xmas ravu

ദൈവസ്നേഹത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍

Posted on: 21 Dec 2009


ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി അഡ്മിനിസ്‌ട്രേറ്റര്‍, വരാപ്പുഴ അതിരൂപത



ഒരിക്കല്‍ക്കൂടി ക്രിസ്മസ് ആഘോഷിക്കാന്‍ നാം ഒരുങ്ങുന്നു. ക്രിസ്മസ് ആഘോഷം നമ്മെ ഓരോരുത്തരെയും ദൈവസ്നേഹത്തെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന ആഴമുള്ള അവബോധം നമ്മുടെ ജീവിതത്തില്‍ ഉത്സാഹവും സന്തോഷവും പ്രദാനംചെയ്യും. നിരാശയുടെയും സങ്കടങ്ങളുടെയും പ്രശ്‌നങ്ങളുടെയും നടുവില്‍ നമ്മെ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചാണ് നാം ധ്യാനിക്കേണ്ടതും ചിന്തിക്കേണ്ടതും. അന്ധകാരത്തില്‍ ജീവിച്ച ജനതയ്ക്ക് യേശുവിന്റെ ജനനം പ്രകാശമായിത്തീര്‍ന്നതുപോലെ നിരാശയില്‍ കഴിയുന്ന നമ്മില്‍ പലരെയും പ്രത്യാശയിലേക്ക് നയിക്കാന്‍ ക്രിസ്മസിന് സാധിക്കും. 'രോഗഗ്രസ്തമായ നമ്മുടെ പ്രകൃതിക്ക് വൈദ്യനെ ആവശ്യമായിരുന്നു, അധഃപതിച്ച മനുഷ്യന് സമുദ്ധാരകനെ വേണമായിരുന്നു. മൃതനായവന് ജീവദായകനെ ആവശ്യമായിരുന്നു. നമ്മുടെ ഭാഗഭാഗിത്വം നഷ്ടപ്പെട്ടവന് അത് തിരികെ കൊടുക്കുന്നവനെ ആവശ്യമായിരുന്നു. ഇരുട്ടില്‍ അടയ്ക്കപ്പെട്ടിരുന്നവന് വെളിച്ചത്തിന്റെ സാന്നിധ്യം ആവശ്യമായിരുന്നു. ബന്ധനസ്ഥന്‍ രക്ഷകനെ അന്വേഷിക്കുന്നു, കാരാഗൃഹവാസി സഹായകനെ തേടുന്നു; അടിമത്തത്തിന്റെ നുകം വഹിക്കുന്നവരായ നമ്മള്‍ വിമോചകനെ കാത്തിരിക്കുന്നു'. അതുകൊണ്ട് ദൈവം മനുഷ്യനായി പിറന്നു എന്ന് സഭാപിതാവായ നീസായിലെ വിശുദ്ധ ഗ്രിഗറി പഠിപ്പിച്ചത് എത്രയോ ശരിയാണ്. പാപത്തില്‍ അധഃപതിച്ചതുകൊണ്ട് ദുരന്തക്ലേശങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ പ്രവാചകന്മാരിലൂടെ ദൈവം വാഗ്ദാനംചെയ്ത രക്ഷകനെ പ്രതീക്ഷിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഒടുവില്‍ ദൈവം മനുഷ്യനായി ലോകത്തില്‍ അവതരിച്ചു. മനുഷ്യന്റെ പ്രതീക്ഷകളെ അതിശയിപ്പിക്കുന്ന രീതിയിലാണ് ദൈവത്തിന്റെ വാഗ്ദാനപൂര്‍ത്തീകരണം നടന്നത്.

കാലിത്തൊഴുത്തില്‍, ഏറ്റവും ദരിദ്രമായ കുടുംബത്തിലാണ് ദൈവത്തിന്റെ പുത്രന്‍ ജനിച്ചത്. സാധാരണക്കാരും പാവപ്പെട്ടവരുമായ ആട്ടിടയന്മാരായിരുന്നു ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ ആദ്യസാക്ഷികള്‍. ആദ്യത്തെ ക്രിസ്മസ് രാവില്‍ എളിമയുടെയും ദാരിദ്ര്യത്തിന്റെയും മധ്യേ സ്വര്‍ഗീയ മഹിമ പ്രകാശിതമായി. ദൈവം ഒരു മനുഷ്യശിശുവായി ചെറുതായ മഹാസംഭവത്തിന്റെ ഓര്‍മ്മകൂടിയാണ് ക്രിസ്മസ്. ദൈവവുമായി ബന്ധം സ്ഥാപിക്കാനും ദൈവരാജ്യത്തില്‍ പ്രവേശിക്കാനുള്ള അടിസ്ഥാനവ്യവസ്ഥയായി യേശുനാഥന്‍ പഠിപ്പിക്കുന്നതും ശിശുക്കളെപ്പോലെ ആയിത്തീരുക എന്നതാണ്. ശിശുക്കളെപ്പോലെ ആയിത്തീരുന്നതിന്, നാം നമ്മെത്തന്നെ വിനീതരാക്കണം, ചെറിയവരായിത്തീരണം. മാത്രമല്ല , ദൈവമക്കളായിത്തീരുന്നതിന് നാം വീണ്ടും ജനിക്കണം. ക്രിസ്തു നമ്മില്‍ രൂപപ്പെടുമ്പോഴാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ ദിവ്യരഹസ്യം നമ്മില്‍ ഓരോരുത്തരിലും നിറവേറുന്നത്. അത്ഭുതാവഹമായ ഈ രൂപാന്തരത്തിന്റെ ദിവ്യരഹസ്യമാണ് തിരുപ്പിറവി. ദൈവത്തിന്റെ മനുഷ്യാവതാരമായ ക്രിസ്മസ് ആഘോഷിക്കാന്‍ നാം ഒരുങ്ങുമ്പോള്‍ ഈ രൂപാന്തരീകരണം നമ്മില്‍ സംഭവിക്കട്ടെ. യഥാര്‍ത്ഥമായ ചൈതന്യത്തോടും അരൂപിയോടും ക്രിസ്മസ് ആഘോഷിക്കാന്‍ നമ്മെ ഏവരേയും സര്‍വ്വശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.



MathrubhumiMatrimonial