത്തിലേക്ക്...ഗുജറാത്തിലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ ബനസ്‌കന്ദ ജില്ലയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകളാണ് ലൈംഗികത്തൊഴിലിനോട് വിടപറഞ്ഞ് പുതിയ ജീവിതമാര്‍ഗങ്ങള്‍ തേടുന്നത്.

അമീര്‍ഗഢിലെ എം.ജി.പട്ടേല്‍ ട്രസ്റ്റും ജില്ലാഭരണകൂടവും നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വഴി ഇനി ലൈംഗികത്തൊഴിലിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്ത്രീകള്‍. നാനൂറോളം ജനസംഖ്യുള്ള ഈ ഗ്രാമത്തില്‍ 180 സ്ത്രീകളുണ്ട്. ഇവരില്‍ 90 ശതമാനവും വര്‍ഷങ്ങളായി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

മരുപ്രദേശമായ ഇവിടെ കൃഷിചെയ്യാനാകാത്തതിനാല്‍ പുരുഷന്മാര്‍ പലരും അന്യനാടുകളിലേക്ക് പോകുന്നു. ഇതോടെ അതിജീവനത്തിനായി ലൈംഗികത്തൊഴിലിലേര്‍പ്പെടാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഇവരെ പുനരധിവസിപ്പിക്കാനും പുതിയ തൊഴില്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളിലൂടെ ഇവര്‍ ലൈംഗികത്തൊഴിലിനോട് വിടപറഞ്ഞു.

''ദാരിദ്ര്യം ഞങ്ങളെ ലൈംഗികത്തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. ഇപ്പോള്‍ ഒരുവര്‍ഷമായി ഞാന്‍ മറ്റുതൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നു''- പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സഹകരണസംഘത്തിന്റെ പ്രസിഡന്റ് സൂര്യബെന്‍ പറഞ്ഞു. 205 ഏക്കര്‍ സ്ഥലമാണ് ഗ്രാമീണര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചുനല്കിയത്. പശുവളര്‍ത്തലിനും മറ്റുതൊഴില്‍ സംരംഭങ്ങള്‍ക്കുമായി സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എഴുപത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിന് 60,000 രൂപവീതം അനുവദിച്ചു. ലൈംഗികത്തൊഴില്‍ ഉപേക്ഷിച്ച ഒരു സ്ത്രീക്ക് മില്‍ സ്ഥാപിക്കാന്‍ 36,000 രൂപവീതം നല്കി. പുനരധിവാസ പദ്ധതിപ്രകാരം എല്ലാ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്കിയതോടെ, ഇനി ലൈംഗികത്തൊഴിലിനില്ല എന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഇവിടത്തെ സ്ത്രീകള്‍.

 

 




MathrubhumiMatrimonial